Connect with us

International

മസ്ജിദുല്‍ അഖ്‌സ അടച്ച് ഇസ്‌റാഈല്‍ പ്രകോപനം

Published

|

Last Updated

ജറൂസലം: മതപണ്ഡിതന്മാരെയും വിശ്വാസികളെയും വെല്ലുവിളിച്ച് അല്‍ അഖ്‌സ മസ്ജിദ് തുറക്കാന്‍ തയ്യാറാകാതെ ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം പള്ളിയങ്കണത്തിലുണ്ടായ ആക്രമണത്തിന്റെ പേരിലാണ് അനിശ്ചിതകാലത്തേക്ക് അധികൃതര്‍ പള്ളി അടച്ചിട്ടത്.

വിശ്വാസികളെ ഏറെ വിഷമത്തിലാക്കിയ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിസ്‌കരിക്കാനും പുണ്യകേന്ദ്രം കൂടിയായ പള്ളി സന്ദര്‍ശിക്കാനുമായി മസ്ജിദുല്‍ അഖ്‌സയിലെത്തിയ പണ്ഡിതന്മാരെയും വിശ്വാസികളെയും ഇസ്‌റാഈല്‍ സൈനികര്‍ തടഞ്ഞു. പള്ളിയുടെ പ്രധാന കവാടം അടച്ച് തോക്കുധാരികളായ സൈനികര്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ഇസ്‌റാഈല്‍ നടപടിയെ ഫലസ്തീന്‍ മുന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ഇക്‌രിമ സാബിര്‍ ശക്തമായ ഭാഷയില്‍ അപലിപിച്ചു. പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് മസ്ജിദ് അടച്ചുപൂട്ടുന്നതെന്നും ആക്രമണത്തിന്റെ പേരിലും മറ്റും പള്ളി അടച്ചുപൂട്ടുന്നത് കീഴ്‌വഴക്കമില്ലാത്തതാണെന്നും ജറൂസലം ഗവര്‍ണര്‍ അദ്‌നാന്‍ ഹുസൈനി വ്യക്തമാക്കി. നിലവിലെ സങ്കീര്‍ണാവസ്ഥയെ ഊതിവീര്‍പ്പിക്കുകയാണ് ഇസ്‌റാഈല്‍ അധികൃതര്‍ ചെയ്യുന്നതെന്നും നിരവധി ഫലസ്തീന്‍ പൗരന്മാരാണ് ദിവസേന ചെക്ക്‌പോയിന്റുകളില്‍ മരിച്ചുവീഴുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌റാഈല്‍ സൈനികരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ പൗരന്മാര്‍ വ്യാപകമായി കൊല്ലപ്പെടുന്നതിനിടെയാണ് മസ്ജിദുല്‍ അഖ്‌സക്ക് സമീപം വെടിവെപ്പുണ്ടായത്.

ആക്രമണത്തില്‍ മൂന്ന് അക്രമികളും രണ്ട് ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ പേരിലാണ് അധികൃതര്‍ പള്ളി അടച്ചുപൂട്ടിയത്. പള്ളി അടച്ചുപൂട്ടി പള്ളിക്കുള്ളില്‍ ഇസ്‌റാഈല്‍ പോലീസ് വ്യാപകമായ പരിശോധന നടത്തുകയാണ്. അടച്ചിട്ട മുറികളെല്ലാം പോലീസ് കുത്തി തുറന്ന് പരിശോധന നടത്തിയിട്ടുണ്ട്. 1969ലാണ് മസ്ജിദുല്‍ അഖ്‌സ അവസാനമായി അടച്ചിടുന്നത്.

Latest