Connect with us

Editorial

വിമര്‍ശനാതീതരോ സൈനികര്‍?

Published

|

Last Updated

സൈനികരെ വിമര്‍ശിക്കുന്നവരെ കേസ് എടുക്കാന്‍ കാത്തുനില്‍ക്കാതെ അരിഞ്ഞു നുറുക്കണമെന്നാണ് ബി ജെ പി നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ രാജ്കുമാര്‍ റിന്‍വ പറയുന്നത്. രൂക്ഷമായ പ്രതികൂല സാഹചര്യങ്ങളിലാണ് സൈനികര്‍ പ്രവര്‍ത്തിക്കുന്നത്. 50 ഡിഗ്രിക്ക് മുകളില്‍ ചൂടുള്ള സ്ഥലങ്ങളിലും പൂജ്യം ഡിഗ്രിക്ക് താഴെ തണുപ്പുള്ള പ്രദേശങ്ങളിലുമെല്ലാം അതിര്‍ത്തി സംരക്ഷിക്കാനായി സൈനികര്‍ നിലയുറപ്പിക്കേണ്ടി വരാറുണ്ട്. രാജ്യത്തിന് വേണ്ടി ഇത്രയും പ്രയാസങ്ങള്‍ സഹിക്കുന്ന സൈനികരെ വിമര്‍ശിക്കുന്നവരെ വെച്ചു പൊറുപ്പിക്കരുതെന്നും നൊടിയിടയില്‍ അവരെ കൊന്നുകളയാന്‍ പ്രാപ്തമായ നിയമം കൊണ്ടുവരണമെന്നും സൈനികരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സം ഖാന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ റിന്‍വ പറയുന്നു.
രാജ്യത്തിന് വേണ്ടി സൈന്യം നടത്തുന്ന സേവനം അഭിനന്ദനാര്‍ഹവും അംഗീകരിക്കപ്പെടേണ്ടതുമാണ്. അതോടൊപ്പം, പൗരന്മാരുടെ മാനവും അന്തസ്സും ചാരിത്ര്യവും സംരക്ഷിക്കാനും മാന്യമായി ജീവിക്കാനും ബാധ്യസ്ഥരാണ് അവര്‍. അതിനുപകരം തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ സാധാരണക്കാരെ ദ്രോഹിക്കുകയും സ്ത്രീകളുടെ മേല്‍ മൃഗങ്ങളെ പോലെ ചാടിവീഴുകയും ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കാനും മൗനം പാലിക്കാനും പൊതുസമൂഹത്തിനാകില്ല. ഭീകരവാദികളെയും മാവോവാദികളെയും പ്രതിരോധിക്കാനായി കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നിയോഗിക്കപ്പെട്ട സൈനികരെക്കുറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. നിയമ വ്യവസ്ഥയെയും നീതിപീഠങ്ങളെയും ക്രമസമാധാന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണ് ഈ മേഖലകളില്‍ സുരക്ഷാ വിഭാഗങ്ങള്‍ സ്ത്രീകളുടെ ചാരിത്ര്യവും മാനവും കടിച്ചുകീറുന്നത്. നുറുകണക്കിന് സ്ത്രീകളാണ് ഇവരുടെ കാമാന്ധതക്ക് ഇരകളാകുന്നത്. 1991 ഫെബ്രുവരി 22,23 തിയ്യതികളില്‍ തീവ്രവാദികളെ പിടികൂടാനെന്ന പേരില്‍ കശ്മീരിലെ കുനാന്‍, പോഷ്‌പോറാ ഗ്രാമങ്ങളെ വളഞ്ഞ സൈനികര്‍, 12 വയസ്സ് മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള നൂറോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ലോകമനഃസാക്ഷിയെ നടുക്കിയതാണ്. ഈ പൈശാചികതയെ വിമര്‍ശിക്കരുതെന്നാണോ റിന്‍വ പറയുന്നത്?
