ലൂയിസ് വെടിക്കെട്ടില്‍ ഇന്ത്യക്ക് തോല്‍വി

Posted on: July 10, 2017 6:42 am | Last updated: July 10, 2017 at 8:57 am

ജമൈക്ക: ഓപണര്‍ ഇവിന്‍ ലൂയിസിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ മികവില്‍ ഇന്ത്യക്കെതിരായ എക ട്വന്റി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ മുന്നോട്ടുവെച്ച 191 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കെ ആതിഥേയര്‍ മറികടന്നു. 62 പന്തില്‍ 12 സിക്‌സറുകളും ആറ് ബൗണ്ടറികളും സഹിതം 125 റണ്‍സ് അടിച്ചുകൂട്ടിയ ഇര്‍വിനാണ് ഇന്ത്യയെ വന്‍തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഏകദിന പരമ്പരയില്‍ നേരിട്ട തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി വിന്‍ഡീസിന് ഈ വിജയം. മര്‍ലോണ്‍ സാമുവല്‍സ് 36 റണ്‍സെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്ക് (29 പന്തില്‍ 48), വിരാട് കോഹ്‌ലി (22 പന്തില്‍ 39), ഋഷഭ് പന്ത് (35 പന്തില്‍ 38) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്.
12 പന്തില്‍ 23 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ റണ്ണൗട്ടായി. ഒരു ഘട്ടത്തില്‍ 5.5 ഓവറില്‍ 65 റണ്‍സ് നേടിയ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍, ഇടക്കിടെ വിക്കറ്റ് വീണതോടെ സ്‌കോറിംഗിന് വേഗം കുറഞ്ഞു.
ധോണി (രണ്ട്), ജാദവ് (നാല്) എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ (13), ആര്‍ അശ്വിന്‍ (11) എന്നിവര്‍ പുറത്താകാതെ നിന്നു. വിന്‍സീഡിനായി ജറോം ടെയ്‌ലര്‍, കെസ്‌രിക് വില്ല്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.