Connect with us

Articles

സംഘ്പരിവാറിന്റെ അധോലോക ബന്ധങ്ങള്‍

Published

|

Last Updated

ആര്‍ എസ് എസ്-ബി ജെ പി നേതൃത്വത്തിന്റെ ദേശീയതയെക്കുറിച്ചുള്ള ആക്രോശങ്ങള്‍ അവരുടെ രാജ്യദ്രോഹ അധോലോകബന്ധങ്ങളെ മറച്ചുപിടിക്കാനുള്ള കൗശലവും പ്രചാരണതന്ത്രവുമാണ്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും കമ്യൂണിസ്റ്റുകാരെയും തുടങ്ങി തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയാകെ രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുകയാണല്ലോ. ന്യൂസ് നൗവും, റിപ്പബ്ലിക്കും പോലുള്ള പരസ്യ ആര്‍ എസ് എസ് ജിഹ്വകള്‍ മാത്രമല്ല ഇന്ത്യയിലെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഒന്നാകെ ദേശീയതയെ ഭ്രാന്താക്കിമാറ്റാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രചാരകരാണ്.

ആര്‍ എസ് എസിന്റെ രാജ്യദ്രോഹത്തിന്റെയും വര്‍ഗീയതയുടേതുമായ അക്രമോത്സുകചരിത്രത്തെ മറച്ചുപിടിച്ച് മുസ്‌ലിംകളും കമ്യൂണിസ്റ്റുകാരും അക്രമികളും രാജ്യവിരുദ്ധരുമാണെന്ന പ്രചാരണമാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വരുത്തിതീര്‍ക്കുന്ന പ്രചാരണതന്ത്രമാണ് വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലെ മുഖ്യധാരമാധ്യമങ്ങള്‍ സമര്‍ഥമായിതന്നെ ആര്‍ എസ് എസിന്റെ രാജ്യവിരുദ്ധവും വര്‍ഗീയവുമായ അജന്‍ഡയെക്കുറിച്ച് മൗനം പാലിക്കുകയാണ്.
കേരളത്തിലിപ്പോള്‍ വിവാദപരമായി ചര്‍ച്ചചെയ്യപ്പെടുന്ന കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി കേസ് ഒറ്റപ്പെട്ട ഒരു സംഭവമേ അല്ല. ആര്‍ എസ് എസ്, ബി ജെ പി നേതൃത്വത്തിന്റെ അധോലോക ബന്ധങ്ങളിലേക്കാണ് കള്ളനോട്ടടി കേസ് വെളിച്ചം വീശുന്നത്. ബി ജെ പി കൈപ്പമംഗലം നിയോജകമണ്ഡലം നേതാവും ഒ ബി സി മോര്‍ച്ച സെക്രട്ടറിയുമായ രാജീവ്ഏരാശ്ശേരിയുടെ വീട്ടില്‍ നിന്നാണ് നോട്ടടിക്കുന്ന യന്ത്രവും മഷിയും പേപ്പറുകളും പിടികൂടിയത്. ബി ജെ പി നേതാവായ ഇയാളും സഹോദരനും ചേര്‍ന്ന് 2000-ന്റെയും 500-ന്റെയും നോട്ടുകള്‍ അടിച്ചിറക്കുകയായിരുന്നു എന്നാണ് കേസ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യം മുഴുവന്‍ സമീപകാലത്ത് ഇതേപോലുള്ള കേസുകളുണ്ടായിട്ടുണ്ട്. അതില്‍ പ്രതികളായി അറസ്റ്റുചെയ്യപ്പെട്ടത് ബി ജെ പി നേതാക്കളും ബി ജെ പിയുടെ സംസ്ഥാന മന്ത്രിമാരുമാണ്.
കള്ളപ്പണം കണ്ടെത്താനെന്ന വ്യാജേന 1000-ന്റെയും 500-ന്റെയും കറന്‍സികള്‍ നിരോധിച്ച സാഹചര്യത്തിലാണ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വ്യാപകമായി ബി ജെ പി നേതാക്കള്‍ തന്നെ പിടിക്കപ്പെട്ടത് എന്നത് കൗതുകകരമായ വസ്തുതയാണ്. തമിഴ്‌നാട്ടിലെ യുവമോര്‍ച്ചയുടെ സേലം ജില്ലാസെക്രട്ടറി ജെ വി അരുണ്‍ 20.5 ലക്ഷം 2000-ന്റെ നോട്ടുകള്‍ അനധികൃതമായി കൈവശം വെച്ചതിനാണ് അറസ്റ്റുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ തദ്ദേശഭരണമന്ത്രിതന്നെയാണ് അനധികൃതമായി 90.5 ലക്ഷം രൂപ ഔദേ്യാഗികവാഹനത്തില്‍ കടത്തുന്നതിനിടയില്‍ അറസ്റ്റുചെയ്യപ്പെട്ടത്. കര്‍ണാടകയില്‍ 30-ലേറെ ബി ജെ പി ബന്ധമുള്ളവരാണ് കള്ളപ്പണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ടത്. കള്ളപ്പണം കൈവശം വെച്ചതിന് മധ്യപ്രദേശിലെ ബി ജെ പി നേതാവ് സുശീല്‍വാസ്‌വാണിയെ സാമ്പത്തിക കുറ്റാനേ്വഷണവിഭാഗം അറസ്റ്റുചെയ്ത് കേസ് എടുത്തത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വിശദാംശങ്ങളോടെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

