അമേരിക്കയിലെ മുസ്‌ലിം വിലക്ക്: ജില്ലാ കോടതിക്കെതിരെ ട്രംപ് സുപ്രീം കോടതിയില്‍

Posted on: July 16, 2017 6:06 am | Last updated: July 16, 2017 at 11:13 am

വാഷിംഗ്ടണ്‍: മാനുഷികവിരുദ്ധവും പക്ഷാപാതപരവുമായ ട്രംപിന്റെ മുസ്‌ലിം യാത്രാ വിലക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അമേരിക്കയില്‍ കഴിയുന്ന വിദേശികളിലെ മുഴുവന്‍ ബന്ധുക്കള്‍ക്കും വിവേചനമില്ലാതെ അമേരിക്കയിലേക്ക് വരാനുള്ള അനുമതി നല്‍കണമെന്ന ഹവായി ജില്ലാ കോടതി വിധിക്കെതിരെയാണ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്.

ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് വരാനുള്ള അനുമതി നിരുപാധികം വിലക്കിയ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ ഫെഡറല്‍ കോടതി വിധിക്കെതിരെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിലക്ക് ഭാഗികമായി പുനഃസ്ഥാപിച്ചായിരുന്നു ഈ വിധി. ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ പൗരന്മാര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്താന്‍ പറ്റില്ലെന്നും അമേരിക്കയില്‍ ഉറ്റവരുള്ളവരെ ഇതില്‍ നിന്നൊഴിവാക്കണമെന്നും സുപ്രിം കോടതി ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രീം കോടതി വിധിയിലെ ഉറ്റബന്ധുക്കളില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ്, സഹോദരന്‍മാര്‍, സഹോദരിമാര്‍ എന്നിവരെ ഉള്‍പ്പെടുകയുള്ളുവെന്ന് വിശദീകരിച്ച സര്‍ക്കാറിനെതിരെയായിരുന്നു ജില്ലാ കോടതിയുടെ ഉത്തരവ്. മുത്തച്ഛനും അമ്മാവനും അമ്മായും ഉള്‍പ്പെടുന്ന ബന്ധുക്കളെല്ലാവരും ഇതില്‍ ഉള്‍പ്പെടുമെന്നായിരുന്നു കോടതി വിധി.
ട്രംപിന്റെ യാത്രാ വിലക്കിനെ ചോദ്യം ചെയ്യുന്ന ജില്ലാ കോടതി വിധി റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് യു എസ് നീതിന്യായ വിഭാഗം ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ വിധിയില്‍ മുത്തച്ഛന്‍, മരുമക്കള്‍, അളിയന്‍, ഭാര്യാസഹോദരി, അമ്മാവന്‍, അമ്മായി എന്നിവരെല്ലാം ഉള്‍പ്പെടുമെന്നാണ് ഹവായി ജഡ്ജി ഡെറിക് വാട്‌സണ്‍ ഉത്തരവിട്ടിരുന്നത്. ഇത്തരം വിലക്കുകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഹവായി ജില്ലാ ജഡ്ജിയുടെ വിധി അമേരിക്കയിലാകമാനം പ്രത്യാഘാതമുണ്ടാക്കുമെന്നും സംസ്ഥാനത്താകമാനം ബാധകമാകാനും സാധ്യതയുണ്ടെന്നും് നിയമവിദഗ്ധരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയുന്നു.