മലയാള സിനിമയുടെ ആത്മഹത്യകള്‍

സൂപ്പര്‍ താരങ്ങളുടെ കണക്കില്‍ സമാഹരിക്കപ്പെടുന്ന പണം റിയല്‍ എസ്‌റ്റേറ്റ്, മാഫിയ മേഖലകളിലേക്ക് പടര്‍ത്തിവിടുകയാണവര്‍ ചെയ്യുന്നത്. അത് സംരക്ഷിക്കാനും അതിനു വേണ്ടി എന്തു നെറികേട് ചെയ്യുന്നതിനും ആവശ്യമുള്ള ഗുണ്ടകളെ പോറ്റിവളര്‍ത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു ക്വട്ടേഷന്‍ ഗുണ്ടയാണ്, നടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്. മുന്‍നിര നടികള്‍ മുതല്‍ എക്‌സ്ട്രാ നടികള്‍ വരെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയരാവാറുണ്ടെന്നത് നാട്ടിലെ പാട്ടാണ്. ഇത്തരത്തില്‍ ചൂഷണവിധേയരാവുന്ന സ്ത്രീകളെ 'മോശം സ്ത്രീകള്‍' എന്നാണ് ഇന്നസെന്റ് വിശേഷിപ്പിക്കുന്നത്. നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം, ക്വട്ടേഷന്‍ കൊടുത്ത നടനോട് വിധേയത്വം കാണിക്കുകയാണ് 'അമ്മ' ചെയ്തിരിക്കുന്നത്. കനയ്യകുമാറിനെ അധിക്ഷേപിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാല്‍, സ്വന്തം പ്രവര്‍ത്തന മേഖലയില്‍ നടന്ന കൊടും അക്രമത്തെ ന്യായീകരിക്കുന്നതിനെന്ന് സംശയിക്കണം, ഇപ്പോള്‍ ബ്ലോഗെഴുത്ത് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Posted on: July 12, 2017 7:18 am | Last updated: July 11, 2017 at 11:25 pm
SHARE

ലോകത്തെങ്ങുമുള്ള മലയാളികളുടെ ആഹ്ലാദവും സ്വപ്‌നങ്ങളും വേദനകളും സാംസ്‌കാരിക ആകുലതകളും പൊതുവായി പങ്കിടുന്ന മലയാള സിനിമ എന്ന വ്യവഹാരവ്യവസ്ഥ അതിന്റെ നടത്തിപ്പുകാരാല്‍ തന്നെ വേട്ടയാടപ്പെടുകയും ഇടിച്ചു താഴ്ത്തപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ജോലി ആവശ്യാര്‍ഥം, നിര്‍മാണക്കമ്പനി ഏര്‍പ്പെടുത്തിക്കൊടുത്ത കാറില്‍ സഞ്ചരിച്ച പ്രമുഖ നടിയെ, കൊച്ചിയിലെ പൊതുനിരത്തില്‍ വെച്ച് അതിനിഷ്ഠൂരമായി പീഡിപ്പിക്കാന്‍ സൂപ്പര്‍ താരമായ ദിലീപ് ക്വട്ടേഷന്‍ കൊടുക്കുകയും ക്രൂരനായ ഒരു ആണ്‍ ഗുണ്ട അത് നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു. ഇത്ര മാത്രം ആഭാസകരവും സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ക്രിമിനല്‍ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടി മുന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാര്യങ്ങള്‍ തുറന്നുപറഞ്ഞ് പോലീസിന്റെയും സര്‍ക്കാറിന്റെയും ജുഡീഷ്യറിയുടെയും സഹായത്തോടെ പ്രശ്‌നപരിഹാരത്തിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പു വരുത്തുന്നതിനുമുള്ള പോരാട്ടത്തിലാണ്. വേദനാകരമെങ്കിലും, സ്വതന്ത്ര ഇന്ത്യയുടെയും ഐക്യകേരളത്തിന്റെയും ആത്മാഭിമാനം സംരക്ഷിക്കാനുള്ള സമരമാണിതെന്ന് കേരളം തിരിച്ചറിയുന്നു. ആ പെണ്‍കുട്ടിക്കൊപ്പം, ഏതറ്റം വരെയും പോകാന്‍ കേരളം തയ്യാറാണ്. പോലീസിലും കേരളസര്‍ക്കാറിലും പരിപൂര്‍ണ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്ന നടിയുടെ അതേ നിലപാടാണ് ബഹുഭൂരിപക്ഷം കേരളീയര്‍ക്കുമുള്ളത്. എന്നാല്‍, നടിയുടേത് നിസ്സാര പ്രശ്‌നമാണെന്നും ഇതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന ചില താരരാജാക്കന്മാരുടേതാണ് കൂടുതല്‍ വലിയ പ്രശ്‌നമെന്നുമുള്ള മട്ടില്‍; മലയാള സിനിമയിലെ അഭിനേതാക്കളുടെയടക്കം സംഘടനകള്‍ പ്രതികരിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, നാം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന ആധുനിക സമൂഹത്തിനും അതിന്റെ നിതാന്തമായ ജനാധിപത്യവത്കരണത്തിനും ഇത്തരം പിന്തിരിപ്പനും കുറ്റവാളികള്‍ക്കനുകൂലവും ഭരണഘടനാ വിരുദ്ധവുമായ സമീപനങ്ങള്‍ വലിയ ദോഷം ചെയ്യും. ഈ നിഷ്ഠൂര നീക്കത്തില്‍ നിന്ന് ഈ സംഘടനകളും അവയുടെ തലപ്പത്തുള്ള താരരാജാക്കന്മാരും കുത്തക സമീപനക്കാരും പിന്മാറിയില്ലെങ്കില്‍, അവരെയും അവരുടെ സിനിമകളെയും അവരുടെ മറ്റ് പൊതു ഇടപെടലുകളെയും എല്ലാക്കാലത്തേക്കും ബഹിഷ്‌ക്കരിക്കാന്‍ കേരളീയര്‍ പ്രേരിപ്പിക്കപ്പെടും.
സിനിമാ രംഗത്ത് എല്ലാ തലത്തിലുമുള്ള ആണധികാരമാണ് കൊടികുത്തിവാഴുന്നതെന്ന കാര്യവും നാം ഇതോടൊപ്പം തുറന്നു പറയേണ്ടിയിരിക്കുന്നു. സിനിമയാക്കപ്പെടുന്ന പ്രമേയങ്ങളും അതിന്റെ ആഖ്യാന രീതിശാസ്ത്രവും ചിത്രീകരണ സമ്പ്രദായങ്ങളും തൊഴില്‍ മൂല്യങ്ങളും എല്ലാം തന്നെ അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധ പരികല്‍പനകളാലാണ് നിര്‍ണയിക്കപ്പെടുന്നത്. ദേശീയതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള കോഴിക്കോട് ശാന്താദേവി എന്ന കലാകാരിക്ക് മലയാള സിനിമയില്‍ നിന്ന് ലഭിച്ച ഏറ്റവും കൂടിയ പ്രതിഫലം വെറും ഒരായിരം രൂപ മാത്രമാണ്. സിനിമയിലെ കലാ സംവിധായകര്‍, ചിത്രീകരണസ്ഥലത്തുള്ള സാമഗ്രികളെ പ്രോപ്പര്‍ട്ടി എന്നാണ് പേരിട്ട് വിളിക്കുന്നത്. അത്തരത്തിലുള്ള ഒരു പ്രോപ്പര്‍ട്ടിയും കുറച്ചു കൂടി വ്യവസ്ഥാപിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഐറ്റവും മാത്രമാണ് മലയാള സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും സ്ത്രീശരീരസ്ഥാനം. ചൂഷണാധിഷ്ഠിത മുതലാളിത്തത്തിന്റെയും ഇനിയും ഒഴിഞ്ഞു പോയിട്ടില്ലാത്ത നാടുവാഴിത്തത്തിന്റെയും വ്യക്തികുടുംബബന്ധശരീര സങ്കല്‍പനങ്ങളാണ് മറ്റേതൊരു സമൂഹത്തിന്റെയുമെന്നതു പോലെ കേരളത്തിന്റെയും സാമാന്യബോധത്തെ തീരുമാനിക്കുന്നത്. അതിന്റെ പ്രതിഫലനവും പ്രകടനവും തന്നെയാണ് ഇക്കാര്യത്തിലും, ജനപ്രിയതയുടെയും ലാഭത്തിലൂടെ കുന്നുകൂടിയ പണഭണ്ഡാരങ്ങളുടെയും അധികാരമദം പിടിച്ച സിനിമാസംഘടനകളും പുറത്തു കാട്ടുന്നത്. അവരുടെ കാലങ്ങള്‍ അവസാനിച്ചു എന്ന കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തം കേരള സമൂഹത്തിനുണ്ട്.
ദിലീപ് നടത്തിയ ഗൂഢാലോചനയും അതിന്റെ നിര്‍വഹണവും മലയാള സിനിമ എന്ന കലയും കച്ചവടവും കൂട്ടിക്കലര്‍ത്തിയ ആവിഷ്‌ക്കാരമാധ്യമത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയുന്നതിന് തുല്യമായ മാരകമായ അധഃപതനത്തിന്റെ മുഖലക്ഷണം കൂടിയാണ്. കാര്യങ്ങള്‍ ഇത്തരത്തിലെത്തിച്ചതിന് മുമ്പില്‍ നിന്നും പിന്നില്‍ നിന്നും കരുക്കള്‍ നീക്കിയ എല്ലാ നരാധമന്മാരെയും മതിയായ തോതിലും മാതൃകാപരമായും ശിക്ഷിക്കണമെന്ന കേരളീയ മനസ്സാക്ഷിയുടെ അത്യന്തം ഉത്ക്കടമായ അഭിവാഞ്ഛ, മലയാളി സമൂഹം പങ്കു വെക്കുന്നു.
മാധ്യമങ്ങളിലും ജനമനസ്സിലും ഭരണ സംവിധാനത്തിന്റെ വിവിധ തട്ടുകളിലും രാഷ്ട്രീയത്തില്‍ വരെയും വന്‍ സ്വാധീനവും കുന്നു കൂടിയ പണക്കൂമ്പാരവും കൈമുതലായുണ്ടായിട്ടും ഈ സൂപ്പര്‍ പ്രതിനായകന്‍ പിടിയിലായി എന്ന യാഥാര്‍ഥ്യം തെളിയിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഒന്നാമത്തേത്, ഇവിടെയുണ്ടായതു പോലെ നിഷ്ഠൂരമായ ആക്രമണത്തിന് വിധേയയായപ്പോള്‍, തന്റെ പ്രശസ്തിയും മാന്യതയും തൊഴിലും സ്വത്തുക്കളും വ്യക്തിജീവിതവും അപകടത്തിലായേക്കും എന്ന മുന്നറിയിപ്പുകളെ വകവെക്കാതെ, പരാതിയും കേസുമായി മുന്നോട്ടു പോയ നടി കേരളത്തിലെ എന്നല്ല ഇന്ത്യയിലെയും ലോകത്തെമ്പാടും ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കാകെ മാതൃകയാണ്. അവര്‍ പകര്‍ന്ന ധൈര്യം സ്ത്രീസമൂഹത്തിന്റെയാകെ പ്രതികരണശേഷി വര്‍ധിപ്പിക്കും. അവരുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഈ കേസ് തെളിയിക്കുന്നതിന്റെ ഒന്നാമത്തെ അടിസ്ഥാനം. രണ്ടാമത്തേത്, പല ദുരാരോപണങ്ങളും സമ്മര്‍ദങ്ങളും അതിജീവിച്ചു കൊണ്ട് നീതിയോടും സത്യത്തോടും ആത്മാര്‍ഥമായി പ്രതിബദ്ധതയുണ്ട് എന്നു തെളിയിച്ചുകൊണ്ട് കേസ് തെളിയിക്കാന്‍ മുന്നിട്ടിറങ്ങിയ കേരള പോലീസും അവരെ അതിന് പ്രേരിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
