Connect with us

Ongoing News

കൂറ് തെളിയിക്കാന്‍ ഇത്രയൊക്കെ വേണോ?

Published

|

Last Updated

യു ഡി എഫ് പാളയത്തിലായിരുന്ന സെന്‍കുമാര്‍ ഈയിടെയായി ബി ജെ പി പാളയത്തിലേക്ക് നീങ്ങിക്കൊണ്ടിക്കയാണെന്ന് ഫെബ്രുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും കേവല വ്യക്തിവിദ്വേഷത്തിലധിഷ്ഠിതമായ ആരോപണമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു പലരും. എന്നാല്‍ പിണറായിയുടെ നിരീക്ഷണത്തെ ശരിവെക്കുന്നതാണ് മുസ്‌ലിം വിരുദ്ധവും ആര്‍ എസ് എസിനെ വെള്ളപൂശുന്നതുമായ പരാമര്‍ശങ്ങളും ജന്മഭൂമി ചടങ്ങിലെ സാന്നിധ്യവുമെല്ലാം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ട പോലെ, സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഡി ജി പി സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, കുമ്മനം രാജശേഖരനും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
സെന്‍കുമാറിന് കിരണ്‍ബേദിയുടെയും സത്യപാല്‍ സിംഗിന്റെയും പാത പിന്തുടരാന്‍ അവകാശമുണ്ട്. അതിന് പക്ഷേ, മുസ്‌ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതവും തരംതാണതുമായ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടോ? കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇത് ആപത്കരമാണ്. “ലൗജിഹാദു”മായി നടക്കുന്ന കുറേയാളുകളുണ്ട് സംസ്ഥാനത്ത്. മേതതരത്വമുള്ളവര്‍ കേരള മുസ്‌ലിംകളില്‍ വിരലിലെണ്ണാവുന്നവരെയുള്ളൂ. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കൊലപാതകങ്ങളല്ല, അതേപ്പറ്റി മുസ്‌ലികള്‍ പ്രസംഗിക്കുന്നതാണ് കുഴപ്പം, ആര്‍ എസ് എസ് കുഴപ്പക്കാരല്ല, ദേശീയ സ്പിരിറ്റുള്ള സംഘടനയാണ് എന്നിങ്ങിനെ പോകുന്നു സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.
പശുവിനെ ചൊല്ലി രാജ്യത്ത് സംഘ്പരിവാര്‍ സംഘടനകള്‍ കിരാതമായ അക്രമങ്ങളും കൊലപാതകങ്ങളുമാണ് നടത്തി വരുന്നത്. പശു ഇറച്ചി ഭക്ഷിച്ചെന്നോ, കൈവശം വെച്ചെന്നോ ആരോപണം ഉന്നയിച്ചു മുസ്‌ലിംകളെ അവര്‍ പൈശാചികമായി അക്രമിക്കുകയും തല്ലിക്കൊല്ലുകയുമാണ്. കൊടിയ ഭീകരതയാണ് രാജ്യത്തുടനീളം അവര്‍ നടത്തുന്നത്. ഈ സംഘ്പരിവാര്‍ ഗുണ്ടായിസത്തിനെതിരെ ജനാധിപത്യ രീതിയില്‍ മാത്രമാണ് മുസ്‌ലിംകള്‍ പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും. എവിടെയെങ്കിലും അതേചൊല്ലി മുസ്‌ലിംകള്‍ സംഘര്‍ഷമോ കുഴപ്പമോ സൃഷ്ടിച്ചതായി കേട്ടുകേള്‍വി പോലുമില്ല. എന്നിട്ടും, പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്നത് കൊലപാതകങ്ങളല്ല, മുസ്‌ലിംകള്‍ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്ന പരാമര്‍ശം അത്ഭുതകരമാണ്. ജനമനസ്സുകളില്‍ വര്‍ഗീയ ധ്രുവീകരണവും മതസ്പര്‍ധയും സൃഷ്ടിക്കുന്ന മതേതരവിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യവിരുദ്ധവും രാജ്യതാത്പര്യത്തിന് നിരക്കാത്തതുമാണ്.