മണിപ്പൂരിനുമുണ്ട് ഗ്രാമത്തിലെ സ്ത്രീകള്‍ ഒന്നടങ്കം സൈനികരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ കഥ പറയാന്‍. ഇറോം ശര്‍മിള വര്‍ഷങ്ങളോളം നിരാഹാര സമരം നടത്തിയത് സൈനികരില്‍ നിന്നുള്ള സുരക്ഷക്ക് വേണ്ടിയായിരുന്നു. ആസാമിലെ ദോക്‌മോകയില്‍ 13കാരിയെയും അമ്മയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും എട്ട് സൈനികര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത് രണ്ട് വര്‍ഷം മുമ്പാണ്. ഇതിനെതിരെ കര്‍ബി പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. ഛത്തിസ്ഗഡ് നക്‌സല്‍ബാരി പ്രദേശങ്ങളില്‍ സോണിസോറിക്കും മറ്റു സാമൂഹിക പ്രവര്‍ത്തകര്‍ക്കും നേരെ പോലും സൈനിക ക്രൂരതകള്‍ അരങ്ങേറിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ കല്ലേറ് തടുക്കാന്‍ സൈന്യം തങ്ങളുടെ ജീപ്പിന് മുമ്പില്‍ ഫാറുഖ് അഹ്മദ് എന്നയുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമാക്കിയത് അടുത്തിടെയാണ്. സംഭവത്തെ ക്രൂരവും മനുഷ്യത്വ രഹിതവുമെന്ന് കുറ്റപ്പെടുത്തിയ ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഫാറൂഖ് അഹ്മദിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വിധിക്കുകയുണ്ടായി.
ഉന്നത സൈനികോദ്യോഗസ്ഥരുടെ അഴിമതിയുടെ നിരവധി കഥകള്‍ അടുത്ത കാലത്തായി പുറത്തുവരികയുണ്ടായി. ജവാന്മാര്‍ക്ക് ഭക്ഷണത്തിന് അനുവദിച്ച തുകയില്‍ ഉന്നതോദ്യോഗസ്ഥര്‍ വെട്ടിപ്പ് നടത്തി സൈനിക ക്യാമ്പുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്യുന്നതും മദ്യം പുറത്തു വിറ്റു പണം സൈനിക മേധാവികള്‍ പോക്കറ്റിലിടുന്നതും സാധാരണമാണ്. രാഷ്ട്രീയക്കാരല്ല, ഗുജറാത്ത് കേഡറിലെ ബി എസ് എഫ് ജവാന്‍ നവരത്‌നന്‍ ചൗധരിയാണ് ഫേസ് ബുക്കിലൂടെ വീഡിയോ തെളിവ് സഹിതം ഈ അഴിമതിക്കഥകള്‍ പുറത്തു വിട്ടത്. ഇതേക്കുറിച്ചു റിന്‍വക്കെന്ത് പറയാനുണ്ട്? സൈന്യം അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു മാന്യമായി ജീവിച്ചാല്‍ ആരും വിമര്‍ശിക്കുകയില്ല. മാത്രമല്ല, പിന്തുണയും ആദരവും അവരെ തേടിയെത്തുകയും ചെയ്യും. പാക്കിസ്ഥാനും ചൈനയുമായുള്ള യുദ്ധക്കാലത്ത് സൈന്യം നിര്‍വഹിച്ച മികച്ച സേവനങ്ങളെ ഇന്ത്യന്‍ ജനത ആവോളം പ്രശംസിച്ചിട്ടുണ്ട്. അതേസമയം രാജ്യവും അതിര്‍ത്തിയും മാത്രമല്ല, ജനങ്ങളും-സ്ത്രീകള്‍ പ്രത്യേകിച്ചും-സൈന്യത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായിരിക്കണം. അതില്ലാതെ വരുമ്പോള്‍ വിമര്‍ശിക്കപ്പെടും. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂട, സൈനിക ഭീകരതക്കെതിരെ ശബ്ദിക്കേണ്ടത് പൗരധര്‍മമാണ്. ഇത്തരം ഘട്ടങ്ങളില്‍ സൈന്യത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയല്ല, വിമര്‍ശകരെ കൊല്ലണമെന്ന് പറയുന്നവരെ നിയന്ത്രിക്കാനാണ് നിയമങ്ങളുണ്ടാകേണ്ടത്.