കോഹ് ലിക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

Posted on: July 7, 2017 11:17 am | Last updated: July 7, 2017 at 11:17 am

കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ വിന്‍ഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഏകദിന കരിയറില്‍ 28ാം സെഞ്ച്വറി കുറിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 115 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. ദിനേശ് കാര്‍ത്തിക്ക് (50*), അജിങ്ക്യ രഹാനെ (39) റണ്‍സെടുത്തു.

നേരത്തേ, ഷായി ഹോപ് (51), കെയ്ല്‍ ഹോപ് (46), ജേസണ്‍ ഹോള്‍ഡര്‍ (36), റോവ്‌മെന്‍ പവല്‍ (31) എന്നിവരാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി. കോഹ്‌ലിയാണ് കളിയിലെ താരം. അജിങ്ക്യ രഹാനെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.