Connect with us

Articles

കാലികള്‍: കലഹിക്കാനല്ല, ചിന്തിക്കാന്‍

Published

|

Last Updated

റഹ്മത്തുല്ല സഖാഫി എളമരം”കന്നുകാലികളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്” (ഖുര്‍ആന്‍ 16/66). ചരിത്രാതീത കാലം മുതല്‍ക്കേ മനുഷ്യര്‍ മാംസത്തിനും ക്ഷീരോത്പാദനത്തിനും തുകലുകള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തിവരുന്ന നാല്‍ക്കാലികളാണ് ആടും മാടും ഒട്ടകവും. പറഞ്ഞുതീര്‍ക്കാനാകാത്ത ഉപകാരങ്ങള്‍ തരുന്ന ഈ ജീവികളുടെ പേരില്‍ മനുഷ്യരിന്ന് പരസ്പരം കലഹിക്കുകയും കൊലപാതകങ്ങള്‍ വരെ നടത്തുകയും ചെയ്യുന്നു. ചിലര്‍ പശുവിനെ മാതാവെന്നു വിശ്വസിക്കുമ്പോള്‍, മറ്റു ചിലര്‍ ദൈവത്തിന്റെ വാഹനമാണെന്ന് പറയുന്നു. ഈ ഭൗതിക ലോകത്ത് ആര്‍ക്കും എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുകൊണ്ട് അത് ചോദ്യം ചെയ്യപ്പെടേണ്ടതില്ല. “പശു മാതാവെങ്കില്‍ കാള പിതാവാണെന്നും വിശ്വസിക്കേണ്ടിവരില്ലേ” എന്ന് വി എസ് അച്യുതാനന്ദന്‍ ചോദിച്ചത് അദ്ദേഹത്തിന്റെ വിശ്വാസ സ്വാതന്ത്ര്യം.

എന്നാല്‍, കന്നുകാലികള്‍ മനുഷ്യന് നല്‍കുന്ന ഏറ്റവും വലിയ ഗുണപാഠമെന്താണ്? അവ സ്രഷ്ടാവായ അല്ലാഹുവിനെ കണ്ടെത്താനുള്ള വലിയ ദൃഷ്ടാന്തങ്ങളാണ് എന്നുള്ളതാണ്. “ഒട്ടകത്തെ കുറിച്ച്, അതെങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നവര്‍ ചിന്തിക്കുന്നില്ലേ” (ഖുര്‍ആന്‍ 88/17)എന്ന ചോദ്യം ചിന്തനീയമാണ്. മരുഭൂമിയിലെ വാഹനമായ ഒട്ടകത്തെ നിരീക്ഷിച്ചാല്‍ ആ ഭൂപ്രകൃതിയോടിണങ്ങുന്ന തരത്തില്‍ അതിനെ സംവിധാനിക്കപ്പെട്ടതായി കാണാം. വാഹന നിര്‍മാതാക്കള്‍ അത് ഓട്ടാനുപയോഗിക്കുന്ന നാടിന്റെയും റോഡിന്റെയും അവസ്ഥക്കനുസരിച്ച് രൂപകല്‍പന ചെയ്യുന്നതുപോലെ, മരുഭൂമിയുമായി ഇണങ്ങിക്കഴിയാനുള്ള ഒട്ടകത്തിന്റെ ശേഷി അത്ഭുതകരമാണ്. ജലക്ഷാമമാണ് മരുഭൂമിയിലെ ഏറ്റവും വലിയ പ്രതിസന്ധി. അത് തരണം ചെയ്യാനാവശ്യമായ എല്ലാ കരുതലുകളും ഒട്ടകത്തിന്റെ ശരീരത്തിലുണ്ട്. പ്രധാനമായും ജലാംശം നഷ്ടപ്പെടുന്നത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയുമാണ്. എന്നാല്‍, ഒട്ടകത്തിന്റെ വലിപ്പത്തെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ അവ മൂത്രമൊഴിക്കാറുള്ളൂ. താപനില നൂറ്റിയഞ്ച് ഡിഗ്രി എത്തുമ്പോള്‍ മാത്രമാണത്രേ ഒട്ടകത്തിന് വിയര്‍ക്കാറുള്ളത്.
ഇനി ദിവസങ്ങളോളം വെള്ളം ലഭിക്കാതിരുന്നാലും അതിന്റെ പൂഞ്ഞയിലുള്ള കൊഴുപ്പിനെ ശിഥിലീകരിച്ച് അതില്‍ നിന്ന് ലഭ്യമാകുന്ന ഹൈഡ്രജനും വായുവില്‍ നിന്ന് ലഭ്യമാകുന്ന ഓക്‌സിജനും ചേര്‍ത്ത് കൃത്രിമ വെള്ളമുത്പാദിപ്പിക്കാനും ഒട്ടകത്തിന് കഴിയുമത്രേ. ചിന്തിച്ചു നോക്കൂ, ആരാണ് ഇത്ര ആസൂത്രിതമായി ഈ ഒട്ടകത്തെ സൃഷ്ടിച്ചത്? ഇത് ആകസ്മികമോ യാന്ത്രികമോ ആയി സംഭവിച്ചതാണെന്ന് നിങ്ങളുടെ ബുദ്ധി സമ്മതിക്കുന്നുണ്ടോ? ആസൂത്രണമുണ്ടെങ്കില്‍ അതിനൊരു സൂത്രധാരന്‍ വേണ്ടേ? അവനാണ് സ്രഷ്ടാവായ അല്ലാഹു.

ഇനി മരുഭൂമിയിലെ മറ്റൊരു പ്രതികൂലാവസ്ഥ മണലിലൂടെ ഭാരവും പേറി നടക്കുമ്പോള്‍ കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു എന്നതാണ്. ഒട്ടകങ്ങളുടെ കുളമ്പുകളുടെ രൂപകല്‍പനയും ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടാണ് ചെയ്തിട്ടുള്ളത്. മറ്റു നാല്‍ക്കാലികളില്‍ നിന്നും വ്യത്യസ്തമായി പരന്ന മൂന്ന് ഇതളുകളായി വരിഞ്ഞുനില്‍ക്കുന്ന കുളമ്പുകള്‍ എത്ര ഭാരം പേറിയാലും മണലില്‍ താഴ്ന്നുപോകുന്നില്ല.

പൊടിക്കാറ്റുകള്‍ മരുഭൂ യാത്ര ഏറെ ദുസ്സഹമാക്കുന്ന ഒന്നാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഒട്ടകങ്ങള്‍ക്ക് അതിന്റെ മൂക്കുകള്‍ സ്വയം അടക്കാനും തുറക്കാനും സാധിക്കും. മനുഷ്യര്‍ക്കിത് കൈകൊണ്ടോ മറ്റോ പൊത്തിപ്പിടിക്കണം. ഇതിനു പുറമെ ശക്തമായ ഉഷ്ണക്കാറ്റ് നിരന്തരം അടിച്ചുവീശുമ്പോള്‍ ഒട്ടകത്തിന്റെ ശ്വാസകോശത്തിന് തകരാറുകള്‍ സംഭവിക്കും. ഇതിനെ തടയാനാണത്രേ നീണ്ട കഴുത്തും മൂക്കും സംവിധാനിക്കപ്പെട്ടത്. ചുടുവായു ശ്വാസകോശത്തിലെത്തും മുമ്പ് തണുപ്പിക്കാന്‍ ഇതുകൊണ്ട് സാധിക്കുന്നു. “ഒട്ടകത്തെ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് അവര്‍ ചിന്തിക്കുന്നില്ലേ എന്ന ഖുര്‍ആന്റെ ചോദ്യം വെറുതെയല്ല.

കന്നുകാലികളിലെ മറ്റൊരു ചിന്താവിഷയമാണ് അവ ചുരത്തുന്ന പാല്‍. ഖുര്‍ആന്‍ പറയുന്നു: “കാലികളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. അവയുടെ വയറ്റിനുള്ളില്‍ നിന്നും മലത്തിനും രക്തത്തിനുമിടയില്‍ കൂടി പരിശുദ്ധവും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാല്‍ നിങ്ങളെ നാം കുടിപ്പിക്കുന്നു”(അന്നഹ്ല്‍ 66). പുല്ല് തിന്നുന്ന പശുവിന്റെ ആമാശയത്തില്‍ അത് ദഹിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ അതില്‍ നിന്നും രക്തം ഉത്പാദിപ്പിക്കപ്പെടുകയും വേസ്റ്റ് ചാണകമായി മാറുകയും ചെയ്യുമ്പോള്‍ ഇതിനിടയില്‍ നിന്ന് രണ്ടിന്റേയും കലര്‍പ്പില്ലാത്ത ഒന്നാംതരം സമീകൃതാഹാരമായ പാല് രൂപപ്പെടുന്നത് അല്ലാഹുവിന്റെ സൃഷ്ടി വൈഭവമാണ് വിളംബരപ്പെടുത്തുന്നത് എന്ന് സ്വഹാബി വര്യനായ ഇബ്‌നു അബ്ബാസ്(റ) പറയുന്നുണ്ട്. മാത്രമല്ല, വിശേഷ ബുദ്ധിയില്ലാത്ത കന്നുകാലികള്‍ ഇടയന്മാരെ അനുസരിച്ചും വിധേയപ്പെട്ടും ജീവിക്കുമ്പോള്‍, ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ തന്റെ സൃഷ്ടാവിനെ ധിക്കരിച്ചു ജീവിക്കുകയാണ്. ഇതും കന്നുകാലികളില്‍ നിന്നും നാമുള്‍ക്കൊള്ളേണ്ട ഒരു ഗുണപാഠമാണെന്ന് ഇമാം ഖുര്‍ത്തുബി(റ) ഉദ്ധരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ മനുഷ്യനന്മക്കായി അല്ലാഹു സൃഷ്ടിച്ച് മനുഷ്യര്‍ക്ക് വിധേയപ്പെടുത്തിത്തന്ന കന്നുകാലികളുടെ പേരില്‍ നാമിന്ന് കലഹിക്കുകയും കലാപങ്ങളും കൊലപാതകങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നത് മൃഗങ്ങളേക്കാള്‍ നാം തരംതാഴുന്നു എന്നതിന്റെ അടയാളമല്ലാതെ മറ്റെന്താണ്?

ഇന്ത്യയിലെന്നല്ല, ലോകത്തുടനീളം കോടിക്കണക്കിന് ജനങ്ങളുടെ തൊഴിലും ഉപജീവനവും കുടികൊള്ളുന്നത് ഈ കന്നുകാലികളിലാണ്. അവയുടെ കാര്യത്തില്‍ ചിലരുടെ വിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവരിലേക്ക് കൂടി അടിച്ചേല്‍പ്പിച്ചുകൊണ്ട്, എന്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും അത് കോടിക്കണക്കിനാളുകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന തിരിച്ചറിവ് വൈകിയാണെങ്കിലും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ബോധ്യപ്പെട്ടുവരുന്നതായാണ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധമായി നടന്ന വാദത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.