പൊതുസമൂഹത്തിന്റെ പിന്തുണ നഴ്‌സുമാര്‍ക്കൊപ്പമാണ്: ചെന്നിത്തല

  • വ്യാഴ്ചക്കുള്ളില്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത ദിവസം പ്രതിപക്ഷം സമരം ഏറ്റെടുക്കും.
  • നഴ്‌സുമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണ്
Posted on: July 18, 2017 2:25 pm | Last updated: July 18, 2017 at 6:21 pm

തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഈ മാസം 20ന് മുന്‍പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിപക്ഷം നഴ്‌സുമാരുടെ സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വിഷയത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണ നഴ്‌സുമാര്‍ക്ക് ഒപ്പമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

നേഴ്‌സുമാരുടെ സമരം നീട്ടികൊണ്ടു പോകാനുള്ള സര്‍ക്കാര്‍ശ്രമം തീകൊണ്ടുള്ള കളിയാണ്. പൊതു സമൂഹത്തിന്റെ പിന്തുണയും പ്രാര്‍ത്ഥനയും വെള്ളവസ്ത്രമണിഞ്ഞ ഈ നേഴ്‌സ്മാരോടൊപ്പമാണ്.സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു യൂത്ത് കോണ്‍ഗ്രസ് ഇന്ന് ഉപവസിക്കുകയാണ് .
പിന്തുണയുമായി പലവട്ടം ഞാന്‍ ഈ നേഴ്‌സുമാരുടെ പന്തലില്‍ എത്തി. ഈ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് നല്‍കുന്ന ഡെഡ്‌ലൈന്‍ ആണ് ജൂലൈ 20. ഈ ദിവസത്തിനുള്ളില്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത ദിവസം പ്രതിപക്ഷം സമരം ഏറ്റെടുത്തിരിക്കും.