സ്ത്രീവിരുദ്ധ പരാമര്‍ശം: ഇന്നസെന്റിനെതിരെ അന്വേഷണം

Posted on: July 8, 2017 3:14 pm | Last updated: July 8, 2017 at 7:12 pm

തിരുവനന്തപുരം: നടിമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷന്‍. ഇന്നസെന്റിന്റെ പരാമര്‍ശം അപലപനീയമാണെന്നും കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. കമ്മീഷന്‍ ഡയറക്ടര്‍ എയു കുര്യാക്കോസിനാണ് അന്വേഷണ ചുമതല.

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്മയോഗത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റ് വിവാദ പ്രസ്താവന നടത്തിയത്. സിനിമയില്‍ നടിമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നില്ലെന്നും, അവര്‍ മോശക്കാരാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരുമെന്നുമായിരുന്നു ഇന്നസെന്റിന്റെ പ്രസ്താവന. ഇതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.