നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

Posted on: July 14, 2017 12:36 pm | Last updated: July 14, 2017 at 2:33 pm
SHARE

കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിനെതിരെ ഹൈക്കോടതി. സമരത്തിനെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഹരജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും. അനിശ്ചിതകാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

തിങ്കളാഴ്ച മുതല്‍ നഴ്‌സുമാരുടെ അനിശ്ചിത കാല സമരം തുടങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റുമെന്ന് ആശുപത്രി ഉടമകള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. സമരം തുടങ്ങിയാല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്നും ആശുപത്രി മാനേജുമെന്റുകള്‍ പറഞ്ഞിരുന്നു.

അതേസമയം, ഹൈക്കോടതി ഉത്തരവ് അപഹാസ്യമാണെന്നും എസ്മ പ്രയോഗിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) വ്യക്തമാക്കി. തുടര്‍നടപടികള്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.