സ്വന്തം സംഘടനയിലെ അംഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പരിശ്രമത്തെ തള്ളിപ്പറയുകയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മേഖല തന്നെ നശിച്ചാലും വേണ്ടിയില്ല ക്രിമിനലിനൊപ്പം എന്ന സന്ദേശം പകര്‍ന്ന അമ്മ അടക്കമുള്ള മലയാള സിനിമയിലെ സംഘടനകള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് തങ്ങളുടെ സ്ഥാനം എന്ന് സ്വയം തെളിയിച്ച ദിവസങ്ങള്‍ കൂടിയാണ് കടന്നുപോയത്.
നടികള്‍ക്കെതിരെയെന്നതു പോലെ, എക്‌സ്ട്രാ അഭിനേതാക്കള്‍ക്കെതിരെയും മറ്റ് സാങ്കേതികപ്രവര്‍ത്തകര്‍ക്കെതിരെയും കാണികള്‍ക്കെതിരെയും വിമര്‍ശകര്‍ക്കെതിരെയും നിരന്തരമായ ഭീഷണികള്‍ മുഴക്കിക്കൊണ്ട് മലയാള സിനിമാവ്യവസായം തന്നെ ഒരു മഹാഅധോലോകമായി വളര്‍ന്നിരിക്കുന്നു. അതിനെ തിരുത്തുകയും മലയാള സിനിമയുടെ അഭിമാനം വീണ്ടെടുക്കുകയും ചെയ്യുന്ന ഉള്ളു തുറന്നതും ആര്‍ജ്ജവത്തോടു കൂടിയതും ആയ സമീപനം സിനിമാരംഗത്തുള്ളവര്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷ സഫലമാക്കേണ്ടത് അവര്‍ തന്നെയാണ്. അതിന് അവരെ പ്രേരിപ്പിക്കാന്‍ കേരള ജനത തയ്യാറാകേണ്ടതുണ്ട്.
സിനിമ ലാഭമായാലും നഷ്ടമായാലും, സൂപ്പര്‍ താരത്തിന്റെ കണക്കില്‍ കോടികള്‍ കുമിഞ്ഞുകൂടുക എന്നതാണ് മലയാള സിനിമയിലെ സാമ്പത്തിക വിനിമയക്രമം. അതായത്; നിര്‍മാതാക്കള്‍, വിതരണക്കാര്‍, പ്രദര്‍ശനശാലക്കാര്‍, കാണികള്‍, മറ്റഭിനേതാക്കള്‍, സംവിധായകരടക്കമുള്ള സാങ്കേതികപ്രവര്‍ത്തകര്‍, സര്‍ക്കാര്‍, ചാനലുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും നഷ്ടങ്ങളുണ്ടാകുമ്പോള്‍, സൂപ്പര്‍ താരങ്ങള്‍ക്കു മാത്രം ടേബിള്‍ പ്രോഫിറ്റിന്റെയും സാറ്റലൈറ്റ് റേയ്റ്റിന്റെയും മറ്റും പേരില്‍ ലാഭം കോടികളായി കുമിഞ്ഞു കൂടുന്നു. ഇപ്രകാരം സമാഹരിക്കപ്പെടുന്ന പണം റിയല്‍ എസ്‌റ്റേറ്റ്, മാഫിയ മേഖലകളിലേക്ക് പടര്‍ത്തിവിടുകയാണിവര്‍ ചെയ്യുന്നത്. അത് സംരക്ഷിക്കാനും അതിനു വേണ്ടി എന്തു നെറികേട് ചെയ്യുന്നതിനും ആവശ്യമുള്ള ഗുണ്ടകളെ പോറ്റിവളര്‍ത്തുകയും ചെയ്യുന്നുണ്ട്. ബൗണ്‍സര്‍മാര്‍ എന്നാണിവരെ വിളിക്കുന്നത്. അത്തരത്തിലുള്ള ഒരു ക്വട്ടേഷന്‍ ഗുണ്ടയാണ്, കൊച്ചിയില്‍ പൊതുനിരത്തില്‍ വെച്ച് നടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്.
