Connect with us

Gulf

ഖത്വറിനോടുള്ള ഉപരോധം തുടര്‍ന്നാല്‍ ജി സി സി പിളരുമെന്ന് നിരീക്ഷണം

Published

|

Last Updated

ദോഹ: ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കാതെ ഖത്വറിനെതിരായ ഉപരോധ നടപടികള്‍ തുടര്‍ന്നാല്‍ രാജ്യത്തിന് പരിമിതമായ സാധ്യതകള്‍ മാത്രമേയുള്ളൂ എന്നും ചര്‍ച്ചാ രഹിതമായ നീക്കങ്ങള്‍ ജി സി സിയില്‍ പിളര്‍പ്പുണ്ടാക്കാനാണ് വഴി വെക്കുകയെന്നും നിരീക്ഷണം. അല്‍ ജസീറയിലെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ മര്‍വാന്‍ ബിഷാറയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

പരിഹാരങ്ങള്‍ക്കായി സംഭാഷണങ്ങള്‍ക്കു പകരം സൈനിക നടപടികളോ നയയന്ത്ര സമ്മര്‍ദങ്ങളോ ഉണ്ടായാല്‍ ജി സി സിയില്‍ പിളര്‍പ്പായിരിക്കും പരിണിത ഫലമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം തുടരാനുള്ള സഊദി സഖ്യ രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിന്റെ ഭാവി സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ചര്‍ച്ച നടത്തണം എന്ന അഭ്യര്‍ഥനയാണ് ഖത്വര്‍ തുടക്കം മുതല്‍ മുന്നോട്ടു വെക്കുന്നത്.
ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശമാണ് മിക്ക ലോക രാജ്യങ്ങളും മുന്നോട്ടു വെച്ച ആശയം. എല്ലാ കക്ഷികളും ചേര്‍ന്നുള്ള ചര്‍ച്ചകള്‍ നടത്തണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദില്‍ ഫതാഹ് അല്‍ സിസിയോട് ആവശ്യപ്പെട്ടിരുന്നു.

സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ കെയ്‌റോയില്‍ യോഗം ചേര്‍ന്നാണ് ഖത്വറിനെതിരായ ഉപരോധം തുടരാന്‍ തീരുമാനിച്ചത്. ഖത്വറിന്റെ ഭാഗത്തുനിന്നും നിഷേധാത്മകമായ പ്രതികരണമാണുണ്ടായതെന്നും ഖേദകരമാണെന്നുമായിരുന്നു മന്ത്രിമാരുടെ സംയുക്ത പ്രതികരണം. യാഥാര്‍ഥ്യബോധമില്ലാത്തതായിരുന്നു ഖത്വറിന്റെ പ്രതികരണമെന്നും നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ ഗൗരവത്തെ ഇരുണ്ട രീതിയിലാണ് ഖത്വര്‍ മനസ്സിലാക്കുന്നതെന്നും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശൗക്‌രി പറഞ്ഞു.
ഉപരോധത്തിന്റെ അടുത്ത ഘട്ടം അനുയോജ്യമായ സമയത്ത് സ്വീകരിക്കുമെന്നാണ് കെയ്‌റോ യോഗത്തിനു ശേഷം സഊദി വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ചതിനപ്പുറത്തേക്ക് ഒരു നീക്കത്തിനും സാധിക്കില്ലെന്നും ഇനിയുള്ള നീക്കങ്ങള്‍ ജി സി സിയില്‍ വിള്ളലുണ്ടാക്കുമെന്നാണ് മര്‍ബാന്‍ ബിഷാറയുടെ നിരീക്ഷണം.

എന്നാല്‍, ഖത്വറിനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്ന നടപടികളുണ്ടാകുമെന്നാണ് യു എ ഇ വിദേശകാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ ഗഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest