Connect with us

Articles

വീഡിയോ ഗെയിമുകളെ പേടിക്കണം

Published

|

Last Updated

തിരുവനന്തപുരം ജില്ലയിലെ നന്ദന്‍കോഡ് നിന്നാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത നാം കേട്ടത്. പിതാവിനെയും മാതാവിനെയും സഹോദരിയെയും കുടുംബത്തില്‍ പെട്ട മറ്റൊരു സ്ത്രീയെയും ചുട്ടുകൊന്ന അതിദാരുണമായ കുറ്റകൃത്യത്തിന്റെ വാര്‍ത്ത. മനോരോഗ വിദഗ്ധരെയും മനഃശാസ്ത്രജ്ഞരെയും കുറ്റാന്വേഷണ വിദഗ്ധരെയും അമ്പരപ്പിച്ച ആ സംഭവത്തിലെ മുഖ്യപ്രതി കേദല്‍ ജിന്‍സണ്‍ രാജ അത്ര നിസ്സാരക്കാരനൊന്നുമായിരുന്നില്ല. ലക്ഷങ്ങള്‍ സമ്പാദ്യമുള്ള, കമ്പ്യൂട്ടര്‍ പഠനത്തില്‍ പരിജ്ഞാനമുള്ള, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മികവ് കാട്ടിയ വ്യക്തിയായിരുന്നു. എന്‍ജിനീയറിംഗിലും മെഡിക്കലിലും ഓസ്‌ട്രേലിയയിലും ഫിലിപ്പൈന്‍സിലും പഠനം നേടാന്‍ പോയിട്ടുണ്ടെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ല.എന്നാല്‍ കേദല്‍ ജിന്‍സന്‍ രാജന് ഈ കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ യാതൊരു മനഃപ്രയാസവും ഉണ്ടായില്ല എന്നതാണ് സത്യം. ചിത്തഭ്രമബാധിതനായിട്ടാണ് ഇപ്പോള്‍ ഇയാളെ വിധിയെഴുതിയത്.

എന്നാല്‍, കേദല്‍ ജിന്‍സണ്‍ രാജയുടെ മറ്റൊരു മുഖം ഇങ്ങനെ വായിക്കാം. ആഡംഭര ജീവിതമായിരുന്നു നയിച്ചത്. കുട്ടിക്കാലം മുതല്‍ നാട്ടുകാരുമായി ഒരു ബന്ധവുമില്ല. പകല്‍ യാത്ര ചെയ്യാറില്ല. പഠനം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീടിന്റെ മുകള്‍നിലയില്‍ കുറെ സമയം ചെലവഴിക്കും. ഗെയിം സെര്‍ച്ച് എഞ്ചിന്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു. യുദ്ധസമാനമായ ഗെയിമുകളാണ് കളിക്കുക. രക്തച്ചൊരിച്ചിലുണ്ടാക്കുന്ന ഗെയ്മിനോടാണ് കൂടുതല്‍ താത്പര്യം കാണിച്ചത്. പുതുതലമുറയിലെ രക്ഷിതാക്കള്‍ ആയിരംവട്ടം കേദല്‍ ജിന്‍സന്‍ രാജയുടെ ജീവിതം വായിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ സാഹചര്യങ്ങളിലൂടെ തന്നെയാണ് ഇന്നത്തെ പല കുട്ടികളും വളര്‍ന്നുവരുന്നത്. മുമ്പ് കുട്ടികളില്‍ നിന്ന് കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ വന്നിരുന്നില്ല. ഇന്ന് 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍നിന്ന് കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അത് പത്ത് വയസ്സുകാരനില്‍ നിന്നുവരെ വന്നിട്ടുണ്ട്. 2011 ജൂലൈ 8 ഞായറാഴ്ച നെടുങ്കണ്ടത്ത് യു കെ ജി വിദ്യാര്‍ഥിയെ കുളത്തില്‍ മുക്കിക്കൊന്ന് കൊലപ്പെടുത്തിയത് പത്തുവയസ്സുകാരനായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൗമാരക്കാരില്‍ അക്രമോത്സുകത പ്രകടമാകുന്ന കുറ്റകൃത്യങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. പല കാരണങ്ങളില്‍ ഒന്നാണ് അക്രമ സ്വഭാവമുണ്ടാക്കുന്ന ഗെയിം അഡിഷന്‍. മൊബൈല്‍ ഗെയിമുകളില്‍ കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്വഭാവ വൈകല്യത്തിന് കാരണമാകുമെന്നാണ് പഠനം. തുടര്‍ച്ചയായി കൂടുതല്‍ സമയം ഗെയിം കളിക്കുന്നതിനാല്‍ ദേഷ്യവും അക്രമണ സ്വഭാവവും കുട്ടികളില്‍ കണ്ടുവരുന്നു. 85 ശതമാനം കുട്ടികളും ദിവസവും മൊബൈല്‍ ഗെയിം കളിക്കുന്നുണ്ട്. 96 ശതമാനത്തിനും ഗെയിം കളിക്കുന്നതിന് സ്വന്തമായി മൊബൈലോ ടാബോ ഉണ്ട്. ഗെയിം കളിക്കാന്‍ തുടങ്ങിയാല്‍ ശരാശരി മൂന്ന് മണിക്കൂര്‍ നേരമാണ് 75 ശതമാനം പേരും ചെലവഴിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ 55 ശതമാനമാണ്. കുട്ടികള്‍ കളിക്കുന്ന ഗെയിമുകളുടെ പേരുകള്‍പോലും 96 ശതമാനം രക്ഷിതാക്കള്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, മുമ്പ് നോക്കിയ ഫോണില്‍ പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിം കളിയായിരുന്നെങ്കില്‍ ഇന്ന് സ്മാര്‍ട്ട് ഫോണില്‍ അതീവ ഗുരുതരമായ ഗെയിമുകളാണ് ഉള്ളത്. എതിരാളിയെ വെടിവെച്ച് കൊല്ലുന്നതില്‍ ഹരം കണ്ടെത്തുകയും അതിന് സ്റ്റാര്‍ ലഭിക്കുകയും ചെയ്യുന്നതും കാര്‍ റൈസിംഗിലൂടെ തന്റെ എതിരില്‍ വരുന്ന കാറുകളെ കനാലിലേക്ക് ചാടിച്ച് ആനന്ദം കണ്ടെത്തുന്ന ഗെയിമുകളുമൊക്കെയാണ് കുട്ടികള്‍ക്കുള്ള ഇഷ്ട ഗെയിമുകള്‍.