ഇതിനു പുറമെയാണ് നടികളെ ശാരീരികമായി ചൂഷണം ചെയ്യുന്ന പതിവ്. മുന്‍നിര നടികള്‍ മുതല്‍ എക്‌സ്ട്രാ നടികള്‍ വരെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയരാവാറുണ്ടെന്നത് നാട്ടിലെ പാട്ടാണ്. ഇത്തരത്തില്‍ ചൂഷണവിധേയരാവുന്ന സ്ത്രീകളെ ‘മോശം സ്ത്രീകള്‍’ എന്നാണ് ബഹുമാന്യനായ എം പി ഇന്നസെന്റ് വിശേഷിപ്പിക്കുന്നത്. ലൈംഗിക ചൂഷണത്തിന് വിധേയയാവുന്ന സ്ത്രീയുടെ സ്വഭാവ പരിശോധന നടത്തുന്നത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നിരിക്കെ, കടുത്ത നിയമലംഘനമാണ് ഈ പ്രസ്താവനയിലൂടെ ഇന്നസെന്റ് നടത്തിയിരിക്കുന്നത്.
നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം, ക്വട്ടേഷന്‍ കൊടുത്ത നടനോട് വിധേയത്വം കാണിക്കുകയാണ് അഭിനേതാക്കളുടേതെന്നവകാശപ്പെടുന്ന അമ്മ എന്ന സംഘടന ചെയ്തിരിക്കുന്നത്. ഈ അപഹാസ്യ നാടകത്തിലൂടെ കേരളത്തിലെ ജനകീയ സംഘടനാ ചരിത്രത്തില്‍ ഏറ്റവും അശ്ലീലമായ സംഘടനയായി അമ്മയുടെ സ്ഥാനം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു സംഘടനക്ക് മൂന്ന് തട്ടിലുള്ള ഉത്തരവാദിത്തം അല്ലെങ്കില്‍ പ്രതിബദ്ധത ഉണ്ടാവണമെന്നതാണ് സാമാന്യ തത്വം. ഒന്ന് ആ സംഘടനയുടെ അംഗങ്ങളോട് തന്നെയാണ്. അത് അമ്മക്കില്ല എന്നു തെളിഞ്ഞിരിക്കുന്നു. ആ സംഘടനയുടെ അംഗമായ, ആക്രമിക്കപ്പെട്ട നടിയോട് സഹാനുഭൂതിയോ അനുഭാവമോ കാണിച്ചില്ല എന്നു മാത്രമല്ല; ആക്രമിക്കപ്പെട്ട ഉടനെ അതിനു പിന്നില്‍ ഇന്നയാളല്ല എന്നു പറഞ്ഞില്ല എന്നതിന്റെ പേരില്‍ ആ നടിയെ തള്ളിപ്പറഞ്ഞ സൂപ്പര്‍ താരത്തെ സമ്പൂര്‍ണമായി പിന്തുണക്കുകയും അയാളോടൊപ്പം നിലക്കൊള്ളുകയുമാണ് അമ്മ ചെയ്തിരിക്കുന്നത്. ഇതിനെ പറ്റി ചില സംശയങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ വിരട്ടുകയും അധിക്ഷേപിക്കുകയുമാണ് ജനപ്രതിനിധികളടക്കമുള്ള അമ്മ നേതാക്കള്‍ ചെയ്തത്.
