ബസിര്‍ഹാത് സംഘര്‍ത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; ബി ജെ പി നേതാക്കളെ വീണ്ടും തടഞ്ഞു

Posted on: July 8, 2017 11:50 pm | Last updated: July 9, 2017 at 2:19 pm

കൊല്‍ക്കത്ത: നബിനനിന്ദാ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ നടപടിയെടുത്തതില്‍ ഒരു വിഭാഗം നടത്തിയ അക്രമാസക്ത പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും അന്വേഷിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബസിര്‍ഹാത്തിലാണ് കലാപം അരങ്ങേറിയത്. പോലീസ് നടപടിയില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഇടപെട്ട് രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി ശ്രമിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ജനങ്ങള്‍ തെറ്റായ പ്രചാരണത്തില്‍ വീഴരുത്. ഇക്കാര്യത്തില്‍ ഭൂരിപക്ഷം പേരും മാതൃകാപരമായ നിലപാടാണ് എടുത്തത്. അതില്‍ സര്‍ക്കാറിന് നന്ദിയുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ച ടി വി ചാനലുകള്‍ക്കെതിരെ അന്വേഷണം നടക്കുമെന്നും മമത പറഞ്ഞു. അതിനിടെ, സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ച ബി ജെ പി സംഘത്തെ ഇന്നലെയും പോലീസ് തടഞ്ഞു. മീനാക്ഷി ലേഖി, സത്യപാല്‍ സിംഗ്, ഓം മാത്തൂര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് മൈക്കേല്‍ നഗറില്‍ പോലീസ് തടഞ്ഞത്. പ്രദേശത്ത് സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കളുടെ സാന്നിധ്യം അവിടെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കുമെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് എം പിമാരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ബസിര്‍ഹാത്തില്‍ എന്ത്തരം പ്രശ്‌നമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കണമെന്ന് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. തുടര്‍ന്ന് എം പിമാരെ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രൂപാ ഗംഗുലി എം പിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സംഘത്തെയും പോലീസ് തടഞ്ഞിരുന്നു.
പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് അറിയാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ബി ജെ പി റാലി നടത്തി. സംഘര്‍ഷത്തില്‍ ഹിന്ദുക്കളെ മാത്രം പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് ബി ജെ പി മുതലെടുപ്പ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്.
പ്ലസ്ടു വിദ്യാര്‍ഥി ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റാണെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിയുടെ അറസ്റ്റില്‍ ചിലര്‍ അക്രമാസക്ത പ്രക്ഷോഭം ആരംഭിച്ചതോടെയാണ് ബസിര്‍ഹാത് സംഘര്‍ഷഭരിതമായത്.
പ്രദേശത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുകയണ്. 400 ബി എസ് എഫ് സൈനികരാണ് എത്തിയിരിക്കുന്നത്. പോലീസിന് കൈകാര്യം ചെയ്യാനാവുന്ന സാഹചര്യമാണെന്ന് കാണിച്ച് കൂടുതല്‍ സൈന്യം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചിരുന്നു.
പ്രദേശത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.