കൗമാരക്കാരുടെ മാനസിക – ശാരീരികാരോഗ്യം തകര്‍ക്കുന്ന രീതിയില്‍ കമ്പ്യൂട്ടര്‍ വീഡിയോ ഗെയിം സെന്ററുകള്‍ ഉണ്ട്. ഗെയിമില്‍ വന്‍ വിജയം നേടിയാല്‍ 80 കോടി രൂപ വരെ നേടാമെന്നും രാജ്യാന്തര ചാംപ്യന്മാരായി മാറാമെന്നുമുള്ള പ്രലോഭനത്തിലാണു കുട്ടികള്‍ വീഴുന്നത്. ഗെയിം കളിക്കാന്‍ പണം കിട്ടാതെ മോഷണം ശീലമാക്കിയ കുട്ടികളുമുണ്ട്. പന്ത്രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിലുള്ള കുട്ടികളാണ് ഗെയിം മാഫിയകളുടെ കെണിയില്‍ പെടുന്നതിലേറെയും. ആദ്യഘട്ടത്തില്‍ സാര്‍വത്രിക പ്രചാരം നേടിയ ഗെയിമുകള്‍ കളിപ്പിക്കുകയും പിന്നീട്, കുട്ടികളെ ഏറെ സ്വാധീനിക്കാനിടയുള്ള “വാര്‍ ഗെയി”മുകളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. ഗെയിമില്‍ ഹരം കയറി കുട്ടികള്‍ ആര്‍ത്തുവിളിക്കുന്നതും ബഹളം വെക്കുന്നതും പല ഗെയിം സെന്ററുകളിലും കാഴ്ചയാണ്.

