സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; മെറിറ്റ് സീറ്റില്‍ ഫീസ് കുറയും

Posted on: July 7, 2017 11:42 pm | Last updated: July 8, 2017 at 9:46 am
SHARE

തിരുവനന്തപുരം:സ്വാശ്രയ സ്വകാര്യ കോളജ് പ്രവേശനവും ഫീസ് ഘടനയും നിശ്ചയിക്കാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയതോടെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റില്‍ ഫീസ് നിരക്ക് കുറയും. അമ്പത് ശതമാനം മെറിറ്റ് സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിലനിര്‍ത്തുന്ന തരത്തിലാകും പുതിയ ഫോര്‍മുല രൂപവത്കരിക്കുക. പകുതി സീറ്റുകളില്‍ കുറഞ്ഞ ഫീസ് അനുവദിക്കാമെന്ന നിര്‍ദേശവുമായി സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനെ സമീപിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് നിയമക്കുരുക്കില്‍പ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ പുതിയ ഫീസ് നിര്‍ണയ കമ്മിറ്റി രൂപവത്കരിച്ചത്. ഇതോടെ തങ്ങളുടെ താത്പര്യത്തിനനുസരിച്ച് ഫീസ് വര്‍ധന അസാധ്യമാകുമെന്ന് ബോധ്യമായ ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ പുതിയ ഫോര്‍മുലക്ക് സന്നദ്ധമാകുകയായിരുന്നു.
എം ഇ എസ്, കരുണ മെഡിക്കല്‍ കോളജുകളാണ് ഇത്തരത്തില്‍ നിര്‍ദേശം സര്‍ക്കാറിന് മുന്നില്‍ വെച്ചത്. പതിനഞ്ചോളം സ്വാശ്രയ കോളജുകള്‍ ഇക്കാര്യത്തില്‍ സമന്വയത്തില്‍ എത്തിയിട്ടുണ്ടെന്ന് അവര്‍ സര്‍ക്കാറിനെ അറിയിച്ചു. അവശേഷിക്കുന്ന അമ്പത് ശതമാനത്തിലെ 35 ശതമാനത്തില്‍ ഉയര്‍ന്ന ഫീസും പതിനഞ്ച് ശതമാനം എന്‍ ആര്‍ ഐ സീറ്റില്‍ അതിലും ഉയര്‍ന്ന ഫീസും വേണമെന്നാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ ഫീസ് ഘടന സ്വീകാര്യമെന്നാണ് മാനേജ്‌മെന്റുകള്‍ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇരുപത് ശതമാനം ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയും മുപ്പത് ശതമാനത്തിന് 2.5 ലക്ഷവും 35 ശതമാനത്തിന് 11 ലക്ഷവും പതിനഞ്ച് ശതമാനം എന്‍ ആര്‍ ഐ സീറ്റുകള്‍ക്ക് 15 ലക്ഷവുമായിരുന്നു ഫീസ്.

പകുതി കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനാകുന്നത് ആശ്വാസകരമാണെന്നും മാനേജ്‌മെന്റുകളുടെ നിര്‍ദേശം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ ആദ്യം കൊണ്ടുവന്ന സ്വാശ്രയ ഓര്‍ഡിനന്‍സില്‍ പിശകുണ്ടായതിനാല്‍ അത് ഭേദഗതി ചെയ്തിട്ടുണ്ട്. അതനുസരിച്ച് ഫീസ് നിര്‍ണയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ നിര്‍ദേശാനുസരണം ഫീസ് ഘടന വരുമെന്നും അവര്‍ പറഞ്ഞു. താത്പര്യമുള്ള മാനേജ്മെന്റുകളുമായി തിങ്കളാഴ്ച ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here