ആ വേഷം നഷ്ടപ്പെടുത്തിയത് ദിലീപ് അല്ല; വീണുപോയ ഒരാളിനെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്ന് ഷാജോണ്‍

Posted on: July 13, 2017 11:22 am | Last updated: July 13, 2017 at 11:22 am

തിരുവനന്തപുരം: കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ തന്റെ അവസരം നഷ്ടപ്പെടുത്തിയത് ദിലീപാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ കലാഭവന്‍ ഷാജോണ്‍. ഞാന്‍ കുഞ്ഞിക്കൂനന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല. അതിനു കാരണം ദിലീപ് ആയിരുന്നില്ലെന്ന് ഷാജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 

ഷാജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്… പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്