സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീര്‍ഘവീക്ഷണമുള്ളത്: കാന്തപുരം

Posted on: July 10, 2017 5:43 pm | Last updated: July 10, 2017 at 10:06 pm
SHARE

കോഴിക്കോട്: കേരളത്തിലെ മുസ്ലിംകളെ കുറിച്ച് മുന്‍ ഡി.ജി.പിയായ ടി.പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത വര്‍ഗീയ സ്വഭാവമുള്ളതാണെന്നും മുഖ്യമന്ത്രിയായ ഉടനെ അദ്ദേഹത്തെ മാറ്റിനിറുത്താന്‍ പിണറായി വിജയന്‍ കാണിച്ച ആര്‍ജവം ദീര്‍ഘദൃഷ്ടിയോടെയുള്ളതുമായിരുന്നുവെന്നം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയുമൊക്കെ ജനനനിരക്ക് അസംബന്ധമായി അവതരിപ്പിച്ച് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള മുന്‍ ഡി.ജി.പിയുടെ ശ്രമം അത്യധികം ഹീനകരമാണ്. ഒരു സാധാരണക്കാരന്‍ പോലും നടത്താന്‍ സാധ്യതയില്ലാത്ത വര്‍ഗ്ഗീയതയുണ്ടാക്കുന്ന സംസാരങ്ങള്‍ സംസ്ഥാനത്തെ ഉന്നത സ്ഥാനത്തിരുന്ന ഒരാളില്‍ നിന്നുണ്ടായത് അപകടകരമാണ്. മുസ്ലിംകളും കൃസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ മതപരിവര്‍ത്തനം നടത്തുയും കൂടുതല്‍ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു കുഴപ്പം സൃഷ്ടിക്കുകയുമാണ് എന്നാണ് അദ്ദേഹത്തിന്റെ ഒരു വാദം. മുസ്ലിംകളില്‍ നല്ലവരും ഉണ്ട് എന്ന പരാമര്‍ശം ഒക്കെ ആഴത്തില്‍ വര്‍ഗീയത മനസ്സില്‍ കടന്നുകൂടിയ ഒരാള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ്.

ഇദ്ദേഹം ഡി.ജി.പി ആയിരുന്ന കാലത്തും ഇതേ നിലപാട് ആയിരുന്നോ വെച്ചുപുലര്‍ത്തിയത് എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. അങ്ങനെയാണെങ്കില്‍ ആ കാലത്ത് നടന്ന ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നടന്ന കേസുകളില്‍ പുനഃപരിശോധന നടത്തണം.

വര്‍ഗീയ നിലപാടുകള്‍ എടുക്കുന്നവര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ കടന്നുകൂടുന്നത് ആശങ്കാകരമാണ്. ഇങ്ങനെയുള്ളവര്‍ ഉദ്യോഗസ്ഥ തലപ്പത്തു എത്താതിരിക്കാന്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധിക്കണം. 1971ലെ തലശ്ശേരി കലാപം സംബന്ധിച്ച് ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പോലീസിനുള്ളിലെ വര്‍ഗീയതയെ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ ഉള്ള വര്‍ഗീയവത്കരണത്തെ സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പഠിച്ചു ആവശ്യമായ മാറ്റങ്ങള്‍ സര്‍ക്കാറുകള്‍ കൊണ്ടുവരണം.
കേരളം പോലെ ബഹുസ്വരത ശക്തമായി നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഡി.ജി.പിയായിരുന്ന ഉദ്യോഗസ്ഥന്‍, വിരമിച്ചു ദിവസങ്ങള്‍ക്കകം നടത്തിയ ഈ പരാമര്‍ശങ്ങള്‍ നമ്മുടെ നാടുകളില്‍ അസ്വസ്ഥത വിതക്കാന്‍ ഇടവരുത്താതെ എല്ലാ മത നേതാക്കളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും ജാഗ്രത കാണിക്കണം. ഇത്തരം മനോഭാവമുള്ളവരെ അമിത പ്രാധാന്യം നല്‍കാതെ അവഗണിക്കാനും മാധ്യമങ്ങള്‍ സൂക്ഷമത കാണിക്കണം.

പ്രശംസനീയമായ രൂപത്തില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പോലീസുദ്യോസ്ഥര്‍ക്ക് പോലും അപമാനമാണ് ഈ രൂപത്തിലുള്ള ആളുകള്‍ എന്നും ശക്തമായ സാമൂദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ച വര്‍ഗ്ഗീയ ചിന്തഗതിക്കാരെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും കാന്തപുരം പറഞ്ഞു.