പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ സൈന്യത്തെ അയക്കുമെന്ന് ചൈന

Posted on: July 10, 2017 11:22 am | Last updated: July 10, 2017 at 1:49 pm
SHARE

ന്യൂഡല്‍ഹി: ദോക്‌ലാം മേഖലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരില്‍ ചൈന ഇടപെട്ടേക്കുമെന്ന് ചൈനീസ് മാധ്യമം. പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രമായ ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു. ചൈനയുടെ വെസ്റ്റ് നോര്‍മല്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ സ്റ്റഡീസിന്റെ സെന്റര്‍ ഡയറക്ടര്‍ ലോംഗ് ചിങ്ചുന്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.ഭൂട്ടാന്റെ പേര് പറഞ്ഞ് ദോക്‌ലാം മേഖലയില്‍ ഇടപെട്ട ഇന്ത്യ ചൈനയുടെ റോഡ് നിര്‍മാണം തടയുകയായിരുന്നു. ഇതേ തന്ത്രം കശ്മീരിലും പയറ്റാന്‍ തങ്ങള്‍ക്കാകുമെന്ന് ലേഖനത്തില്‍ പറയുന്നു.  ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താത്പര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു.

ചൈന, ഇന്ത്യ, ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച് ഇന്ത്യ സൈന്യത്തെ അയച്ചിരുന്നു. ദീര്‍ഘനാള്‍ തങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി പ്രദേശത്ത് ടെന്റ് അടിച്ച് സൈന്യം നിലയുറപ്പിച്ചു. മേഖലയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായ സൂചന നല്‍കി ദീര്‍ഘനാള്‍ ഇവിടെ നില്‍ക്കുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഇരു വിഭാഗവം സൈന്യവും മുഖാമുഖം നില്‍ക്കുകയാണ്.
പ്രദേശത്ത് നിന്ന് സൈന്യത്തെ ഉടന്‍ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക മാര്‍ഗം തേടേണ്ടി വരുമെന്ന് ചൈന ഭീഷണി ഉയര്‍ത്തുകയും ചെയ്തു.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കൈലാഷ്- മാന്‍സരോവര്‍ തീര്‍ഥാടകരെ തടഞ്ഞുകൊണ്ട് ചൈന നാഥുലാ ചുരം അടച്ചിരുന്നു.
ദോക്‌ലാമില്‍ ചൈന ആരംഭിച്ച റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ചൈനയുടെ റോഡ് നിര്‍മാണത്തില്‍ പ്രതിഷേധവുമായി ഭൂട്ടാനും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഭാഗമാണ് പ്രദേശമെന്ന നിലപാടിലാണ് ചൈന. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ജി 20 ഉച്ചകോടിക്കിടെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.