നവ ഉദാരവത്കരണവും കര്‍ഷക പ്രക്ഷോഭങ്ങളും

Posted on: July 9, 2017 9:24 am | Last updated: July 8, 2017 at 11:30 pm

മഹത്തായ കാര്‍ഷിക പാരമ്പര്യവും സംസ്‌കാരവും അവകാശപ്പെടാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. കോളനിവാഴ്ചക്കാലത്തും അതിനു മുമ്പും ഈ ഔന്നിത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് പല വിദേശികളും ഇന്ത്യന്‍ മണ്ണിനെ നോട്ടമിട്ടതും നാം അവരുടെ ചൂഷണങ്ങള്‍ക്ക് വിധേയരായതും. അത്തരത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്ന നമ്മുടെ കര്‍ഷകര്‍ ഇന്ന് അതിജീവനത്തിന്റെ പോരാട്ട വഴികളിലാണ്. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചപ്പോഴും തുടര്‍ന്ന് കര്‍ഷകന്റെ മിത്രമെന്ന് അവകാശമുന്നയിച്ച് അധികാരത്തിന്റെ തണല്‍പറ്റിയ ബി ജെ പി വന്നപ്പോഴും കര്‍ഷകന്റെ പ്രശ്‌നങ്ങള്‍ ഒന്നുപോലും പരിഹരിച്ചില്ല. കോര്‍പറേറ്റ് താത്പര്യങ്ങളെ സംരക്ഷിക്കുന്ന നിലപാടുകള്‍ പിന്തുടരുന്ന കാലത്തോളം ഇന്ത്യയിലെ കാര്‍ഷിക വൃത്തിയുമായി ഉപജീവനം കഴിക്കുന്ന കര്‍ഷകര്‍ക്ക് ഒരു രക്ഷയും ഉണ്ടാവില്ല എന്നതാണ് വര്‍ത്തമാനകാല ഇന്ത്യ നല്‍കുന്ന സൂചനകള്‍. കര്‍ഷകര്‍ക്ക് വധശിക്ഷ വിധിക്കുന്ന ഒരു ഭരണകൂടമായി ഇന്ത്യ മാറിയിരിക്കുന്നു. മധ്യപ്രദേശിലെ മന്ദ്‌സോറിലെ കെട്ടണയാത്ത കനലുകള്‍ ആ സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കര്‍ഷക സമരത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്കാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇത്രയും പൈശാചികമായ ഒരു നടപടി കര്‍ഷകര്‍ക്കു നേരെ നടക്കുന്നത് ആദ്യമാണ്. ഇവര്‍ക്കു തങ്ങളുടെ ജീവന്‍ കൊടുക്കേണ്ടിവന്നത്, തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില കിട്ടണമെന്ന ആവശ്യം ഉന്നയിച്ചത് കൊണ്ട് മാത്രമാണ്.

എന്തുകൊണ്ടായിരിക്കും മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യയിലെ കര്‍ഷകര്‍ ഒന്നടങ്കം പ്രക്ഷോഭ രംഗത്തേക്ക് വരുന്നത്? ഉത്തരം വളരെ ലളിതവും ആര്‍ക്കും ബോധ്യപ്പെടുന്നതുമാണ്. കാലങ്ങളായി കര്‍ഷകര്‍ തങ്ങളുടെ മണ്ണിലും അന്യന്റെ ഭൂമിയിലുമായി വിത്തിറക്കി അധ്വാനിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യഉത്പന്നങ്ങള്‍ക്കും നാണ്യവിളകള്‍ക്കും ന്യായമായ വില കിട്ടുന്നില്ല എന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അവര്‍ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് ഇടനിലക്കാരും വന്‍കിട കുത്തകകളും കര്‍ഷകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതുമൂലം മുടക്കിയ തുകപോലും പല കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. കൃഷി ചെയ്യാന്‍ വേണ്ടി ബേങ്കുകളെയും സ്വകാര്യ പണമിടപാടുകാരെയുമാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. കൊള്ളപ്പലിശക്ക് പണം കടമായി നല്‍കുന്ന മധ്യവര്‍ത്തികള്‍ കര്‍ഷകനെ അടിമുടി പിഴിയുന്നു. ഒരു തവണ പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരട്ടിപ്പലിശയും അതിനു മുകളിലും ബാധ്യതയായി ആത്മഹത്യയുടെ വക്കില്‍ കര്‍ഷകരെ എത്തിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. കൂലിപ്പണി ചെയ്യുന്ന കര്‍ഷക തൊഴിലാളിക്കാകട്ടെ 150 രൂപയില്‍ കൂടുതല്‍ പല സംസ്ഥാനങ്ങളിലും ലഭിക്കുന്നുമില്ല. ബേങ്കുകള്‍ക്ക് ഈട് നല്‍കി പണം വായ്പയെടുക്കുന്ന കര്‍ഷകര്‍ ഒരു തവണ അടവ് തെറ്റിയാല്‍ ജപ്തി ഭീഷണികള്‍ നേരിടേണ്ടിവരുന്നു.

