ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തുന്നു; ധോണിയെ നോട്ടമിട്ട് ടീം ഉടമകള്‍

Posted on: July 14, 2017 4:23 pm | Last updated: July 14, 2017 at 4:47 pm
SHARE

ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആരാധകരുടെ ഇഷ്ടതാരം എംഎസ് ധോണിയുമായിരുന്നു. പിന്നീട്, ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ഐപിഎല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുന്നതിനും ക്രിക്കറ്റ് ആരാധകര്‍ കാഴ്ചക്കാരായി.

വിലക്ക് വന്നപ്പോള്‍ ധോണി പുതിയ ടീമായ പൂനെ സൂപ്പര്‍ ജയന്റിലേക്ക് പോയി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ ടീം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുകയാണ്. ടീമിലെ ശക്തമായ സാന്നിധ്യമായ ധോണിയെ ടീമിലെത്തിക്കാന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ് ചെന്നൈ ടീം ഉടമകള്‍.

ധോണിയെ തിരിച്ചുകൊണ്ടുവരുന്നു കാര്യം പരിഗണിക്കുമെന്ന് ടീം ഡയറക്ടര്‍മാരിലൊരാളായ കെ ജോര്‍ജ് ജോണ്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ഒരു താരത്തെ നിലനിര്‍ത്താനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ധോണിയെ ആയിരിക്കും. പൂനെയുമായി അദ്ദേഹത്തിനുള്ള കരാര്‍ അവസാനിച്ച് കഴിഞ്ഞു. ധോണിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ കീഴില്‍ രണ്ട് തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ കിരീടം നേടിയിരുന്നു. 2010,2011 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടു.