കളി കാവേരിയില്‍ വേണ്ട

Posted on: July 10, 2017 6:02 am | Last updated: July 9, 2017 at 11:00 pm
SHARE

കാവേരി കര്‍ണാടക ജനതയുടെ ആവേശമാണ്. കാവേരി ഒരു നദിയെന്നതിലപ്പുറം ജീവ ജലമാണവര്‍ക്ക്. ഉള്‍പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം നിര്‍ണയിക്കുന്ന കാര്‍ഷികവൃത്തിക്ക് താങ്ങും തണലുമാകുന്ന ജലനിധി. അതുകൊണ്ടുതന്നെ കാവേരിയെ തൊട്ടുകളിച്ചാല്‍ കളി മാറും. കാവേരി നദീ ജല സംഭരണിയായ കെ ആര്‍ എസ് അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് സംസ്ഥാന സര്‍ക്കാര്‍ വെള്ളം കൊടുക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. കാവേരിയെച്ചൊല്ലി കര്‍ണാടകയും തമിഴ്‌നാടും എന്നും കലഹമാണ്. വര്‍ഷങ്ങളുടെ പഴക്കമുണ്ടതിന്. കാവേരി ജലം ആര്‍ക്ക് അവകാശപ്പെട്ടതാണെന്നതിനെച്ചൊല്ലി ഇരു സംസ്ഥാനങ്ങളും കോടതി കയറാന്‍ തുടങ്ങിയിട്ടും കാലമേറെയായി. കൃത്യം ഒരു വര്‍ഷം മുമ്പാണ് ബെംഗളൂരു നഗരം കാവേരിയെച്ചൊല്ലി ഇളകിമറിഞ്ഞത്. തമിഴ്‌നാടിന് കൂടുതല്‍ ജലം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള 52 ബസുകളാണ് അന്ന് കത്തിച്ചാമ്പലായത്. തമിഴര്‍ തെരുവുകളില്‍ അക്രമിക്കപ്പെട്ടു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തി വഴിയുള്ള ഗതാഗതം ദിവസങ്ങളോളം നിലച്ചു. സര്‍ക്കാറും വിധി നടപ്പിലാക്കാന്‍ വൈമനസ്യം കാണിച്ചു. വോട്ട് തരുന്ന ജനങ്ങളെ ഒഴിവാക്കാനും വയ്യ, കോടതിയെ തള്ളാനുമാവില്ലെന്ന ഗതികേടിലായി സംസ്ഥാന സര്‍ക്കാര്‍. അവസാനം, പൊതുജനത്തെ മെല്ലെ മെല്ലെ മെരുക്കിയെടുത്ത ശേഷം സുപ്രീം കോടതി വിധി നടപ്പിലാക്കി വരികയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍.

നിയമ പ്രകാരം 22.5 ടി എം സി ജലം തമിഴ്‌നാടിന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, 16.58 ടി എം സി ജലം മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന പരാതി തമിഴ്‌നാടിനുണ്ട്. ഈ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കാനും കൂടിയാണ് കൃഷ്ണരാജ സാഗര (കെ ആര്‍ എസ്) അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 2300 ക്യൂബിക് അടിയായി സര്‍ക്കാര്‍ ഈയിടെ വര്‍ധിപ്പിച്ചത്. കേരളത്തില്‍ വയനാട്ടിലടക്കം അത്യാവശ്യം മഴ കിട്ടിയ പശ്ചാത്തലത്തില്‍ അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ആവശ്യത്തിന് മഴ കര്‍ണാടകയില്‍ ലഭിക്കാത്തതിനാല്‍ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനനുവദിക്കില്ലെന്നാണ് ഒരു ഡസന്‍ കന്നഡ കര്‍ഷക സംഘടനകള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള സമര രീതികളിലാണവര്‍. കഴിഞ്ഞ ദിവസം ബെംഗളൂരു-മൈസൂരു ദേശീയ പാതയില്‍ മണിക്കൂറുകളോളമാണ് ഉപരോധസമരം കാരണം ഗതാഗതം നിലച്ചത്. പേടി, ഇതൊന്നുമല്ല, തങ്ങള്‍ക്ക് കോടതി നിര്‍ദേശപ്രകാരമുള്ള ജലം ലഭിക്കുന്നില്ലെന്ന് കാണിച്ച് തമിഴ്‌നാട് ഈയാഴ്ച സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. കോടതി എന്താണ് വിധിക്കുകയെന്നറിയില്ല, ഇതിന് മുമ്പ് തമിഴ്‌നാടിന് അനുകൂലമായ വിധിയോട് കര്‍ണാടകയിലെ കര്‍ഷക സംഘടനകള്‍ ഭ്രാന്തമായി പ്രതികരിച്ചതും ബെംഗളൂരു നഗരത്തില്‍ ക്രമസമാധാനം തകര്‍ന്ന് തരിപ്പണമായതുമായ ഓര്‍മകള്‍ക്ക് ഒരു വര്‍ഷമേ പഴക്കമുള്ളൂവെന്ന കാര്യം ഭീതിപ്പെടുത്തുന്നതാണ്.

സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനായി തക്കം പാര്‍ത്തിരിക്കുകയാണ് ബി ജെ പിയും ജനതാദള്‍ എസുമടക്കമുള്ള പ്രതിപക്ഷം. സംസ്ഥാനത്തിന് ആവശ്യമായ മഴ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ തമിഴ്‌നാടിന് കൂടുതല്‍ ജലം നല്‍കാനാകില്ലെന്ന വസ്തുത കോടതിയെ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ലെന്നുമാണ് പ്രതിപക്ഷ വാദം.
*******

കര്‍ണാടകയില്‍ വിളിപ്പാടകലെയെത്തിയിരിക്കുകയാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണം നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. എന്നാല്‍, ഭരണം തിരിച്ചുപിടിക്കുന്നതിലാണ് ബി ജെ പിയുടേയും ജനതാദള്‍ എസിന്റേയും നോട്ടം. ഇതിനുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടേയും നേതൃത്വത്തിലുള്ള ജനതാദള്‍ എസ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളില്‍ പകുതിയെണ്ണത്തിലെ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തു വിട്ടതെന്നിരിക്കെ പാര്‍ട്ടിയില്‍ കലാപവും തല പൊക്കി. ഇതുകൊണ്ടു തന്നെ പൂര്‍ണമായ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കാന്‍ ഭയക്കുകയാണ് നേതൃത്വം. കലാപത്തിന് തുടക്കം കുറിച്ചത് ദേവഗൗഡയുടെ വീട്ടില്‍ നിന്നു തന്നെയാണ്. മൂത്തമകന്‍ രേവണ്ണയുടെ മകന്‍ പ്രജ്വല്‍രേവണ്ണയാണ് വലിയച്ഛനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രജ്വല്‍ രേവണ്ണ ഹുന്‍സൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ വലിയച്ഛനോട് സമ്മതം ചോദിച്ചിരുന്നു. എന്നാല്‍, പയ്യന്റെ ആഗ്രഹത്തിന് ദേവഗൗഡ പച്ചക്കൊടി കാണിച്ചില്ല. ഇത് കുടുംബകലഹത്തില്‍ നിന്ന് പാര്‍ട്ടികലാപത്തിന് വഴി വെച്ചിരിക്കുകയാണിപ്പോള്‍. പാര്‍ട്ടിയില്‍ സ്യൂട്ട്‌കെയ്‌സുമായി വരുന്നവര്‍ക്കാണ് സ്ഥാനമെന്നാണ് പ്രജ്വല്‍ രേവണ്ണ ആരോപിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ നിന്നുയര്‍ന്ന വിമത ശബ്ദത്തെ എങ്ങനെ നേരിടുമെന്നാണ് ദേവഗൗഡയുടെ ആലോചന. ഹുന്‍സൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെത്തിയ മുന്‍ മന്ത്രി എച്ച് വിശ്വനാഥിന് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. ദേവഗൗഡയുടെ കുടുംബത്തില്‍ നിന്ന് ഇത്തവണ നാലുപേരാണ് മത്സരിക്കുന്നത്. മക്കളായ എച്ച് ഡി കുമാരസ്വാമി, എച്ച് ഡി രേവണ്ണ , മരുമക്കളായ അനിതാ കുമാരസ്വാമി, ഭവാനി രേവണ്ണ എന്നിവര്‍.
*********

കെ സി വേണുഗോപാലാണിപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ താരം. എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ സിക്ക് രാഹുല്‍ഗാന്ധി കൊടുത്ത ആദ്യത്തെ ജോലി കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുകയെന്നതാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ഒരു മാസമായി കെ സി വേണുഗോപാല്‍ കര്‍ണാടകയില്‍ നന്നായി അദ്ധ്വാനിക്കുന്നുണ്ട്. കെ പി സി സിയുടെ നേതൃതലത്തില്‍ നടത്തിയ അഴിച്ചു പണിയോടെയായിരുന്നു തുടക്കം. ആഭ്യന്തരമന്ത്രി ജി പരമേശ്വര തന്നെയായിരുന്നു കെ പി സി സി പ്രസിഡന്റ്. എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും വലിയ പൊട്ടലും ചീറ്റലുമൊന്നുമില്ലാതെ വേണുഗോപാല്‍ ഇടപെട്ട് പരമേശ്വരയെ മന്ത്രി സ്ഥാനത്ത് നിന്നൊഴിവാക്കി. ആഭ്യന്തരമന്ത്രി പദം ആര്‍ക്ക് കൊടുക്കണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇപ്പോള്‍ സംസ്ഥാനമൊട്ടുക്കും സഞ്ചരിച്ച് പാര്‍ട്ടിയുടെ നാനാതലങ്ങളിലുമുള്ള നേതൃനിരയുമായി ചര്‍ച്ച നടത്തുകയാണ് വേണുഗോപാല്‍. കര്‍ണാടകയിലെ കോളജുകളില്‍ എ ബി വി പിക്കാണ് ആധിപത്യം. മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഇല്ല എന്നു തന്നെ പറയാം. എന്‍ എസ് യുവിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന് വേണുഗോപാല്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു. സംഘ്പരിവാര്‍ നേതൃത്വത്തിന് ഈ ശ്രമം തെല്ലൊന്നുമല്ല തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് സംസ്‌കാരമാണ് വേണുഗോപാലിനെന്നാണ് എ ബി വി പി സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.
*******