മറ്റുള്ളവരെ അക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കുന്ന ഗെയിമുകള്‍ മാത്രമല്ല ഇന്ന് ലഭ്യമാകുന്നത്. സ്വയം ഹത്യ ചെയ്യുന്നതിലേക്ക് വരെ നയിക്കുന്ന ഗെയിമുകളും വന്നുതുടങ്ങിയിട്ടുണ്ട്. 2013-ല്‍ റഷ്യയില്‍ ജന്മമെടുത്ത “ബ്ലൂ വെയില്‍” ഗെയിം ഉദാഹരണം. കളിച്ച് തുടങ്ങിയാല്‍ മരണത്തില്‍ കൊണ്ടെത്തിക്കുന്ന ബ്ലൂവെയില്‍ ഗെയിമിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. ഒരു തവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. വഴിക്കുവെച്ച് നിര്‍ത്താനും പറ്റില്ല. 50 ഘട്ടമുള്ള ഗെയിമിന്റെ ഓരോ ഘട്ടവും വിചിത്രമാണ്. കൈയില്‍ ചോര പൊടിച്ച് വെക്കുക എന്നതാണ് ആദ്യഘട്ടം. ഓരോ ഘട്ടവും പാതിരാത്രിയിലും പുലര്‍ച്ചെയുമാണ് കളിക്കേണ്ടത്. 15-ാം ഘട്ടമെത്തുമ്പോള്‍ ഗെയിമിന്റെ അടിമയാകും. അങ്ങനെ ഗെയിം 50 ദിവസമാകുമ്പോഴേക്കും കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യണമെന്ന നിര്‍ദേശം ലഭിക്കും. 2015-16ല്‍ 130 പേര്‍ റഷ്യയില്‍ ഈ ഗെയിമിലൂടെ ആത്മഹത്യ ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണോ ടാബോ കുട്ടിയുടെ കയ്യില്‍ കൊടുത്ത് ഗെയിം കളിച്ചു രസിക്കുന്നത് കാണുമ്പോള്‍ പല രക്ഷിതാക്കളും പറയുന്ന കമന്റുണ്ട്, “”ഞങ്ങള്‍ക്കറിയാത്തതു പോലും കുട്ടിക്കറിയാം””. ഒന്ന് ശരിയാണ്, നിങ്ങള്‍ അറിയാത്ത പലതും കുട്ടി പഠിച്ചിരിക്കുന്നു. പക്ഷേ, കുട്ടികള്‍ അപകടത്തില്‍ പെടുമ്പോള്‍ നിങ്ങള്‍ പലതും അറിയുമെന്ന് മാത്രം.

സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികളെ സ്മാര്‍ട്ടാക്കുമെന്ന് തെറ്റിദ്ധരിക്കണ്ട. കുട്ടികളുടെ ബുദ്ധിപരമായ തകരാറുകള്‍ മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ വരെ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നതിലൂടെ ഉണ്ടാവുന്നു. ജീവിതശൈലീ രോഗങ്ങളും പഠന പ്രശ്‌നങ്ങളും ശ്രദ്ധക്കുറവും അമിത വികൃതിയും അക്രമ സ്വഭാവവും കുട്ടികളില്‍ വര്‍ധിച്ചുവരും.

വ്യക്തിത്വം രൂപപ്പെടുന്ന പത്ത് വയസ്സിനു മുമ്പ് ഒരു സ്ഥലത്ത് അടങ്ങിയിരിക്കാന്‍ ടാബും, ഐഫോണും നല്‍കുന്നതിലൂടെ അന്തര്‍മുഖനായ 15 വയസ്സുകാരനെയും അക്രമിയായ പുതുതലമുറയെയും സമ്മാനിക്കുകയാണെന്നറിയുക. സൂക്ഷ്മ പേശി ചലനങ്ങളും സ്ഥൂല പേശി ചലനങ്ങളും നടക്കേണ്ട കുട്ടി പ്രായത്തില്‍ ഓടാനും ചാടാനും നീന്തിക്കളിക്കാനും ഓലകൊണ്ട് പീപ്പിളിയുണ്ടാക്കാനും ചളിമണ്ണുകൊണ്ട് അപ്പം ചുട്ട് കളിക്കാനും തോടുകളില്‍ മീന്‍ പിടിക്കാനും ശീലിപ്പിക്കുക. വീട്ടിലേക്ക് കയറിവരുന്നവരെ സ്വീകരിക്കാനും അവരോട് പുഞ്ചിരിക്കാനും പഠിപ്പിക്കുക. എങ്കില്‍ സാമൂഹിക ബന്ധമുള്ള പഠനശേഷിയുള്ള ബുദ്ധികൂര്‍മതയുള്ള നല്ല മക്കളെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.