പ്രവാസി വോട്ടവകാശം; കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം

Posted on: July 17, 2017 6:15 pm | Last updated: July 27, 2017 at 7:47 pm

ദുബൈ: പ്രവാസി വോട്ടവകാശം ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയ സ്ഥിതിക്ക് ഇനിയെങ്കിലും ആവശ്യമായ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യു എ ഇ. കെ എം സി സി ആവശ്യപ്പെട്ടു.

സൈനികര്‍ക്ക് എവിടെയായിരുന്നാലും പോസ്റ്റല്‍ വോട്ടിംഗിലൂടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇപ്പോള്‍ തന്നെ അവസരമുണ്ട്. വിദേശ നാണ്യം നേടിത്തരിക വഴി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് എന്നും താങ്ങായി നില്‍ക്കുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടിംഗ് അധികാരം നിഷേധിക്കുന്നതിനെതിരെ കോടതിയുടെ താക്കീത് ശുഭ സൂചകമാണ്. ഇടതുമുന്നണി അധികാരത്തില്‍ വന്നതിനു ശേഷം നോര്‍ക്ക റൂട്ട്‌സിന്റെയും പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കയാണെന്നും എന്‍ ആര്‍ ഐ കമ്മീഷന്‍ മരവിപ്പിച്ചെന്നും കെ എം സി സി ആരോപിച്ചു.

സീസണുകളില്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പെടുത്തി ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പില്‍ നിന്നു ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി, വകുപ്പു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം ഡല്‍ഹിയില്‍ പ്രസ്താവന നടത്തിയിരുന്നു. അത് പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല കഴുത്തറുപ്പന്‍ നിരക്കുമായാണ് ഇത്തവണയും പ്രവാസികള്‍ അവധിക്ക് നാട്ടിലേക്ക് പോയത്. ഡോ. പുത്തുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം എളേറ്റില്‍ സ്വാഗതം പറഞ്ഞു. നിസാര്‍ തളങ്കര, ഹസൈനാര്‍ ഹാജി എടച്ചാക്കൈ, അബു ചിറക്കല്‍, മുസ്തഫ മുട്ടുങ്ങല്‍, സൂപ്പി പാതിരിപ്പറ്റ സംസാരിച്ചു.