ഉത്പന്നങ്ങള്‍ക്ക് ആദായ വില ലഭിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നീ മിനിമം രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രക്ഷോഭരംഗത്തേക്ക് ഇറങ്ങിയത്. മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ മാള്‍വ മേഖലയിലെ ജില്ലകളിലാണ് കര്‍ഷക സമരത്തിന്റെ തുടക്കമെങ്കിലും ഇന്നത് കെടുത്താന്‍ വയ്യാത്തവണ്ണം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. യാതൊരു നീതീകരണവുമില്ലാതെയാണ് ഈ പ്രക്ഷോഭകരെ പോലീസും സവര്‍ണ ഗുണ്ടകളും കൈകാര്യം ചെയ്യുന്നത്. പോലീസ് വെടിവെപ്പില്‍ മരിച്ചവരിലൊരാള്‍ 17കാരനാണെന്നതും അവന്റെ തലക്കാണ് വെടിയേറ്റതെന്നതും പ്രശ്‌നത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. കര്‍ഷകരുടെ ആത്മമിത്രമെന്ന് സ്വയം ചമയുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നാട്ടിലാണ് ഈ ക്രൂരതയത്രയും. ബഹുജന പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരങ്ങളെ ഒത്തുതീര്‍ക്കാനോ അവരുമായി ഒരു മേശക്കു ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ താത്പര്യപ്പെടാത്ത ഒരു പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്ത് പരിഹാരം എത്രയോ അകലെയാണ്. ഈ ജനാധിപത്യ മര്യാദ പ്രകടിപ്പിക്കാത്തതുകൊണ്ടാണ് വിലപ്പെട്ട ആറ് ജീവനുകള്‍ നഷ്ടപ്പെട്ടത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. മഹാരാഷ്ട്രയാണ് മറ്റൊന്ന്. അതിന് ആ സംസ്ഥാനത്തിന്റെ പ്രകൃതിപരമായ കിടപ്പും കാലാവസ്ഥയും പ്രധാന ഘടകമാണ്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഒരു കാര്‍ഷിക ഉത്പന്നം വിളയിപ്പിച്ചു കൊണ്ടുവരിക എളുപ്പമല്ല. ഈ പ്രതികൂല സാഹചര്യത്തെ എതിരിട്ടുകൊണ്ടാണ് കര്‍ഷകന്‍ ആ സംസ്ഥാനത്ത് കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങുന്നത്. അവനെ സംബന്ധിച്ചിടത്തോളം കൃഷി അവന്റെ ജീവന് തുല്യമാണ്. ന്യായമായ വില കിട്ടിയില്ലെങ്കില്‍ തുടര്‍ കാലങ്ങളില്‍ കൃഷി നടത്തിക്കൊണ്ടുപോകാന്‍ അവനു കഴിയില്ല. അതുകൊണ്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭങ്ങളെ ലോകം ഉറ്റുനോക്കുന്നത്. കര്‍ഷക പ്രസ്ഥാനം പക്വത പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ അവിടെയുണ്ട്. കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന അതിനിഷ്ഠൂരമായ അവഗണനക്കെതിരെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ സമരങ്ങള്‍.

