യാത്രക്കാരന്റെ അതിക്രമം; വിമാനം തിരിച്ചിറക്കി

Posted on: July 8, 2017 12:32 pm | Last updated: July 8, 2017 at 1:49 pm
SHARE

ന്യൂയോര്‍ക്ക്: യാത്രക്കാരന്റെ അതിക്രമത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് തിരിച്ചിറക്കിയത്. ഫ്‌ളോറിഡക്കാരനായ ജോസഫ് ഡാനിയല്‍ ഹ്യുഡക് ആണ് വിമാനത്തില്‍ അതിക്രമം കാണിച്ചത്.

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ വാതില്‍ ഇയാള്‍ ബലമായി തുറക്കാന്‍ ശ്രമിച്ചത് തടഞ്ഞ വിമാനജീവനക്കാരെയും യാത്രക്കാരെയും ഇയാള്‍ മര്‍ദിച്ചു. വിമാനത്തിലെ രണ്ട് വനിതാ ജീവനക്കാരെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഹ്യുഡെകിന്റെ അതിക്രമം അതിരുവിട്ടതോടെ വിമാനജീവനക്കാരില്‍ ഒരാള്‍ വൈന്‍ബോട്ടില്‍ കൊണ്ട് ഇയാളെ തലക്കടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വിമാനം സീറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ ഒരു ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍ അതിക്രമം ഉണ്ടാക്കിയതിന് ഹ്യൂഡെക്കിനെതിരെ എഫ്ബിഐ കെസെടുത്ത് അന്വേഷണം ആരംഭിച്ചു. 221 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.