Connect with us

Gulf

വിവാഹ ആഘോഷത്തിനിടെ വാഹനാഭ്യാസം; മൂന്ന് സ്വദേശി യുവാക്കളെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: വിവാഹ ആഘോഷങ്ങള്‍ക്കിടെ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിച്ചതിന് മൂന്ന് യുവാക്കളെ ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറസ്റ്റ് ചെയ്തു.
അല്‍ സലാമ മേഖലയില്‍ യുവാക്കളുടെ സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിലാണ് സ്വന്തം ജീവനുകള്‍ പണയപ്പെടുത്തി, ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധത്തില്‍ സ്വദേശി യുവാക്കള്‍ വാഹനമോടിച്ചതെന്ന് യു എ ക്യു പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അരന്‍ പറഞ്ഞു.
വൈകീട്ട് അഞ്ചുമണിയോടെ പരിസരവാസികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ഘോര ശബ്ദത്തോടെ മൂന്ന് ചെറുപ്പക്കാര്‍ വാഹനങ്ങള്‍ ഓടിക്കുന്നുവെന്ന് അല്‍ സലാമയില്‍ താമസിക്കുന്ന സ്വദേശി കുടുംബത്തില്‍ നിന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിക്കുകയായിരുന്നു. സംഭവമറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി.

വിവാഹ സദസ്സില്‍ അതിഥികള്‍ ധാരാളമുള്ള സമയത്തായിരുന്നു സംഘത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകുന്ന വിധത്തിലായിരുന്നു സംഘം വാഹനങ്ങള്‍ ഓടിച്ചിരുന്നത്. താമസ കേന്ദ്രമായിരുന്നതിനാല്‍ വാഹനങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നതിന് മതിയായ സ്ഥല പരിമിതിയുണ്ടായിരുന്നു. ഇത് താമസക്കാര്‍ക്ക് ജീവന് ഭീഷണി നേരിടുന്ന വിധത്തിലായിരുന്നു.
സംഭവമറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും സംഘം കടന്ന് കളഞ്ഞിരുന്നു. മണിക്കൂറുകളോളം സംഘത്തെ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. പൊതു ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനും പൊതു മുതല്‍ നശിപ്പിച്ചു കടന്നു കളഞ്ഞതിനും സംഘത്തിന്റെ ലൈസന്‍സുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും ജീവനുകള്‍ക്ക് വില കല്‍പ്പിച്ചും ആഘോഷങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

പൊതു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാകുന്ന വിധത്തില്‍ വാഹനമോടിക്കുകയോ അപകടകരമായ രീതിയില്‍ വാഹനമോടിച്ചു സ്വകാര്യ മുതലുകള്‍ നശിപ്പിക്കയോ ചെയ്താല്‍ 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതിനും പുതിയ ഗതാഗത നിയമത്തില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.

 

---- facebook comment plugin here -----

Latest