നവ ഉദാരവത്കരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഇന്ത്യയില്‍ കര്‍ഷകരാണ്. അതിന്റെ ഗുണഭോക്താക്കളാകട്ടെ കോര്‍പറേറ്റ് സ്ഥാപനങ്ങളും. ഇന്ത്യയില്‍ പല ബേങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത് അത് തിരിച്ചടക്കാതെ കിട്ടാക്കടമായി മാറ്റി എഴുതിത്തള്ളുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ തലതിരിഞ്ഞ നയം ഒന്നു മാത്രം മതി കര്‍ഷകരോടുള്ള സര്‍ക്കാറിന്റെ സമീപനം മനസ്സിലാക്കാന്‍. കര്‍ഷകരുടെ ഏറ്റവും പ്രധാന ആവശ്യവും അതുതന്നെയാണ്. 2008-നു ശേഷം ഇന്ത്യയിലെ ബേങ്കുകളുടെ കിട്ടാക്കടം 50,000 കോടിയാണ്. 2016-ല്‍ അത് ആറ് ലക്ഷം കോടിയായി വര്‍ധിച്ചു. പൊതുമേഖലാ ബേങ്കുകളുടേതാണ് ഈ ഭീമന്‍ സംഖ്യയുടെ സിംഹഭാഗവും. രാജ്യത്തെ കോടിക്കണക്കിനു വരുന്ന കൃഷിക്കാര്‍ കടബാധ്യതയിലായത്, കൃഷി പിഴച്ചതുകൊണ്ടും കമ്പോള വില ഇടിഞ്ഞതുകൊണ്ടുമാണെന്ന് നമുക്കറിയാം. അല്ലാതെ കോര്‍പറേറ്റ് കുത്തകകളെ പോലെ ബേങ്കുകളെ കബളിപ്പിച്ചല്ല. കടക്കെണിയിലായ കര്‍ഷകരാണ് മറ്റൊരു നിവൃത്തിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നുണ്ടെങ്കില്‍ അതിന്റെ പണം കേന്ദ്രം നല്‍കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2016-ല്‍ 1,14,000 കോടി രൂപ കിട്ടാക്കടമായി കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയപ്പോള്‍ പാവപ്പെട്ട കര്‍ഷകന്റെ പത്ത് രൂപപോലും ഉള്‍പ്പെട്ടില്ല എന്നത് അത്ഭുതകരമാണ്.

കാര്‍ഷിക മേഖലയില്‍ പൊതുവെ അനുഭവപ്പെടുന്ന വിലത്തകര്‍ച്ചയും മാന്ദ്യവും ഇടത്തട്ടുകാര്‍ക്കും കാര്‍ഷിക വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ചാകരയായി മാറുന്ന കാഴ്ച പുതിയതല്ല. വില തകര്‍ച്ചകള്‍ ചൂഷണത്തിന്റെ ഉപാധിയായി മാറുകയാണ് ചെയ്യുന്നത്. അതിന്റെ കൂടെയാണ് കൂനിന്മേല്‍ കുരു എന്നതുപോലെ മോദിയുടെ നോട്ടു റദ്ദാക്കലും വന്നത്. നോട്ട് റദ്ദാക്കല്‍ എങ്ങനെയാണ് ഇന്ത്യന്‍ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചത് എന്നതിനെ സംബന്ധിച്ച് പല പഠനങ്ങളും വന്നിട്ടുണ്ട്. നോട്ടു റദ്ദാക്കല്‍ മൂലം പല കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വില താഴോട്ടായി. മഹാരാഷ്ട്രയില്‍ നോട്ട് റദ്ദാക്കലിനു മുമ്പ് ഒരു ക്വിന്റല്‍ സോയാബീന് ലഭിച്ചിരുന്നത് 5500 രൂപയായിരുന്നുവെങ്കില്‍, അതിനു ശേഷം 2600 രൂപയിലേക്ക് കൂപ്പുകുത്തി. ഗോതമ്പ്, വെളുത്തുള്ളി എന്നിവയുടെയും സ്ഥിതി വിഭിന്നമല്ല. കന്നുകാലി കച്ചവടത്തിന് മേലുള്ള വിലക്ക് കര്‍ഷകര്‍ക്ക് വീണ്ടും പ്രഹരമായി. കാലികളെ കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ കഴിയാത്തത് പരോക്ഷമായി കാര്‍ഷിക വൃത്തിയെയാണ് ബാധിക്കുന്നത്. ചുരുക്കത്തില്‍ ഇന്ത്യ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത മണ്ണായി മാറിക്കഴിഞ്ഞു.

കൃഷിക്കാര്‍ക്ക് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് മാത്രമേ ജീവിക്കാന്‍ കഴിയൂ. അവര്‍ക്ക് മറ്റൊരു തൊഴിലില്‍ പ്രാവീണ്യമില്ല. ഭൂമി വിറ്റ് മറ്റെവിടെയെങ്കിലും പോയി ജീവിക്കാനും കഴിയില്ല. സംരക്ഷകരാവേണ്ടവര്‍ ചൂഷണം ചെയ്യുന്നവരായി മാറുന്ന ഇന്ത്യയില്‍, കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പുതിയ വഴികള്‍ കണ്ടെത്തിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മൊത്തം ജനതയുടെ പ്രശ്‌നമായി കാണുകയും നിലപാടുകള്‍ കൈക്കൊള്ളുകയുമാണ് നാം ചെയ്യേണ്ടത്.