Connect with us

Eranakulam

കണ്ടെയ്‌നര്‍ ലോറി പണിമുടക്ക് തുടങ്ങി

Published

|

Last Updated

കൊച്ചി: മധ്യകേരളത്തിലേക്കുള്ള ചരക്കു നീക്കം സ്തംഭിപ്പിച്ച് കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി പണിമുടക്ക് തുടങ്ങി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ചരക്കുമായി എത്തുന്ന കണ്ടെയ്‌നറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് കണ്ടെയ്‌നര്‍ ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ സമരം തുടങ്ങിയത്.

മധ്യകേരളത്തിലേക്ക് കൂടുതല്‍ ചരക്കുകള്‍ എത്തുന്നത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴിയാണ്. കണ്ടെയ്‌നര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചതോടെ മധ്യകേരളത്തിലേക്കുള്ള ചരക്ക് നീക്കം പ്രതിസന്ധിയിലാകും. അതേസമയം, പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടും കലക്ടറോ മറ്റ് അധികൃതരോ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്ടെയ്‌നര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹി പി ചന്ദ്രശേഖര മേനോന്‍ അറിയിച്ചു.

പോര്‍ട്ടിലെ ചരക്ക് നീക്കത്തിനായി 800 കണ്ടെയ്‌നറുകളാണ് ദിവസേന വല്ലാര്‍പാടത്തേക്ക് എത്തുന്നത്. ഈ കണ്ടെയ്‌നറുകള്‍ റോഡിനിരുവശവുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം കലക്ടര്‍ ഉത്തരവിലൂടെ കണ്ടെയ്‌നര്‍ റോഡിലെ പാര്‍ക്കിംഗ് നിരോധിച്ചതോടെ മറ്റിടങ്ങളില്ലാത്ത അവസ്ഥയിലാണ് വാഹനങ്ങള്‍. ഉത്തരവിന്റെ ചുവടുപിടിച്ച് കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ക്ക് വന്‍തുകയാണ് പിഴയിനത്തില്‍ ചുമത്തുന്നത്.

Latest