Connect with us

Gulf

ഗാസയില്‍ ഭവന പുനര്‍നിര്‍മാണത്തിന് ഖത്വറിന്റെ 30 ലക്ഷം ഡോളര്‍

Published

|

Last Updated

അംബാസിഡര്‍ മുഹമ്മദ് അല്‍ ഇമാദി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കൊപ്പം

ദോഹ: ഗാസ മുനമ്പിലെ ദരിദ്ര കുടുംബങ്ങളുടെ 600 വീടുകള്‍ പുനരുദ്ധരിക്കുന്നതിന് 30 ലക്ഷം ഡോളറിന്റെ കരാറില്‍ ഗാസ പുനര്‍നിര്‍മാണത്തിനുള്ള ഖത്വര്‍ കമ്മിറ്റി ഒപ്പുവെച്ചു. ഖത്വര്‍ കമ്മിറ്റി മേധാവി അംബാസിഡര്‍ മുഹമ്മദ് അല്‍ ഇമാദിയാണ് കരാറില്‍ ഒപ്പുവെച്ചത്.

“അന്തസ്സുള്ള വീട്” എന്ന പ്രമേയത്തിലാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് അല്‍ ഇമാദി പറഞ്ഞു. അന്യായമായ ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീന്‍ ജനതയുടെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ ഖത്വര്‍ സഹായം തുടരും. ചില രാഷ്ട്രങ്ങളുടെ ഉപരോധം ഗാസയെ സഹായിക്കുന്നതിനുള്ള ഖത്വറിന്റെ ശ്രമത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം സഹായം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ചെക്കുകള്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം ഡോളര്‍ ചെലവില്‍ 127 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ബാക്കി കുടുംബങ്ങളെ ഉള്‍പ്പെടുത്തും. ഫലസ്തീന്‍ പൊതു മരാമത്ത്, ഭവന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാജി സര്‍ഹാന്‍ ഖത്വറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചു. മന്ത്രാലയം സമര്‍പ്പിച്ച പട്ടികയില്‍ നിന്നാണ് ദരിദ്ര കുടുംബങ്ങളെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷമാണ് ഗാസ ഉപരോധത്തില്‍ കഴിയുന്നത്. മന്ത്രാലയത്തിലെയും ഖത്വരി കമ്മിറ്റിയിലെയും എന്‍ജിനീയര്‍മാര്‍ ഗുണഭോക്താക്കളുടെ വീടുകള്‍ പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാകും.

ഗാസ പുനര്‍നിര്‍മാണ ഖത്വരി കമ്മിറ്റി നിരവധി പ്രധാന പദ്ധതികളാണ് ഗാസയില്‍ നടത്തുന്നത്. ആശുപത്രി, റോഡ്, പാര്‍പ്പിടം തുടങ്ങിയ പദ്ധതികള്‍ക്കായി 1.4 ബില്യന്‍ ഡോളര്‍ സഹായം ഖത്വര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 20 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. ഗാസയിലെ പ്രതിസന്ധിയും പ്രശ്‌നങ്ങളും കാരണം 2020ഓടെ പ്രദേശം മനുഷ്യവാസത്തിന് പറ്റാത്ത രീതിയിലാകുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്.