ഗുജറാത്തില്‍ അമിത്ഷാ ഡയറക്ടറായിട്ടുള്ള അഹമ്മദാബാദ് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് 500 കോടി രൂപ നിക്ഷേപിച്ചത് വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഇന്‍കംടാക്‌സ് വിഭാഗവും ബാങ്ക് റെയ്ഡ് നടത്തുകയും കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അനേ്വഷണം ആരംഭിക്കുകയും ചെയ്തു. രാജസ്ഥാനിലെ ചപാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പിങ്കിസാഹുവും ഭര്‍ത്താവും കൈക്കൂലി കേസില്‍ പിടിക്കപ്പെട്ടു. നിരോധിക്കപ്പെട്ട 1000-ന്റെ നോട്ടുകള്‍ ഇവരുടെ കയ്യില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഇതെല്ലാം രാജ്യവ്യാപകമായി ബി.ജെ.പി നേതാക്കള്‍ക്കുള്ള അധോലോക സാമ്പത്തിക ഇടപാടുകളില്‍ സമീപകാലത്ത് പുറത്തുവന്ന ചിലതുമാത്രമാണ്. ഇതിനേക്കാള്‍ എത്രയോ ഭീകരമായ രാജ്യദ്രോഹപരമായ അധോലോക തീവ്രവാദ ബന്ധമാണ് സംഘ്പരിവാര്‍ സംഘടനകള്‍ക്കുള്ളത്.

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്‌ഷെമുഹമ്മദ് തുടങ്ങിയ സംഘടനകള്‍ക്കെതിരെ നിരന്തരമായി ആക്രോശങ്ങള്‍ നടത്തുകയാണല്ലോ സംഘ്പരിവാര്‍ നേതാക്കളുടെ പതിവ് ശൈലി. കാശ്മീര്‍ പ്രശ്‌നവും പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദവുമാണല്ലോ തങ്ങളുടെ ഭ്രാന്തന്‍ ദേശീയവാദത്തിന് ന്യായീകരണമായി സംഘ്പരിവാര്‍ ബുദ്ധിജീവികള്‍ പറയാറുള്ളത്. ഇതങ്ങേയറ്റം കാപട്യമാണ്. സംഘ്പരിവാര്‍ സംഘടനകളുടെ കാപട്യവും ഭീകരവാദസംഘടനകളുമായുള്ള അവരുടെ രഹസ്യബാന്ധവവും പുറത്തുകൊണ്ടുവന്ന നിരവധി സംഭവങ്ങളെ നമുക്കിവിടെ വിവരിക്കാന്‍ കഴിയും. രാജ്യത്തെ തകര്‍ക്കുന്ന അവരുടെ വിധ്വംസക ബന്ധങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയും. അവരുടെ കാപട്യത്തെയും തീവ്രവാദികളുമായുള്ള രഹസ്യധാരണകളെയും പുറത്തുകൊണ്ടുവന്ന സംഭവമായിരുന്നു കാണ്ടഹാര്‍ വിമാനറാഞ്ചല്‍. ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരന്മാര്‍ക്ക് അന്നത്തെ വാജ്‌പേയി ഗവണ്‍മെന്റ് പൂര്‍ണമായി കീഴടങ്ങുകയായിരുന്നല്ലോ. റാഞ്ചികള്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന മൗലാനാ മസൂദ് അസറിന് പുറമെ അല്‍-ഉമര്‍-മുജാഹിദീന്‍ മേധാവിയായ മുഷ്താഖ്അഹമ്മദ്‌സര്‍ഗാരിനെയും മറ്റൊരു പ്രമുഖ തീവ്രവാദിനേതാവായ മുഹമ്മദ്ഒമര്‍സയിദ്‌ഷെയ്ഖിനെയും വിട്ടയച്ചുകൊണ്ടാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനവും അതില്‍ ബന്ദികളാക്കപ്പെട്ട 155 യാത്രക്കാരെയും മോചിപ്പിച്ചത്. ഇതിന് പുറമെ വന്‍തുക തീവ്രവാദികള്‍ക്ക് ഗവണ്‍മെന്റ് നല്‍കേണ്ടിയും വന്നു.
വിമാനറാഞ്ചല്‍ ബി ജെ പി ഭരണകൂടവും തീവ്രവാദികളും നടത്തിയ ഒരു ഒത്തുകളി നാടകമായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്. വിമാനറാഞ്ചലിന് നേതൃത്വം കൊടുത്ത ഹര്‍ക്കത്തുല്‍ അന്‍സാര്‍ തുടങ്ങിയ ഭീകരവാദസംഘടനകളുടെ പ്രസ്താവനയില്‍ അവര്‍ അവകാശപ്പെട്ടത് കാശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്രശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വിജയിച്ചിരിക്കുന്നു എന്നായിരുന്നു. 1998 മെയ് 11-ലെ പൊഖ്‌റാന്‍ സ്‌ഫോടനത്തിനുശേഷം ഇന്ത്യ ആണവരാഷ്ട്രമായി എന്നുപ്രഖ്യാപിച്ച സംഘ്പരിവാര്‍ നേതാക്കള്‍ ഇനി ഭീകരരെ സഹായിക്കുന്ന അയല്‍രാജ്യങ്ങളെ നിലക്ക്‌നിര്‍ത്തുമെന്നെല്ലാം വാചകമടിച്ചിരുന്നു. ഭീകരരെ അവര്‍ പതിയിരിക്കുന്ന മടകളിലേക്കുവരെ പിന്തുടര്‍ന്ന് നശിപ്പിക്കുമെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി അദ്വാനി ആക്രോശിച്ചത്!

