Connect with us

National

പനിമരണം: കേരളത്തില്‍ റെക്കോര്‍ഡെന്ന് കേന്ദ്രം

Published

|

Last Updated

പാലക്കാട്: പനിമരണത്തില്‍ റെക്കാര്‍ഡുമായി സംസ്ഥാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പനി മരണം കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ പനി മരണം മുന്നൂറിലേറെ കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ പേരാണ് ഈ വര്‍ഷം മരിച്ചത്. 2016ല്‍ 99 പേരായിരുന്നു പകര്‍ച്ചവ്യാധികള്‍ ബാധിതരായി മരിച്ചത്. 2015ല്‍ 164 പേരുടെ മരണത്തിന് പനി കാരണമായി.

8,053 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മാത്രം 79 പേര്‍ മരിച്ചു. 2013ലും 2015ലും 29 പേര്‍ വീതവും 2014ലും 2016ലും 13 പേര്‍ വീതവും മാത്രമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. എച്ച് 1 എന്‍ 1 കാരണം 56 പേര്‍ മരിച്ചു. ഒന്‍പത് പേര്‍ മരിച്ചത് എലിപ്പനി ബാധിച്ചാണ്. മലേറിയയും മഞ്ഞപ്പിത്തവും ചിക്കന്‍ പോക്‌സും വയറിളക്കം തുടങ്ങിയ രോഗങ്ങളും പടരുന്നത് ആശങ്ക പരത്തുന്നു.

പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം നടന്ന ബംഗാളില്‍ ഇത്തവണ 287 പേര്‍ക്ക് മാത്രമാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തത്. പനിമൂലം ഇതുവരെയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം 15,033 പേര്‍ക്ക് ഡെങ്കി ബാധിച്ച് 42 പേര്‍ മരിച്ച ഉത്തര്‍പ്രദേശില്‍ ഇത്തവണ ഡെങ്കി ബാധിതര്‍ 44 ഉം മരണം ഒന്നുമാണ്. കേരളത്തേക്കാള്‍ ശുചിത്വക്കുറവും മാലിന്യം കൂടുതലുള്ള മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങി പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ശുചിത്വത്തിന് പെരുമ അവകാശപ്പെടുന്ന കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ ഒരു പരിധിവരെ വിജയിച്ചെങ്കിലും സംസ്ഥാനത്ത് ആരോഗ്യവകുപ്പും സര്‍ക്കാറും പരാജയപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. പനി നിയന്ത്രിക്കാനും കൊതുകിനെ തുരത്താനും മാലിന്യം നീക്കാനും മുഖ്യമന്ത്രിതലം മുതല്‍ പഞ്ചായത്ത് തലം വരെ യോഗങ്ങള്‍ നിരവധി നടന്നെങ്കിലും തുടര്‍നടപടികള്‍ കാര്യക്ഷമമല്ലാത്തതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.

പനി നിയന്ത്രിക്കാന്‍ കഴിയാത്തതിന് വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും മുതല്‍ മറ്റ് വകുപ്പുകളുടെ പിഴവുകള്‍ വരെ ഉണ്ടെന്ന പഴിചാരല്‍ മാത്രമാണ് നടക്കുന്നതെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.