ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനായി മാറ്റിവെച്ചു

Posted on: July 15, 2017 3:36 pm | Last updated: July 15, 2017 at 3:36 pm
SHARE

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനായി മാറ്റിവെച്ചു. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയാനായി മാറ്റിയത്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകള്‍ പ്രതിഭാഗം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.അങ്കമാലി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം 2.40 ഓടെയാണ് ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങിയത്. ദിലീപിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ രാംകുമാറും പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. എ സുരേഷനുമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായി കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ ദിലീപിന്റെ സ്വാധീനം മൂലമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ശക്തമായ പ്രതരണം നടക്കുന്നു. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിമുഖങ്ങളില്‍ അയാള്‍ നടിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ അയാളുടെ മനോനിലയുടെ തെളിവാണ്.

ജാമ്യ ഹര്‍ജി പരിഗണിക്കവെ രണ്ട് മൊബൈല്‍ ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടിയാണ് ഫോണുകള്‍ കോടതിയില്‍ നല്‍കുന്നതെന്നും പൊലീസിനെ ഏല്‍പ്പിച്ചാല്‍ അതില്‍ കൃത്രിമം നടത്തി തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഫോണുകള്‍ പിടിച്ചെടുക്കാനായി പൊലീസ് ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here