ഇതാണ് സിനിമാ ലോകം

Posted on: July 11, 2017 11:29 pm | Last updated: July 12, 2017 at 2:18 pm
SHARE

ക്വട്ടേഷന്‍ സംഘങ്ങളെയും അധോലോക സംഘങ്ങളെയും ജനങ്ങളറിഞ്ഞു തുടങ്ങുന്നത് വെള്ളിത്തിരയിലൂടെയാണ്. എന്നാല്‍ കഥാകൃത്തിന്റെ ഭാവനയില്‍ മാത്രമല്ല, കുടിപ്പകയും ക്രിമിനലിസവും അധോലോക സംഘങ്ങളും തിരശ്ശീലക്ക് പിന്നില്‍ സിനിമാ ലോകത്ത് പച്ച യാഥാര്‍ഥ്യമാണെന്നാണ് നടി അക്രമിക്കപ്പെട്ട കേസിന്റെ പര്യവസാനം വിളിച്ചു പറയുന്നത്. സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിച്ചു വരുന്ന ജനപ്രിയ നടന്‍ അടക്കം സിനിമാ ലോകത്തെ പ്രമുഖര്‍ക്ക് കേസില്‍ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. എല്ലാ നന്മയുടെയും പ്രതീകങ്ങളായി വെള്ളിത്തിരകളില്‍ പ്രത്യക്ഷപ്പെടാറുള്ള താരങ്ങളിലും അണിയറ പ്രവര്‍ത്തകരിലും പലരുടെയും യഥാര്‍ഥ മുഖം വികൃതവും ബീഭത്സവുമാണെന്നാണ് പുറത്തു വരുന്ന വിവരം. പല മോശം പ്രവണതകളും സിനിമാ ലോകത്ത് നടക്കുന്നുണ്ടെന്ന് ഗണേഷ്‌കുമാര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സിനിമയില്‍ ശക്തരാകാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നതായും മയക്കുമരുന്ന് മാഫിയ ഈ രംഗത്ത് സജീവമാണെന്നും പുറത്തുപറയാനാകാത്ത പലതും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പള്‍സര്‍ സുനിയെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരും ക്വട്ടേഷന്‍ ഇടപാടുകാരുമായ വേറെയും ധാരാളം പേര്‍ താരങ്ങളുടെ ഡ്രൈവര്‍മാരായും സഹായികളായും ലൊക്കേഷന്‍ മാനേജര്‍മാരായും വിലസുന്നുണ്ടത്രെ. സിനിമാ ലൊക്കേഷനിലേക്ക് മദ്യവും ലഹരിവസ്തുക്കളും എത്തിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. ഏതാനും വര്‍ഷം മുമ്പ് ഗുണ്ടാപ്പിരിവ് നല്‍കാത്തത് മൂലം രണ്ട് സിനിമകളുടെ ചിത്രീകരണം ക്വട്ടേഷന്‍ ടീമംഗങ്ങള്‍ തടസ്സപ്പെടുത്തിയത് വാര്‍ത്തയായിരുന്നു.

