വരുന്നൂ, ദുബൈയുടെ ഭക്ഷ്യോദ്യാനം

Posted on: July 12, 2017 8:12 pm | Last updated: July 12, 2017 at 8:12 pm
SHARE
ദുബൈ ഫുഡ് പാര്‍കിന്റെ രൂപകല്‍പന

ദുബൈ: പുതിയ ഭക്ഷ്യ സംസ്‌കാര വിപ്ലവത്തിന് ദുബൈ. 550 കോടി ദിര്‍ഹം ചിലവില്‍ ഭക്ഷ്യ പാര്‍ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവതരിപ്പിച്ചു. ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചടങ്ങില്‍ സംബന്ധിച്ചു.

ആഗോള തലത്തില്‍ ഭക്ഷ്യ മേഖലയില്‍ വന്‍ നിക്ഷേപങ്ങളും വ്യവസായ സംരംഭകര്‍ക്ക് പുതു കവാടങ്ങളും തുറക്കുന്നതിനുനൂതന കേന്ദ്രമായി മാറുമെന്നും ഭക്ഷ്യ വിതരണ ശൃംഖലകളുടെ നൂതന പര്യായമായി മാറുമെന്നും ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബായി പറഞ്ഞു.

രാജ്യത്ത് ഭക്ഷ്യ സുരക്ഷക്ക് കൂടുതല്‍ കരുത്തു പകരുന്ന ഉദ്യാനം രാജ്യാന്തര തലത്തില്‍ കര, സമുദ്ര, വായു മേഖലകളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോട് കൂടിയുള്ളതാകും. മേഖലയില്‍ ആദ്യമായി ഇടം പിടിക്കുന്ന ഉദ്യാനം ദുബൈ വോള്‍സെയില്‍ സിറ്റിയിലാണ് ഒരുങ്ങുക. 4.8 കോടി ചതുരശ്ര അടിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ദുബൈയുടെ നഗര ഹൃദയത്തിന് തെക്ക് ഭാഗത്തായി ഒരുങ്ങുന്ന ഉദ്യാനം മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 10 മിനിറ്റുകള്‍ കൊണ്ട് യാത്ര ചെയ്‌തെത്താവുന്ന ദൂര പരിധിയിലായിരിക്കും. എക്‌സ്‌പോ 2020 വേദിയോട് ചേര്‍ന്ന് കിടക്കുന്ന പാര്‍ക്കിലേക്ക് ജബല്‍ ഫ്രീ സോണ്‍ മേഖലയില്‍ നിന്ന് 15 മിനിറ്റുകളുടെ യാത്ര കൊണ്ട് എത്തിച്ചേരാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ വിപണിയിലും കയറ്റുമതിയിലും ലോകത്തെ പ്രധാന കേന്ദ്രമായി ദുബൈ നഗരത്തെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 11 ശതമാനമാണ് നിലവില്‍ ഭക്ഷ്യ മേഖലക്കുള്ളത്. 2030ഓട് കൂടി ഭക്ഷ്യ മേഖലയുടെ വളര്‍ച്ചാ നിരക്ക് 2300 കോടി ദിര്‍ഹമായി വര്‍ധിച്ചു 70 ശതമാനമായി ഉയര്‍ത്തുന്നതിന് പുതിയ പദ്ധതി കരുത്തു പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കിപാര്‍ക്കിന്റെ സേവനം കൂടുതല്‍ ക്രിയാത്മകമാക്കും. കസ്റ്റംസ് സേവനം, ക്ലിയറന്‍സ്, ലൈസന്‍സിംഗ് ഭക്ഷ്യ സുരക്ഷാ നടപടികളുടെ ഏകോപനം തുടങ്ങിയ പാര്‍ക്ക് കേന്ദ്രീകരിച്ചു വേഗതയിലാക്കും. വിവിധ സേവങ്ങളുടെ ഏകോപനം ഭക്ഷ്യ വിതരണ കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി വിതരണ ശൃംഖലയിലെ അധിക ചിലവ് കുറയ്ക്കും. ഇതിനു നവീനവും ക്രിയാത്മകവുമായ സൗകര്യങ്ങളാണ് പാര്‍ക്കില്‍ ഒരുക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
മേഖലയിലെ ജന സംഖ്യാ വര്‍ധനവും ടൂറിസം മേഖലയുടെ വളര്‍ച്ചയും ഭക്ഷ്യ വിതരണ മേഖലയുടെ ശക്തമായ നടപടികളാണ് ആവശ്യപ്പെടുന്നത്. യു എ ഇക്കും മേഖലക്കും മതിയായ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ലോകോത്തര നിലവാരമുള്ള സംരംഭകരുടെ സാന്നിധ്യം
മേഖലയില്‍ വര്‍ധിപ്പിക്കുന്നതിനും പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില്ലറ വ്യാപാര ശാലകള്‍, ലോകോത്തര വിഭവങ്ങള്‍ ഒരുക്കുന്ന ഭക്ഷ്യ സേവന കേന്ദ്രങ്ങള്‍, പാക്കിങ്-പുനഃപാക്കിങ് സംസ്‌കരണം എന്നിവക്കായി പ്രത്യേകം സൗകര്യങ്ങള്‍, വിതരണ ശൃങ്കാലകളുടെ ഏകോപന കേന്ദ്രങ്ങള്‍, പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍, തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍, മുന്തിയ ഹോട്ടലുകള്‍, ധന വിനിമയ കേന്ദ്രങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുന്ന പ്രത്യേക സേവന കേന്ദ്രം, ജൈവാവശിഷ്ടങ്ങള്‍ സംസ്‌കരിക്കാനുള്ള കേന്ദ്രം തുടങ്ങിയവ പ്രത്യേകമായി ഒരുക്കുന്നതിനോടൊപ്പം ലോകോത്തര നിലവാരത്തില്‍ പ്രകൃതി സൗഹൃദ വ്യാപാര കേന്ദ്രമായിട്ടായിരിക്കും പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുക. അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര ഭക്ഷ്യ വിതരണ കമ്പനികളുടെ ആസ്ഥാനങ്ങള്‍ പാര്‍ക്കിലൊരുക്കുന്നതിന് കമ്പനികളുടെ അധികൃതരുമായി ചര്‍ച്ച തുടരുകയാണ്. ഭക്ഷ്യ കേന്ദ്രത്തിന്റെ സുപ്രധാന വളര്‍ച്ചക്ക് ഇത്തരം കേന്ദ്രങ്ങള്‍ മുതല്‍കൂട്ടാവുമെന്ന കണക്കുകൂട്ടലിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

യു എ ഇയുടെ സാമ്പത്തിക ഘടനക്ക് വിശിഷ്യാ ദുബൈയുടെ വളര്‍ച്ചക്ക് വിവിധങ്ങളായ പദ്ധതികളാണ് ദുബൈ ഹോള്‍ഡിങ്ങിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. ലോകോത്തര നിലവാരത്തില്‍ വ്യാപാര കേന്ദ്രങ്ങള്‍, വിവിധ സേവനങ്ങള്‍, മറ്റ് സൗകര്യങ്ങളുടെ ഏകോപനം എന്നിവയിലൂടെ യു എ ഇയുടെ സാമ്പത്തിക അടിത്തറക്ക് ദുബൈ ഹോള്‍ഡിങ് കരുത്തു പകരുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.