വിദേശത്ത് നിന്ന് മൃതദേഹമെത്തിക്കുന്നതിനുള്ള പുതിയ നിബന്ധന പിന്‍വലിക്കണം: എം കെ രാഘവന്‍

Posted on: July 9, 2017 11:30 pm | Last updated: July 9, 2017 at 11:08 pm

കോഴിക്കോട്: മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിലെത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും വ്യോമയാന മന്ത്രി പി അശോക് ഗജപതി രാജുവിനും ഫാക്‌സ് സന്ദേശമയച്ചു. ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവാസത്തില്‍ ചെലവഴിച്ച് ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്.

സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂര്‍ ലഭിക്കുക അസാധ്യമാകയാല്‍ പാവപ്പെട്ട പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നടപടി എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണമെന്നും എം പി ആവശ്യപ്പെട്ടു.