Connect with us

Kerala

ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന് രാജകുടുംബം

Published

|

Last Updated

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബം. തുറന്നാല്‍ അനിഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ദൈവഹിതത്തിന് എതിരാണെന്നുമാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് രാജകുടുംബാംഗമായ ആദിത്യ വര്‍മ പറഞ്ഞു.

മുമ്പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന മുന്‍ സിഎജി വിനോദ് റായ്‌യുടെ കണ്ടെത്തലിനോട് യോജിക്കുന്നില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുമ്പ് തുറന്നിട്ടുള്ളത്. ഈ ആന്റി ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്നും രാജകുടുംബം പറയുന്നു. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദികളായിരിക്കില്ലെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്്മിഭായി പറഞ്ഞു.

സ്വത്ത് മൂല്യനിര്‍ണയത്തിനായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. രാജകുടുംബവുമായി ആലോചിച്ച് ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ അമിക്കസ് ക്യൂറിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ക്ഷേത്ര നിലവറകള്‍ക്കുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാന്‍ സുപ്രീം കോടതി 2011 ല്‍ ഉത്തരവിട്ടപ്പോഴും ബി നിലവറ ഒഴിവാക്കിയിരുന്നു.

Latest