Connect with us

Gulf

അല്‍ ജസീറയുടെ വാര്‍ത്തകളെ അറബ് ലോകം ഭയപ്പെടുന്നു: സെയ്ഫ്

Published

|

Last Updated

ദോഹ: അല്‍ ജസീറ ടി വി പുറത്തുകൊണ്ടുവരുന്ന സത്യസന്ധമായ വാര്‍ത്തകളെ ദൗര്‍ഭാഗ്യവശാല്‍ അറബ് ലോകം ഭയപ്പെടുന്നതായി അറബ് ലീഗിലെ ഖത്വര്‍ പ്രതിനിധി സെയ്ഫ് ബിന്‍ മുഖദ്ദം അല്‍ബൂഐനൈനി കുറ്റപ്പെടുത്തി.
കെയ്‌റോയില്‍ ഇന്നലെ നടന്ന അറബ് മാധ്യമ മന്ത്രിമാരുടെ 48ാമത് യോഗത്തിനിടെയുള്ള ബഹ്‌റൈന്‍ മാധ്യമ മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായാണ് ബൂഐനൈനി ഇത് പറഞ്ഞത്. അല്‍ ജസീറ ചാനലിനാല്‍ ഏറ്റവും കൂടുതല്‍ ദോഷമുണ്ടായ രാജ്യമാണ് ബഹ്‌റൈന്‍ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഈ യോഗത്തെ ഒരു തര്‍ക്ക വേദിയാക്കി മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞു തുടങ്ങിയ ബൂഐനൈനി അല്‍ ജസീറയെക്കുറിച്ചുള്ള ബഹ്‌റൈന്‍ മന്ത്രിയുടെ പ്രസ്താവനയില്‍ അതിയായ ഖേദം പ്രകടിപ്പിച്ചു. സൂര്യനെ അരിപ്പ കൊണ്ട് മറച്ചു പിടിക്കാന്‍ സാധിക്കാത്തതു പോലെ യാഥാര്‍ഥ്യത്തെയും മറച്ചുപിടിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധമായ വാര്‍ത്തകളാണ് അല്‍ ജസീറ സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍, അറബ് ലോകം ഈ യാഥാര്‍ഥ്യങ്ങളെ ഭയപ്പെടുന്നതില്‍ ഖേദമുണ്ടെന്നും ബൂഐനൈനി പറഞ്ഞു.

 

Latest