മദ്യശാലകള്‍ക്ക് പൂട്ടു വീഴാതിരിക്കാന്‍ സര്‍ക്കാറും ബാറുടമകളും കുടിയന്‍മാരുമടങ്ങുന്ന സംഘം ഒന്നിച്ചു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല, ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ മാത്രം കഴിഞ്ഞ മാസം 30ന് അടച്ചുപൂട്ടിയത് 741 മദ്യശാലകളാണ്. നഗരത്തിലെ പ്രധാന വീഥികളായ ബ്രിഗേഡ് റോഡ്, എം ജി റോഡ്, ബി ടി എം ലേ ഔട്ട്, ഇന്ദിരാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബാറുകളാണ് പൂട്ടേണ്ടി വന്നത്. നഗരത്തിലെ മിക്ക റോഡുകളും ദേശീയ-സംസ്ഥാന പാതകളാണെന്നിരിക്കെ ബാറുകളെ രക്ഷിക്കാന്‍ ഒന്നും ചെയ്യാനായില്ലെന്നതാണ് യാഥാര്‍ഥ്യം. കുടിച്ചു തിമിര്‍ക്കുന്ന നഗരം സംസ്ഥാനത്തിന് ആകെ കഴിഞ്ഞ വര്‍ഷം മദ്യവില്‍പനയിലൂടെ ലഭിച്ച വരുമാനത്തിന്റെ 33 ശതമാനവും സംഭാവന ചെയ്തിരുന്നുവെന്ന് പറയുമ്പോള്‍ അനുമാനിക്കാം ഇവിടുത്തെ കുടിയന്‍മാരുടെ അംഗബലം. മദ്യ വില്‍പനയിലൂടെ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാറിന് ആകെ ലഭിച്ചത് 16480 കോടി രൂപയാണ്. അതേ സമയം, ബാറുകള്‍ നിലനിര്‍ത്താന്‍ നഗരത്തിലെ റോഡുകള്‍ക്ക് ദേശീയ-സംസ്ഥാന പദവികള്‍ വേണ്ടെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
*******

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പേജാവാര്‍ വിശ്വേശ തീര്‍ത്ഥ സ്വാമിജിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നായിരുന്നു കഴിഞ്ഞയാഴ്ച കന്നഡ മാധ്യമങ്ങളിലെ നിറഞ്ഞ സംസാരം. ഇക്കഴിഞ്ഞ റമസാന്‍ 29ന് സ്വാമിജി സംസ്ഥാന മന്ത്രി യു ടി ഖാദറടക്കമുള്ള മുസ്‌ലിം സുഹൃത്തുക്കളെ വിളിച്ച് ഇഫ്താര്‍ ഒരുക്കിയതോടെ തുടങ്ങിയതാണ് വിവാദവും പ്രതിഷേധവും. ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സ്വരം. ഇഫ്താര്‍ സംഘടിപ്പിക്കുക വഴി സ്വാമി മഠത്തിന്റെ പവിത്രത കളഞ്ഞു കുളിച്ചിരിക്കുകയാണെന്നായിരുന്നു സംഘ്പരിവാര്‍ സംഘടനകളുടെ ആക്ഷേപം. മഠം ഗോമൂത്രമുപയോഗിച്ച് കഴുകി ശുദ്ധീകരിക്കണമെന്നും പ്രതിഷേധക്കാര്‍ തട്ടിവിട്ടു. വര്‍ഗീയത കത്തുന്ന പ്രസംഗം അരങ്ങു വാണിട്ടും സ്വാമിജി തന്റെ നിലപാടില്‍ നിന്ന് മാറിയില്ല. ഒരു കുലുക്കവുമില്ലാതെ അദ്ദേഹം പറഞ്ഞു, മഠത്തിലേക്ക് അന്യ മതസ്ഥരെ പ്രവേശിപ്പിച്ചാല്‍ തകരുന്നതല്ല ഹിന്ദുമതം. സമൂഹത്തില്‍ മൈത്രി സൃഷ്ടിക്കാനാണ് ഇഫ്താര്‍ വഴി താന്‍ ശ്രമിച്ചത്. ഇഫ്താര്‍ അടക്കമുള്ള പരിപാടികള്‍ അടുത്ത വര്‍ഷവും തുടരും. സ്വാമിജി വഴങ്ങില്ലെന്നു കണ്ടതുകൊണ്ടായിരിക്കാം മഠത്തിനെതിരായ പ്രതിഷേധം മെല്ലെ മെല്ലെ അടങ്ങിയൊതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here