കേരള പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് കേസിന്റെ പരിസമാപ്തി. അഞ്ച് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങള്‍ കടന്നു പോയിട്ടും കേസിന് തുമ്പുണ്ടാകാതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഈ നാളുകളിലൊന്നും പോലീസ് അലസമായിരിക്കുകയായിരുന്നില്ല. ആസൂത്രിതമായ നീക്കത്തിലൂടെ പ്രതികളാരെല്ലാമെന്ന് കൃത്യമായി കണ്ടെത്താനുള്ള യജ്ഞത്തിലായിരുന്നുവെന്നാണ് ഇപ്പോള്‍ ബോധ്യമാകുന്നത്. സംഭവം യാദൃശ്ചികമല്ല, പിന്നില്‍ ഗൂഢാലോചയുണ്ടെന്നുള്ള സംശയം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. നടന്‍ ദിലീപിന്റെ പേരും ഒപ്പം ഉയര്‍ന്നു കേട്ടു. തിടുക്കപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കാതെ ഈ ആരോപണത്തിന്റെ നിജസ്ഥിതി അറിയുന്നതിന് സമര്‍ഥവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു പോലീസ്. മാരത്തോണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ അദ്ദേഹത്തിന്റെ പങ്ക് ബോധ്യപ്പെട്ടെങ്കിലും അറസ്റ്റിന് തിടുക്കം കാണിക്കാതെ തെളിവുകള്‍ക്ക് സ്ഥിരീകരണം ലഭിക്കുന്നത് വരെ കാത്തിരുന്നു. പ്രതികള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടാതിരിക്കാനായി കേസിന്റെ പുരോഗതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു പോകാതിരിക്കാനും ശ്രദ്ധിച്ചു. അതിനിടെ മുന്‍ ഡി ജി പി സെന്‍കുമാര്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയെങ്കിലും പോലീസ് പതറിയില്ല. മുഖ്യമന്ത്രി നല്‍കിയ പിന്തുണയുടെ ധൈര്യത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഇടതു എം എല്‍ എമാരും നടന്മാരുമായ മുകേഷും ഗണേഷ്‌കുമാറും ദിലീപിന് അനുകൂലമായ നിലപാടുമായി രംഗത്തു വന്നെങ്കിലും കേസന്വേഷണത്തില്‍ ആഭ്യന്തര വകുപ്പ് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. എത്ര വലിയ മീനായാലൂം കുറ്റകൃത്യത്തില്‍ പങ്കുണ്ടെങ്കില്‍ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് യാഥാര്‍ഥ്യമായിരിക്കുകയാണ്.

മറ്റു കുറ്റകൃത്യങ്ങളിലും ഈ കേസില്‍ കാണിച്ച ജാഗ്രതയും കാര്യക്ഷമതയും പോലീസ് കാണിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ സംബന്ധിച്ച നിരവധി കേസുകള്‍ തുമ്പില്ലാതെ എഴുതിത്തള്ളുകയോ ഇഴഞ്ഞു നീങ്ങുകയോ ചെയ്യുകയാണ്. ഇരകള്‍ പ്രമുഖരോ അറിയപ്പെട്ടവരോ അല്ലാതാകുമ്പോള്‍ അന്വേഷണോദ്യോഗസ്ഥര്‍ കേസിന്റെ കാര്യത്തില്‍ അത്ര ശുഷ്‌കാന്തി കാണിക്കാറില്ല. വേണമെങ്കില്‍ ഏത് കേസും സമര്‍ഥമായി കൈകാര്യം ചെയ്യാനും പഴുതുകളടച്ചു കുറ്റവാളികളെ കണ്ടെത്താനും കഴിയുമെന്ന് സംസ്ഥാന പോലീസ് തെളിയിച്ചിരിക്കെ ഇനി മുമ്പോട്ടുള്ള എല്ലാ കേസുകളിലും ഈ കഴിവ് പ്രകടിപ്പിക്കാന്‍ അവര്‍ സന്നദ്ധരാകുമോ?

കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരസംഘടനയായ ‘അമ്മ’യും വെട്ടിലായിരിക്കയാണ്. നടി അക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ സംഘടനക്കായില്ല. അതേസമയം അന്വേഷണം ദിലീപിന് നേരെ നീണ്ടത് ‘അമ്മ’ ഭാരവാഹികളെ വല്ലാതെ അസ്വസ്ഥരാക്കുകയും ചെയ്തു. ദിലീപിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു സംഘടനയുടെ പ്രതികരണങ്ങളെല്ലാം. അമ്മ യോഗത്തിന് ശേഷം കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നതിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംഘടനാ നേതൃത്വത്തിലെ ചിലര്‍ മാന്യമല്ലാത്ത വിധം സംസാരിക്കുക കൂടി ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും അമ്മ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായി. സൂപ്പര്‍ താരങ്ങളാകട്ടെ ഒന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടിലായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ ആക്രോശിച്ചേപ്പാഴും അവര്‍ മൗനികളായി നിലകൊണ്ടു. സഹപ്രവര്‍ത്തകയായിട്ടും നടിയെ വിട്ടു വേട്ടക്കാരുടെ ഭാഗത്ത് നിലകൊണ്ട സംഘടനയുടെ നിലപാട് ഒരു വിധത്തിലും ന്യായീകരണമര്‍ഹിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here