സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി കോഹ്‌ലി മറികടന്നു

Posted on: July 7, 2017 11:34 am | Last updated: July 7, 2017 at 11:34 am

കിംഗ്‌സ്റ്റണ്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറികടന്നു. ഏകദിന മത്സരത്തിലെ മറുപടി ബാറ്റിംഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്.

17 തവണയാണ് സ്‌കോര്‍ മറികടക്കുന്നതിനിടെ സച്ചിന്‍ സെഞ്ച്വറിയടിച്ചത്. വിന്‍ഡീസിനെതിരെ അവസാന ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയോടെ കോഹ്‌ലിയുടെ നേട്ടം 18 ആയി. 232 ഇന്നിംഗ്‌സുകളിലാണ് സച്ചിന്റെ നേട്ടമെങ്കില്‍ വെറും 102 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 18 സെഞ്ച്വറി അടിച്ചത്. 116 മത്സരങ്ങളില്‍ നിന്ന് 11 സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ തിരലകത്‌നെ ദില്‍ഷനാണ് പട്ടികയില്‍ മൂന്നാമന്‍.

115 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്‌സറുകളും സഹിതം 111 റണ്‍സാണ് കോഹ്‌ലി നേടിയത്. ഇന്ത്യന്‍ നായകന്റെ ഏകദിന കരിയറിലെ 28ാം സെഞ്ച്വറിയും വിന്‍ഡീസില്‍ നേടുന്ന നാലാം സെഞ്ച്വറിയുമാണിത്. വിന്‍ഡീസ് മണ്ണില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. മുമ്പ് ക്യാപ്റ്റനായിരിക്കെ രാഹുല്‍ ദ്രാവിഡ് ഒരു സെഞ്ച്വറി നേടിയിരുന്നു.