യുവാവിന് എയ്ഡ്‌സെന്ന് തെറ്റായ റിപ്പോര്‍ട്ട്; ലാബ് അടച്ചുപൂട്ടി

Posted on: July 8, 2017 11:01 am | Last updated: July 8, 2017 at 2:59 pm
SHARE

കോഴിക്കോട്: ഹീമോഫീലിയ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് എയ്ഡ്‌സ് രോഗമുണ്ടെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബ് താത്കാലികമായി പൂട്ടി.
ലാബിനെതിരെ പ്രതിഷേധം ശ്ക്തമായ സാഹചര്യത്തിലാണിത്. ലാബിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലാബ് ഉപരോധിച്ചിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം ലാബ് തുറന്നാല്‍ മതിയെന്നാണ് തീരുമാനം.

സംഭവത്തില്‍ യുവാവിന്റെ പിതാവ് ജില്ലാ കലക്ടര്‍ക്കും ഡി എം ഒക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. മലപ്പുറം പൊന്മള കറുപ്പിന്‍പടിയില്‍ അന്‍വര്‍ സാദത്തിന്റെ മകന്‍ അര്‍ഫുദ്ദീന്റെ രക്തം പരിശോധിച്ചപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത ആലിയ ഡയഗ്നോസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ എച്ച് ഐ വി പോസറ്റീവാണെന്ന് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രക്തം പരിശോധനക്ക് നല്‍കിയത്. തുടര്‍ന്നാണ് എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ പിതാവും ബന്ധുക്കളും ഡോക്ടറെ കണ്ടപ്പോള്‍ മറ്റൊരു ലാബില്‍ കൂടി രക്തം പരിശോധിക്കാനായി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ലാബുകളില്‍ രക്തം പരിശോധിച്ചപ്പോള്‍ എച്ച് ഐ വി നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് അര്‍ഫുദ്ദീന്റെ കുടുംബത്തിന് ശ്വാസം നേരെ വീണത്. കല്‍പ്പണിക്കാരനാണ് പിതാവ് അന്‍വര്‍ സാദത്ത്. അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കും പതിനേഴ് വര്‍ഷമായി ഹീമോഫീലിയ രോഗമാണ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സിച്ചുവരുന്നത്. രോഗം മൂര്‍ഛിക്കുമ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മക്കളായ അര്‍ഫുദ്ദീന്‍, അസറുദ്ദീന്‍, അര്‍ശാദ് എന്നിവരുടെ രോഗം കാരണം പലപ്പോഴും ജോലിക്ക് പോലും പോകാന്‍ കഴിയാറില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് അര്‍ഫുദ്ദീനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. അഡ്മിറ്റ് ചെയ്തതിന് ശേഷം രക്ത പരിശോധനക്ക് വേണ്ടി തൊട്ടടുത്ത ആലിയ ലാബില്‍ രക്തസാമ്പിള്‍ നല്‍കുകയായിരുന്നു. എച്ച് ഐ വിയുടെ കൂടിയ അളവായ 5.32 ആണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഡോക്ടറോട് നഴ്‌സ് കാര്യം പറഞ്ഞപ്പോള്‍ യുവാവിന് എയ്ഡ്‌സിനുള്ള എലിസ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍കോളജിലെ ലാബ് അടച്ചതിനാല്‍ സ്വകാര്യ ലാബിലാണ് രക്തം പരിശോധിച്ചത്. എച്ച്.ഐ.വി പോസിറ്റീവ് എന്ന ഫലമാണ് അവര്‍ നല്‍കിയത്. ഇയാളുടെ ദേഹത്ത് സിറിഞ്ച് കുത്തുന്നതിനിടയില്‍ പുരുഷ നഴ്‌സിന്റെ കൈയില്‍ അബദ്ധത്തില്‍ സൂചി കൊണ്ട് മുറിവുണ്ടായിരുന്നു. ലം കണ്ട നഴ്‌സ് ആശങ്കയിലാകുകയും ഇതോടെ ഡോക്ടര്‍ വീണ്ടും യുവാവിന്റെ രക്തപരിശോധനയ്ക്ക് നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. മറ്റൊരു സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ എച്ച് ഐ വി നെഗറ്റീവാണെന്നായിരുന്നു ഫലം. എച്ച് ഐ വി പോസറ്റീവാണെന്ന റിപ്പോര്‍ട്ട് തന്നെയും കുടുംബത്തെയും വല്ലാതെ തളര്‍ത്തിയിരുന്നു. ഇനിയൊരാള്‍ക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടാകരുതെന്ന് താത്പര്യമുള്ളത് കാരണമാണ് പരാതി നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗൗരവമേറിയ പരിശോധന വളരെ ലാഘവത്തോടും ഉത്തരവാദിത്തമില്ലായ്മയോടെയുമാണ് ചെയ്തത്. പ്രസ്തുത ലാബിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here