ജീവനക്കാരുടെ സമരം: ബെംഗളൂരു മെട്രോ ട്രെയിന്‍ സര്‍വീസ് നിലച്ചു

Posted on: July 7, 2017 11:54 am | Last updated: July 7, 2017 at 4:14 pm

ബെംഗളൂരു: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ബെംഗളൂരു മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം.

സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞദിവസം അക്രമിച്ചതിന് ആറ് മെട്രോ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാല് പേരെ വിട്ടയച്ചു. ശേഷിക്കുന്ന രണ്ട് പേരെ കൂടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മെട്രോ ജീവനക്കാരുടെ പരാതിയില്‍ രണ്ട് പോലീസുകാരെയും അറസ്റ്റ് ചെയ്തിരുന്നു.

സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ദിവസം മൂന്ന് ലക്ഷത്തോളം ആളുകള്‍ ബെംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.