രണ്ടാമത്തെ ഉത്തരവാദിത്തം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മേഖലയോടാണ്. സിനിമ എന്ന കലാരൂപത്തോടു വേണ്ട കച്ചവടരംഗത്തോട് പോലും എന്തെങ്കിലും അനുഭാവം ഈ സംഘടനക്കുണ്ടെന്നു പറയാന്‍ വയ്യ. ആഷിക്ക് അബുവും അമല്‍ നീരദും അന്‍വര്‍ റഷീദും അടക്കമുള്ള പുതുമുറ സംവിധായകരെ തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞവരാണ് അമ്മയടക്കമുള്ള മുഖ്യധാരാ സിനിമാ സംഘടനകളെ കീശയിലാക്കി വെച്ച് നിയന്ത്രിക്കുന്നതെന്ന് അവര്‍ തന്നെ ആരോപിച്ചിരിക്കുന്നു. മുമ്പ് തിലകനോടും വിനയനോടും പൃഥ്വിരാജിനോടും ഇത്തരം വിലക്ക് ഭീഷണി ഇവര്‍ പുറപ്പെടുവിക്കുകയുണ്ടായി.
മൂന്നാമത്തെ ഉത്തരവാദിത്തം പൊതുസമൂഹത്തോടാണ്. പൊതുസമൂഹത്തെ ഇത്രമാത്രം അപഹാസ്യമായ രീതിയില്‍ അഭിമുഖീകരിക്കുന്ന ഒരു സംഘടനയെയും അതിന്റെ തലപ്പത്തുള്ള വ്യക്തികളെയും അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. കലുഷിതമായ ഇന്ത്യയുടെ പ്രത്യാശയായി കണക്കാക്കുന്ന ജനാധിപത്യ ഉത്ക്കര്‍ഷത്തിന്റെ യുവനായകപ്രതീകം കനയ്യകുമാറിനെ അധിക്ഷേപിച്ച് ബ്ലോഗെഴുതിയ (കാര്‍ഗിലില്‍ മഞ്ഞു പെറുക്കുമ്പോള്‍, ഫയര്‍ സൈഡില്‍ വിസ്‌ക്കി നുണയുന്നു) മോഹന്‍ലാല്‍, സ്വന്തം പ്രവര്‍ത്തന മേഖലയില്‍ നടന്ന കൊടും അക്രമത്തെ ന്യായീകരിക്കുന്നതിനെന്ന് സംശയിക്കണം, ഇപ്പോള്‍ ബ്ലോഗെഴുത്ത് തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഈ വ്യവസായത്തിന്റെയും അതില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തട്ടിലുള്ളവരെയും സംരക്ഷിക്കാനെന്ന മട്ടില്‍ പടച്ചുണ്ടാക്കിയിരിക്കുന്ന നൂറോളം സംഘടനകളാകട്ടെ പരസ്പരം വിലക്കാനും പേടിപ്പിക്കാനും മാത്രം തിണ്ണബലം കാണിക്കുന്ന തികഞ്ഞ ജനാധിപത്യ വിരുദ്ധ ആള്‍ക്കൂട്ടങ്ങളും അധികാരം നോക്കികളുമാണ്.
