Connect with us

Ongoing News

ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ ഇന്നറിയാം; രവി ശാസ്ത്രിക്ക് സാധ്യത

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഇതുവരെ ബിസിസിഐക്ക് പത്ത് പേര്‍ അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേരും ഇന്ത്യക്കാരാണെന്നാണ് സൂചന. രവി ശാസ്ത്രി, വീരേന്ദ്രര്‍ സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ദോഡ്ഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്ത്, ലാന്‍സ് ക്ലൂസ്‌നര്‍, രാകേഷ് ശര്‍മ (ഒമാന്‍ ദേശീയ ടീം പരിശീലകന്‍), ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രംഹചാരി (ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എന്‍ജിനീയര്‍) എന്നിവരാണ് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇവരില്‍നിന്ന് ആറ് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്.

ശാസ്ത്രി, സേവാഗ്, മൂഡി, സിമ്മണ്‍സ്, പൈബസ്, രജ്പുത്ത് എന്നിവരെയാണ് അഭിമുഖത്തിനായി ക്ഷണിക്കുക. ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന ലാന്‍സ് ക്ലൂസ്‌നറെയും അഭിമുഖത്തിന് ക്ഷണിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇവരുമായുള്ള അഭിമുഖം ഇന്ന് ഉച്ചക്ക് മുംബൈയില്‍ നടക്കും. അതിന് ശേഷം പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ പാനലാണ് പരിശീലകനെ തീരുമാനിക്കുക.

അനില്‍ കുംബ്ലെ രാജിവെച്ചതോടെയാണ് പുതിയ പരിശീലകന് വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്നാണ് കരുതപ്പെടുന്നത്. കോഹ്‌ലിയുമായി ഒത്ത് പോകുന്ന ഒരാള്‍ തന്നെയാകണം പരിശീലകന്‍ എന്ന് ഉപദേശക സമിതിക്ക് ബിസിസിഐയില്‍ നിന്ന് വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതും ശാസ്ത്രിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ വിരേന്ദ്രര്‍ സേവാഗിന്റെ പേരും മുന്‍നിരയിലുണ്ട്.

Latest