ഖത്വര്‍: സഊദി സഖ്യം ചര്‍ച്ചക്ക് വഴങ്ങുന്നു

Posted on: July 19, 2017 11:08 pm | Last updated: July 19, 2017 at 11:08 pm
SHARE

ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ഖത്വര്‍ ആറു പെരുമാറ്റച്ചട്ടങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യവുമായി സഊദി സഖ്യം രംഗത്തു വന്നു. ഉന്നയിച്ച ഉത്കണ്ഠകളിന്‍മേല്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി ചര്‍ച്ചയാകാമെന്ന സൂചനയും സഊദി നല്‍കി. ഒന്നര മാസത്തോളമായി തുടരുന്ന ഖത്വര്‍ ഉപരോധ പ്രശ്‌നം പരിഹാരിക്കുന്നതിനായി ചര്‍ച്ചകള്‍ക്കും വിട്ടു വീഴ്ചകള്‍ക്കും സഊദി സഖ്യം വഴങ്ങുന്നതിന്റെ സൂചനയാണ് പുതിയ ഉപാധികളെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയിലെ സഊദി സ്ഥാനപതി അബ്ദുല്ല അല്‍ മുഅല്ലമിയാണ് യു എന്‍ പ്രതിനിധി സംഘത്തിനു മുന്നില്‍ ആറ് തത്വങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടാണ് തങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് അറിയിച്ചത്. ജുലൈ അഞ്ചിന് കെയ്‌റോയില്‍ ചേര്‍ന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായതെന്നു വെളിപ്പെടുത്തിയ അദ്ദേഹം ഖത്വര്‍ ഈ ആശയത്തെ പിന്തുണക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. സഊദി സഖ്യം ആറു നിബന്ധനകള്‍ മുന്നോട്ടുവെച്ചുവെന്ന വാര്‍ത്ത അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് പ്രതിസന്ധി സംബന്ധിച്ച് സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ ഉപരോധ രാജ്യങ്ങളുടെ പ്രതിനിധികളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ നിലപാടിലും പ്രവര്‍ത്തിനത്തിലും കേന്ദ്രീകരിക്കുന്നതാണ് ആറു കാര്യങ്ങള്‍. ഭീകര സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും അവര്‍ക്ക് സംരക്ഷണം നല്‍കുന്നതും ഇല്ലാതാക്കണം. പ്രകോപനങ്ങളില്‍ നിന്നും വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്ന സംഭാഷണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെടുന്നു. ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക ഖത്വറിന് എളുപ്പമായിരിക്കുമെന്നു കരുതുന്നതായി അബ്ദുല്ല അല്‍ മുഅല്ലമി പറഞ്ഞു.
ആറു ആശയങ്ങള്‍ നടപ്പിലാക്കുകുയും പാലിക്കപ്പെടുന്നുവെന്ന് നിരീക്ഷിക്കുകയും വേണം. അതില്‍ പിന്നീട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അതേസമയം, ആശയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തന്ത്രങ്ങളും ഉപായങ്ങളും സംബന്ധിച്ച് കൂട്ടായി ചര്‍ച്ച ചെച്ചാം. ചര്‍ച്ചകളിലൂടെ രമ്യതയിലെത്താമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ മുന്നോട്ടു വെച്ച 13 ഉപാധികള്‍ പുതിയ തത്വങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ചല ഉപായങ്ങള്‍ അനുസൃതമാക്കേണ്ടതുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here