അധികാര വര്‍ഗ രാഷ്ട്രീയക്കാരില്‍ കുറെയാളുകളുടെ സ്വകാര്യതാത്പര്യങ്ങളും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ട്. സിനിമയുമായി ബന്ധമുള്ളതും അല്ലാത്തതുമായ സ്‌റ്റേജുകളില്‍, താരങ്ങളുടെ തൊട്ടടുത്തിരിക്കാനും അവരുടെ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാനും വേണ്ടി മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ വന്‍തോക്കുകള്‍ വരെ നിര്‍ലജ്ജം ഓടിക്കൂടുന്നത് സ്ഥിരം അശ്ലീല കാഴ്ചകളില്‍ ചിലതു മാത്രമാണ്. ജൈവകൃഷി മുതല്‍ സാഹിത്യ സമ്മേളനങ്ങള്‍ വരെ താരപ്പകിട്ട് കൊണ്ട് കൊഴുപ്പിക്കാനാണ് സര്‍ക്കാറും മറ്റ് സ്വകാര്യ സംഘാടകരും ശ്രമിക്കുന്നത്.
സമ്പത്ത് കുമിഞ്ഞു കൂടിയതിനെ തുടര്‍ന്ന്, സിനിമയുമായി ബന്ധപ്പെട്ട സകല നീക്കങ്ങളും നിയന്ത്രിക്കാന്‍ മാത്രം അതിശയന്മാരായി പല താരത്തമ്പ്രാക്കളും വളര്‍ന്നിട്ടുണ്ട്. സിനിമ നിര്‍മിക്കുന്നതും, സംവിധായകനെ പുറകില്‍ നിന്ന് നിയന്ത്രിക്കുന്നതും, വിതരണം ചെയ്യുന്നതും, ഏതൊക്കെ തിയേറ്ററില്‍ കൊടുക്കണം/കൊടുക്കേണ്ട എന്നു തീരുമാനിക്കുന്നതും, എത്ര ദിവസം കളിക്കണം, എന്താണ് ഷെയര്‍ റേയ്റ്റ് എന്നു പ്രഖ്യാപിക്കുന്നതും, വിമര്‍ശനങ്ങളെ തമസ്‌കരിക്കുന്നതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും എല്ലാം സൂപ്പര്‍ താരങ്ങള്‍ തന്നെ.
മലയാള സിനിമയുടെ മുഖ്യധാരാ പ്രമേയങ്ങളധികവും പൊതുബോധത്തെ പ്രീണിപ്പിക്കുന്നതിനു വേണ്ടി മെനഞ്ഞെടുക്കുന്നവയാണെന്നത് വ്യക്തമാണ്. എഴുപതുകളോടെ വഴി പിരിഞ്ഞ കലാ സിനിമയോട് കണക്കു തീര്‍ത്ത് വളര്‍ന്നു വലുതായ കച്ചവട സിനിമ, വലതുപക്ഷത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും ഹിന്ദുത്വഫാസിസത്തിന്റെയും വാഴ്ത്തുപാട്ടുകളാണ് കൊണ്ടാടിക്കൊണ്ടേ ഇരുന്നത്. നാടുവാഴിത്തത്തെയും സവര്‍ണ ബ്രാഹ്മണാധികാരത്തെയും ആദര്‍ശവത്ക്കരിക്കുകയും ഉയര്‍ന്ന ജാതിക്കാരുടെ സാംസ്‌കാരിക നിര്‍ണയനങ്ങളെ കേരള സംസ്‌കാരമായി തെറ്റായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ആശയപ്രചാരണമാണ് ഈ സിനിമകളെ സ്വാധീനിക്കുന്നത്. കര്‍ഷകരും തൊഴിലാളികളും നടത്തിയ അനവധി സമരങ്ങളിലൂടെ തോല്‍പ്പിക്കപ്പെട്ട പഴയ തരം അധികാരബന്ധങ്ങളെ പുനരാവഹിക്കാനുള്ള ശ്രമങ്ങളുമാണത്.
കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിലധികം കാലമായി നൂറുകണക്കിന് മലയാള സിനിമകളില്‍ ആണഹങ്കാരവും ആണധികാരവും എടുത്തു പയറ്റി ശൂരവീര നായകന്മാര്‍; രാജാക്കന്മാരായും തമ്പുരാക്കന്മാരായും അധോലോക നായകന്മാരായും നാടുവാഴികളായും പട്ടാള കേണല്‍മാരായും പോലീസ് മേധാവികളായും പൂരം നടത്തിപ്പുകാരായും വല്യേട്ടന്മാരായും വിലസുകയായിരുന്നു. ആണ്‍ പടയോട്ടവും ആണ്‍ രഥയാത്രയുമായി ലോകത്തെയെന്നതുപോലെ കാമ്പസിനെയും ഓടിച്ചിട്ട് പിടിക്കുകയും വളച്ചു കെട്ടുകയും ചെയ്യുന്ന ആക്രമണോത്സുകതയും അര്‍മാദവുമായി ഓണാഘോഷത്തിന്റെ പേരിലുള്ള നിര്‍ബന്ധിത ദേശീയോത്സവാചരണങ്ങള്‍ അശ്ലീലമായിത്തീര്‍ന്നതിന്റെ കൂടി ദുരന്തങ്ങളാണ് നാം വര്‍ധിച്ച സിനിമാസ്വാധീനം നിലനില്‍ക്കുന്ന കാമ്പസുകളില്‍ കണ്ടത്. ഉള്ളുപൊള്ളയായതും അമിതമായി അക്രമവാസനയുടെ വീറു കാണിക്കുന്നതും ശബ്ദായമാനവും വര്‍ണശബളവുമായ ദൃശ്യധാടിയെയും ചലനചടുലതകളെയുമാണ് ജനപ്രിയത പ്രകീര്‍ത്തിക്കുന്നത്.
ആഹ്ലാദവും അച്ചടക്കവുമായി പിളരുന്ന കൗമാര/യൗവനത്തെ തളച്ചിടാനും തങ്ങളുടെ കളിത്തൊട്ടിലാക്കാനും ഫാസിസത്തിന് എളുപ്പവഴി തീര്‍ത്തുകൊടുക്കുകയാണ് ഈ പ്രവണതകള്‍ എന്നതാണ് സങ്കീര്‍ണമായി തോന്നിപ്പിക്കുന്ന ലളിത യാഥാര്‍ഥ്യം. മലയാള സിനിമയിലെ ജനപ്രിയതാ രൂപീകരണത്തിന്റെ നിര്‍മാണ ഘടകങ്ങള്‍ ഏതൊക്കെ എന്ന് വേര്‍തിരിച്ചെടുക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുക എന്നത് എളുപ്പമോ ലളിതമോ ആയ കാര്യമല്ല. എന്നാലതിനുള്ള ഏതു ശ്രമത്തെയും വര്‍ധിച്ച അക്രമോത്സുകതയോടെ മുളയിലേ നുള്ളിക്കളയാനുള്ള പരിശ്രമങ്ങള്‍ ആധിപത്യശക്തികള്‍ സ്വയം പേറുന്ന അരക്ഷിതത്വ ബോധത്തിന്റെ ലക്ഷണവുമാണ്.
കുടിലവും മാരകവുമായ ഇത്തരം സ്ത്രീ വിരുദ്ധ പ്രതിനിധാനങ്ങളിലൂടെ വളര്‍ത്തിയെടുത്ത ആണധികാരവും ആണഹങ്കാരവുമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി യുവാക്കളുടെ പൊതു/ആത്മബോധങ്ങളെ നിര്‍ണയിക്കുന്നത്. ആ നിര്‍ണയനമാണ് സ്ത്രീയെ വെറും ശരീരമായി കാണാന്‍ പ്രേരിപ്പിക്കുന്നതും ഏതു സമയത്തും കാമപൂര്‍ത്തീകരണത്തിനും ബലാത്സംഗത്തിനും ബ്ലാക്ക് മെയ്‌ലിംഗിനും ക്വട്ടേഷനും ആക്രമണത്തിനും മറ്റും വിധേയയാക്കിക്കളയാം എന്ന ചിന്തയിലേക്ക് നയിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here