അസഹിഷ്ണുത വളര്‍ത്തുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: മര്‍കസ്‌

Posted on: July 7, 2017 2:38 pm | Last updated: July 7, 2017 at 2:38 pm
SHARE

കോഴിക്കോട്: ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ വരെ അസഹിഷ്ണുതയും വര്‍ഗീയതയും വളര്‍ത്താന്‍ ഇടവരുത്തുന്ന കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന്റെ മാട് അറവ് നിരോധന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ മാനേജിംഗ് ബോര്‍ഡ് ആവശ്യപ്പെട്ടു.
ബീഫിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും മുസ്‌ലിംകളുടെയും ദളിതരുടെയും മറ്റും ജീവിതത്തെ സങ്കീര്‍ണമാക്കി. ജനങ്ങളുടെ സംരക്ഷണത്തിനാണ് ഗവണ്‍മെന്റ് പ്രാഥമികമായി മുന്‍ഗണന നല്‍കേണ്ടത്. ബഹുസ്വരതയുടെയും മതസൗഹാര്‍ദത്തിന്റെയും മഹത്തായ മാതൃകകളുള്ള ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെയും മൂല്യങ്ങളെയും ശിഥിലമാക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതിരോധിക്കപ്പെടണം.

ജനങ്ങളെ അവഗണിക്കുന്ന സംരക്ഷണ വാദങ്ങള്‍ നിരര്‍ത്ഥകമാണ്. മനുഷ്യ കേന്ദ്രീകൃതമാവണം ഭരണകൂട നിലപാടുകളെന്നും ആവശ്യപ്പെട്ടു.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റൂബി ജൂബിലിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഈ മാസം 15ന് നടക്കും. മര്‍കസ് കമ്മിറ്റി മെമ്പര്‍ ആയിരുന്ന എന്‍.പി ഉമര്‍ ഹാജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ജിഫ്രി, വി പി എം ഫൈസി വില്യാപള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, ബി പി സിദ്ദീഖ് ഹാജി, മുഹമ്മദലി ഹാജി, പി സി ഇബ്രാഹീം മാസ്റ്റര്‍, എന്‍ജിനീയര്‍ യൂസുഫ് ഹൈദര്‍, മുഹമ്മദലി ഹാജി കണ്ണൂര്‍ പങ്കെടുത്തു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here