കുല്‍ഭൂഷന്‍ ജാദവിന്റെ മാതാവിന് പാക്കിസ്ഥാന്‍ വിസ നല്‍കിയേക്കും

Posted on: July 13, 2017 6:14 pm | Last updated: July 14, 2017 at 1:07 pm
SHARE

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ മാതാവിന് പാക്കിസ്ഥാന്‍ വിസ നല്‍കിയേക്കും. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ഈ ആവശ്യമുന്നയിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇത് അവര്‍ പരിഗണിച്ചിരുന്നില്ല.

പാക്കിസ്ഥാന്റെ നിലപാടില്‍ ഇപ്പോള്‍ പുരോഗതി ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ പാക്കിസ്ഥാന്റെ നിലപാടില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാരവൃത്തി ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി ഈ വിധി സ്‌റ്റേ ചെയ്തിരിക്കുകയാണ്.