Connect with us

International

അഫ്ഗാനിലെ കൂട്ടക്കുരുതി: യു എന്നിന് കടുത്ത ആശങ്ക

Published

|

Last Updated

കാബൂള്‍/ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷത്തെ ആദ്യമാസങ്ങളില്‍ കൊല്ലപ്പെട്ടത് 1,662 പേര്‍. 3,500 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. താലിബാന്‍, ഇസില്‍, യു എസ്-നാറ്റോ സൈനികരുടെ ആക്രമണങ്ങളില്‍ ആദ്യത്തെ നാല് മാസത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ യു എന്‍ ദൗത്യ സംഘമാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കുറിയുണ്ടായിരിക്കുന്നത്.
സാധാരണക്കാര്‍ വ്യാപകമായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ യു എന്‍ കനത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം കൊല്ലപ്പെട്ടവരില്‍ 40 ശതമാനവും താലിബാന്‍, ഇസില്‍ തുടങ്ങിയ സര്‍ക്കാര്‍വിരുദ്ധരുടെ ആക്രമണത്തിന്റെ ഇരകളാണ്. ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന.

കാബൂള്‍ മെയിലുണ്ടായ ആക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ തലസ്ഥാനത്ത് ആക്രമണങ്ങളെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 20 ശതമാനത്തോളം വര്‍ധിച്ചു. കാബൂളില്‍ ഇത്തരമൊരു ആക്രമണവും ഇതാദ്യമായിരുന്നു.
ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ 174 സ്ത്രീകളും 436 കുട്ടികളുമാണ് വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വര്‍ധന സ്ത്രീകളുടെ മരണത്തിലും ഒമ്പത് ശതമാനത്തിന്റെ വര്‍ധന കുട്ടികളുടെ അകാലമരണത്തിലും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ യു എസ് സൈന്യം നടത്തുന്ന വ്യോമാക്രമണത്തില്‍ 43 ശതമാനത്തിന്റെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താലിബാന്‍, ഇസില്‍ തീവ്രവാദികള്‍ക്കെതിരെന്ന പേരില്‍ നടക്കുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ നല്ലൊരു ശതമാനവും സാധാരണക്കാരാണ്. അഫ്ഗാനിസ്ഥാനില്‍ 2009 മുതല്‍ 26,500 സാധാരണക്കാര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ക്രൂരമായ യുദ്ധത്തില്‍ കൊല്ലപ്പെടുന്നവര്‍, പരുക്കേല്‍ക്കുന്നവര്‍, വ്യാപക നാശനഷ്ടം എന്നിങ്ങനെയുള്ള വിപത്ത് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഫ്ഗാനിസ്ഥാനിലെ യു എന്‍ പ്രത്യേക പ്രതിനിധി തഡാമിചി യാമാമോടോ വ്യക്തമാക്കി. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന നിമയവിരുദ്ധ സ്‌ഫോടകവസ്തുക്കളുടെ അതിപ്രസരം അടിയന്തരമായി നിയന്ത്രിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ നല്ലൊരു ശതമാനവും അതീവ സുരക്ഷാ കേന്ദ്രങ്ങളിലും സൈനിക, പോലീസ് ആസ്ഥാനങ്ങളിലുമാണ് നടന്നത്. സൈന്യത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും ഗുരുതരമായ പാളിച്ചയാണ് ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നതിന് പിന്നിലുള്ള കാരണമെന്ന ആരോപണം വ്യാപകമായിരുന്നു. ആക്രമണങ്ങള്‍ പെരുകുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭവും നടന്നിരുന്നു.

Latest