പഴകിപ്പുളിച്ചതും അടിസ്ഥാനരഹിതമെന്ന് അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കും ബോധ്യപ്പെട്ടതുമാണ് “ലൗജിഹാദ്” ആരോപണം. സംസ്ഥാനത്തെ ചില മുസ്‌ലിം വിരുദ്ധ മാധ്യമങ്ങളാണ് ലൗജിഹാദ് പ്രശ്‌നം എടുത്തിട്ടു വിവാദം സൃഷ്ടിച്ചത്. അവര്‍ തന്നെയും പിന്നീട് അത് നിഷേധിച്ചു. എന്നിട്ടും സംഘ്പരിവാര്‍ കൂറ് തെളിയിക്കാനായി സെന്‍കുമാര്‍ ഇപ്പോള്‍ അതാവര്‍ത്തിക്കുമ്പോള്‍, പലരും ചൂണ്ടിക്കാട്ടിയ പോലെ, പോലീസ് ഉദ്യോഗസ്ഥ പദവി കൈകാര്യം ചെയ്തിരുന്ന കാലത്ത് എന്തുകൊണ്ട് അതിനെതിരെ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കേണ്ടതുണ്ട്. സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യാ വര്‍ധനയെക്കുറിച്ചുള്ള സെന്‍കുമാറിന്റെ പരാമര്‍ശം അബദ്ധജടിലവും ശാസ്ത്രീയ പഠനങ്ങളിലെ കണ്ടെത്തലുകള്‍ക്കും 2011ലെ സര്‍ക്കാര്‍ സെന്‍സസിനു നിരക്കാത്തതുമാണ്. മുസ്‌ലിംകള്‍ പെറ്റുപെരുകുകയാണെന്ന സംഘ്പരിവാര്‍ ആചാര്യന്‍ എന്‍ ഗോപാലകൃഷ്ണന്റെ വിഷലിപ്തമായ പ്രസ്താവന അപ്പടി അനുകരിക്കുകയാണ് അദ്ദേഹം. ഉന്നതനായൊരു പോലീസുദ്യോഗസ്ഥന്‍ ആര്‍ എസ് എസിന്റെ ലൗഡ് സ്പീക്കറായി തരംതാണത് ലജ്ജാകരമാണ്.
വിഷലിപ്തമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു ഡി ജി പി പദവിയിലിരുന്നതെന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. സംസ്ഥാന പോലീസ് തലപ്പത്ത് നിശ്ചയിക്കുന്ന വ്യക്തിയെക്കുറിച്ചു സര്‍ക്കാര്‍ സൂക്ഷ്മ പഠനം നടത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് സെന്‍കുമാറിന്റെ ഈ പരാമര്‍ശങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വര്‍ഗീയതയെയും മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കുകയും ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ കൊടിയ വര്‍ഗീയതയുടെ വക്താക്കളാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കും. പോലീസിനകത്തെ വര്‍ഗീയവത്കരണവും മുസ്‌ലിം വിരുദ്ധതയും ലാഘവത്തോടെ കാണരുത്. രാജ്യത്ത് സൈന്യത്തെയും പോലീസിനെയുമെല്ലാം വര്‍ഗീയവത്കരിച്ചു ഹിന്ദുത്വ വര്‍ഗീയതയുടെ പ്രചാരകരും സംരക്ഷകരുമാക്കുകയെന്നത് ആര്‍ എസ് എസിന്റെ ഹിഡന്‍ അജന്‍ഡകളിലൊന്നാണ്. സെന്‍കുമാര്‍ അതിലൊരു കണ്ണിയായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റാന്‍ നടത്തിയ നീക്കമുള്‍പ്പെടെ സര്‍വീസ് കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദമായി അന്വേഷിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും വേണം. മാത്രമല്ല, മതസ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമത്തിന് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്യേണ്ടതാണ്.

Latest