Connect with us

Editorial

വ്യാജ ഏറ്റുമുട്ടലുകളും കോടതി ഇടപെടലും

Published

|

Last Updated

മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച കേസുകളില്‍ കോടതികള്‍ പലപ്പോഴും ഇടപെട്ടതാണ്. ബഹുഭൂരിഭാഗം കേസുകളിലും നിരപരാധികളാണ് സൈന്യത്തിന്റെ തോക്കിനിരയാകുന്നതെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പാള്‍ ഇത്തരം കേസുകളില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഹൈക്കോടതികളുടെയും പരിഗണനയിലുള്ള 95 മരണങ്ങളെക്കുറിച്ചു അന്വേഷണം നടത്താന്‍ സി ബി ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. ഈ വര്‍ഷം ഡിസംബര്‍ 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അന്വേഷണ സംഘത്തിന്റെ വിശദാംശങ്ങള്‍ രണ്ടാഴ്ചക്കകം സി ബി ഐ ഡയറക്ടര്‍ കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവടങ്ങിയ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. അന്വേഷണ സംഘത്തിന് എല്ലാ സഹായവും നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദികളെയും തീവ്രവാദികളെയും നേരിടാനെന്ന പേരില്‍ സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരത്തിന്റെ മറവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും സൈന്യം കടുത്ത അതിക്രമം കാണിക്കുന്നതായി വ്യാപക പരാതിയുണ്ട്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും പരിശോധന നടത്താനും ബലാല്‍ക്കാരം പ്രയോഗിക്കാനും സൈന്യത്തിന് അനുമതി നല്‍കുന്ന ഈ നിയമം സാധാരണക്കാരെ അകാരണമായി കൊന്നൊടുക്കുന്നതിനുള്ള ലൈസന്‍സായി മാറുകയാണ്. കേവല സംശയത്തിന്റെ പേരില്‍ നിരപരാധികളെ പിടികൂടി വധിച്ച ശേഷം ഏറ്റുമുട്ടല്‍ കൊലകളായി ചിത്രീകരിക്കുകയും ഇരകളെ തീവ്രവാദികളായി മുദ്രകുത്തുകയുമാണ് പതിവ്. ഇരകള്‍ കസ്റ്റഡിയിലിരിക്കെ അവരെ ശാരീരികമായി പീഡിപ്പിച്ച ശേഷമാണ് മിക്ക കൊലകളും നടക്കുന്നത്. മണിപ്പൂരില്‍ നടന്ന ഇത്തരം സംഭവങ്ങളിലൊന്നും സംസ്ഥാന പൊലീസ് എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ല. വധിക്കപ്പെട്ട പലര്‍ക്കും പിറകില്‍ നിന്നാണ് വെടിയേറ്റതെന്നത് ഏറ്റുമുട്ടല്‍ കൊലകളെന്ന ഔദ്യോഗിക വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്. കോടതി തന്നെ ഈ വൈരുധ്യം ചൂണ്ടിക്കാട്ടിയതുമാണ്. വെറും സംശയത്തിന്റെ പേരില്‍ സൈന്യത്തിന് വധിക്കാനുള്ള അധികാരം കൈവരുന്നത് ജനാധിപത്യം അപകടത്തിലാക്കുമെന്നാണ് 2016 ജൂലൈയില്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചത്്. സൈന്യത്തിന്റെ പുകയുന്ന തോക്കുകള്‍ ജൂഡീഷ്യറിയുടെ നിരീക്ഷണത്തില്‍ വരേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

വ്യാജ ഏറ്റുമുട്ടലുള്‍പ്പെടെ അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കാന്‍ സൈന്യത്തിന് സ്വന്തമായ സംവിധാനമുണ്ടെങ്കിലും ഫലപ്രദമല്ല. ഒരു മേജര്‍ ജനറലും രണ്ട് ബ്രിഗേഡിയര്‍മാരും അടങ്ങുന്ന സൈനിക കോടതിയില്‍ വരുന്ന കേസുകളില്‍ കുറ്റം തെളിഞ്ഞാല്‍ തന്നെ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വിധിച്ചു കേസ് തീര്‍പ്പാക്കുന്നതിനപ്പുറം അക്രമികളായ സൈനികരെ പ്രോസിക്യൂഷന് വിധേയമാക്കിയ സംഭവങ്ങള്‍ തുലോം വിരളമാണ്. കേസുകളുടെ വിചാരണാ വേളയില്‍ നിരപരാധികളെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയാകുന്ന മറ്റു സൈനികരും പോലീസുകാരും ഉന്നതങ്ങളില്‍ നിന്നുള്ള പീഡനം ഭയന്ന് സാക്ഷിമൊഴി നല്‍കാനും വിസമ്മതിക്കുകയാണ്. ഏറ്റുമുട്ടലുകള്‍ മരണങ്ങളെക്കുറിച്ചു അന്വേഷണം നേരിടേണ്ടി വരുന്നത് സൈന്യത്തിന്റെ ആത്മവീര്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രശ്‌നത്തില്‍ കോടതികള്‍ ഇടപെടുന്നതിനെ തടസ്സപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നു. സര്‍ക്കാറിന്റെ ഇത്തരം തടസ്സവാദങ്ങളെ അവഗണിച്ചു കോടതികള്‍ ഇരകളുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത് കൊണ്ടാണ് ചിലപ്പോഴെങ്കിലും കേസുകളില്‍ അന്വേഷണം നടക്കുന്നതും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതിലഭിക്കുന്നതും.

ഓരോ പൗരനും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്നുണ്ട്. ഈ മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ് സൈന്യവും നിയമപാലകരും നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യജീവന്റെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ ആധാരമാക്കി, ജനാധിപത്യ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറുന്നുവെന്നത് കോടതികളെങ്കിലും ഗൗരവത്തോടെ കാണുന്നുവെന്നത് ആശ്വാസകരമാണ്. പരമോന്നത കോടതി നിര്‍ദേശിച്ച പോലെ മണിപ്പൂരിലെ കൊലകളെക്കുറിച്ചു സത്യസന്ധമായ അന്വേഷണം നടക്കുന്നതോടൊപ്പം കശ്മീരില്‍ നടക്കുന്ന സൈനിക അതിക്രമങ്ങളെക്കുറിച്ചും വിദഗ്ധ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിലേക്കും നീതിന്യായ വ്യവസ്ഥയുടെ ശ്രദ്ധപതിയേണ്ടതുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്ത് ഒരു തുടര്‍ക്കഥയാകുന്ന ദുരവസ്ഥക്ക് അറുതി വരുത്തുന്നതില്‍ ഭരണകൂടങ്ങള്‍ വിമുഖത കാണിക്കുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് കോടതികളിലാണ്. സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരം പിന്‍വലിക്കുകയാണ് ഇതിന് പ്രായോഗിക പരിഹാരം.

Latest