പഴുതടച്ച് നീങ്ങി; പോലീസിന് പൊന്‍തൂവല്‍

Posted on: July 11, 2017 8:41 am | Last updated: July 11, 2017 at 10:47 am
SHARE

തിരുവനന്തപുരം: പഴുതടച്ച് പോലീസ് നടത്തിയ നീക്കങ്ങളാണ് നടന്‍ ദിലീപിന്റെ അറസ്റ്റിലേക്കെത്തിച്ചത്. ബാഹ്യസമ്മര്‍ദങ്ങളേറെയുണ്ടായിട്ടും കരുതലോടെയുള്ള നീക്കം കാര്യങ്ങള്‍ എളുപ്പമാക്കി. നടിയെ ആക്രമിച്ച കേസില്‍ ആദ്യം ഗൂഢാലോചനയെക്കുറിച്ച്്് പരാമര്‍ശമില്ലായിരുന്നു. കേസിലെ പ്രതി ചാര്‍ളിയുടെ മൊഴി ആദ്യത്തെ കുറ്റപത്രത്തിലില്ലായിരുന്നു. പള്‍സര്‍ സുനിയുള്‍പ്പടെയുളള ഏഴ് പേരായിരുന്നു ആദ്യത്തെ കേസില്‍ പ്രതിപട്ടികയില്‍. എന്നാല്‍ പിന്നീടാണ് പോലീസ് ഗൂഢാലോചനയെക്കുറിച്ച്്് അന്വേഷിക്കുന്നത്. ഇത് പോലീസിന്റെ തന്ത്രമായിരുന്നു.

പ്രതികള്‍ രക്ഷപ്പെടാതിരിക്കുന്നതിനായിരുന്നു പോലീസ് ശ്രദ്ധിച്ചത്. അന്വേഷണ സംഘത്തിനിടയില്‍ വേണ്ടത്ര ഏകോപനമില്ലെന്ന, സ്ഥാനമൊഴിഞ്ഞ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ വിമര്‍ശം കേസ് വീണ്ടും ജനശ്രദ്ധയിലെത്തിച്ചു. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അറിവു കൂടാതെ ദിലീപിനെയും നാദിര്‍ഷായെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതിനെതിരെയും വിമര്‍ശം ഉയര്‍ന്നു. തുടര്‍ന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ അനുമതി ലഭിച്ചു.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കേസില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനെതിരെയും വിവിധ കോണുകളില്‍ നിന്നും വിമര്‍ശം ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120(ബി) അതായത് ഗൂഢാലോചനകുറ്റം തെളിയിക്കണമെങ്കില്‍ സങ്കീര്‍ണമായ തെളിവുകള്‍ കൂട്ടിയിണക്കണം. അതാണ് സംസ്ഥാന പോലീസ് സമയമെടുത്തും തെളിവുകള്‍ കൂട്ടിചേര്‍ത്തതിനു ശേഷം മാത്രം അറസ്റ്റിനു മുതിര്‍ന്നത്.

പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, സംവിധായകന്‍ നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും ഫോണ്‍ ചെയ്തു ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്നു നടന്‍ ദിലീപ് ഡി ജി പിക്ക് കഴിഞ്ഞ ഏപ്രില്‍ 20ന് നല്‍കിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനില്‍ ജയിലില്‍നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. എന്നാല്‍ ദിലീപിന്റെ പരാതിയില്‍ ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍നിന്നും സുനില്‍ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോണ്‍ രേഖകളില്‍നിന്ന് പോലീസിനു വ്യക്തമായി.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ട് മാസം മുമ്പാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പോലീസ് മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.

സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പള്‍സര്‍ സുനി ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് കേസില്‍ ഏറെ നിര്‍ണായകമായ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്്. സംസ്ഥാനത്തിന്റെ ഭരണ നേതൃത്വവും ആഭ്യന്തര വകുപ്പും കേസ് അന്വേഷിക്കുന്നതിന് പോലീസിന് പൂര്‍ണ പിന്തുണ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here