Connect with us

Gulf

രണ്ട് പതിറ്റാണ്ട് ഖോര്‍ഫുകാനില്‍; ശംസുദ്ദീന്‍ മാസ്റ്റര്‍ മടങ്ങുന്നു

Published

|

Last Updated

ഖോര്‍ഫുകാന്‍: ഇരുപത് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം കല്‍പകഞ്ചേരി പാറമ്മലങ്ങാടി സ്വദേശി ആച്ചത്ത് ശംസുദ്ദീന്‍ നാടണയുന്നു. അധ്യാപകനാവുക എന്ന ആഗ്രഹത്തിലാണ് 1997 മെയ് ആറിന് ഇവിടെ എത്തിയതെങ്കിലും അന്നത്തെ സാഹചര്യത്തില്‍ അതിന് സാധിച്ചില്ല.

ഖോര്‍ഫുകാനിലെ സാജിദ ട്രേഡിംഗിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. സാജിദയിലെ സേവന വേളയില്‍ അറബി ഭാഷ സംസാരിക്കാനും ബിസിനസിലെ നല്ല പാഠങ്ങള്‍ മനസിലാക്കാനും ഒപ്പം സ്വദേശികളും വിദേശികളുമായി വ്യക്തിബന്ധങ്ങളുണ്ടാക്കാനും സാധിച്ചു.
ഒരു അധ്യാപകനാവുക എന്ന ജീവിതാഭിലാഷം സാജിദയിലെ ജോലിക്കാലത്തും ഉപേക്ഷിച്ചില്ല. അതിന്റെ പൂര്‍ത്തീകരണമെന്നോണം 2006ല്‍ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്‌കൂള്‍ ഖോര്‍ഫുകാന്‍ അധ്യാപകനായി സേവനം തുടങ്ങി.
ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ-സാമ്പത്തിക ശാസ്ത്ര ബാല പാഠങ്ങള്‍ പകര്‍ന്നു നല്‍കാനായതും ഭാഷ, ദേശ അതിര്‍ വരമ്പുകളില്ലാതെ വിദ്യാര്‍ഥികളുമായി ഇടപഴകുന്നതിലൂടെ അന്തര്‍ദേശീയമായ ഒരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ സഹായകരമായതും 10 വര്‍ഷത്തെ അധ്യാപന ജീവിത്തിലെ നാഴികക്കല്ലായി കാണുന്നുവെന്ന് ശംസുദ്ദീന്‍ പറഞ്ഞു.

പ്രവാസ സ്വപ്‌നമേറി ഉരുവിലും മറ്റും കയറി വന്നവര്‍ക്ക് സന്തോഷത്തിന്റെ തീരം നല്‍കിയ ഖോര്‍ഫുകാന്റെ ഗ്രാമീണതയില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്കുള്ള വളര്‍ച്ചയും രാജ്യത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും നേരില്‍ ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി.

ഈ കാലയളവില്‍ ദീനി, പ്രാസ്ഥാനിക രംഗത്ത് പ്രവര്‍ത്തിക്കാനായതും ഐ സി എഫ് ഖോര്‍ഫുകാന്‍ യൂണിറ്റ് സാരഥിയായതോടെ നിരവധി ആത്മ സുഹൃത്തുക്കളെ ലഭിച്ചതും വലിയ നേട്ടമായി അദ്ദേഹം സ്മരിച്ചു.
ശിഷ്ടകാലം നാട്ടില്‍ ദീനീ സേവന രംഗത്ത് പ്രവര്‍ത്തിക്കാനാണ് ശംസുദ്ദീന്‍ മാസ്റ്റര്‍ ഉദ്ദേശിക്കുന്നത്. വിവരങ്ങള്‍ക്ക് 055-4855254.

Latest