സംഘ്പരിവാര്‍, ഭീകരവാദികള്‍ക്കെതിരെ വാചകമടിച്ച് ദേശരക്ഷയുടെ പേരില്‍ സങ്കുചിത മതദേശീയബോധം വളര്‍ത്താനാണ് എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത്. അവര്‍ക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമൊക്കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുമായി നയതന്ത്രപരമായ ബന്ധംവരെയുണ്ട് എന്നാണ് വിമാനറാഞ്ചല്‍ സംഭവം വെളിവാക്കിയത്. കാണ്ടഹാറിലേക്ക് വിമാനം റാഞ്ചിയ ഭീകരവാദികള്‍ താലിബാന്റെയും പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘങ്ങളുടെയും നിര്‍ദ്ദേശമനുസരിച്ചാണ് ഡിമാന്റുകള്‍ വെച്ചതും ഒടുവില്‍ മൂന്ന് ഭീകരവാദി നേതാക്കളുടെ മോചനത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതും എന്നതാണ് വസ്തുത. ഇന്ത്യന്‍ വിദേശകാര്യമന്ത്രിതന്നെ മൂന്ന് പ്രമുഖ തീവ്രവാദി നേതാക്കളെ കാണ്ടഹാറിലെ താലിബാന്‍ കേന്ദ്രത്തില്‍ കൊണ്ടുചെന്നാണ് കൈമാറിയത്! ദേശവിരുദ്ധ പ്രവര്‍ത്തനവും കൊലപാതകവും നടത്തിയ റാഞ്ചികള്‍ക്ക് ഈ തീവ്രവാദികളെ കാറിലെത്തിച്ച് കൈമാറുന്നതിലൂടെ വാജ്‌പേയി സര്‍ക്കാറിന്റെ ദയനീയതയും കഴിവുകേടും മാത്രമല്ല ഇത്തരം കാര്യങ്ങളിലെ വിവരമില്ലായ്മകൂടിയാണ് ലോകത്തിനുമുമ്പില്‍ വെളിവാക്കപ്പെട്ടത്. ആഗോള ഭീകരബന്ധം ആരോപിച്ച് നിരപരാധികളായ ഇന്ത്യന്‍ മുസ്‌ലിംകളെ വേട്ടയാടുന്നവരാണ് കാണ്ടഹാറില്‍ ചെന്ന് താലിബാനുമുമ്പില്‍ സാഷ്ടാംഗ പ്രണാമം നടത്തിയത്!

മുസ്‌ലിംകള്‍ക്കും പാക്കിസ്ഥാനുമെതിരെ വിജ്രംഭിത വീര്യവാന്മാരായി ഉറഞ്ഞുതുള്ളുന്നവരുടെ അപമാനകരമായ കീഴടങ്ങലും കുറ്റകരമായ അനുരഞ്ജനവുമാണ് കാണ്ടഹാര്‍ സംഭവത്തില്‍ ലോകം കണ്ടത്. തീവ്രഹിന്ദുത്വത്തിന്റെ ഉന്മാദം പിടിപെട്ട സ്വന്തം അണികളെ പിടിച്ചുനിര്‍ത്താനായി അക്കാലത്തെ ആര്‍.എസ്.എസ് മേധാവി രാജേന്ദ്രസിംഗ് പറഞ്ഞത് ഹിന്ദുക്കള്‍ ഭീരുക്കളാണ്, അതുകൊണ്ട് അവരുടെ ഗവണ്‍മെന്റില്‍ നിന്ന് ഇതിനേക്കാളേറെയൊന്നും പ്രതീക്ഷിക്കാനാവില്ലെന്നാണ്. യഥാര്‍ഥത്തില്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും കാപട്യവും ദേശവിരുദ്ധതയുമാണ് വിമാനറാഞ്ചല്‍ സംഭവം പുറത്തുകൊണ്ടുവന്നത്. സി ഐ എയും മൊസാദും ചേര്‍ന്ന് മുസ്‌ലിം ഭൂരിപക്ഷമുള്ള അറബ്‌ലോകത്തെയും ഏഷ്യന്‍ രാജ്യങ്ങളെയും അസ്ഥിരീകരിക്കാനാണ് നാനാവിധ മതതീവ്രവാദപ്രസ്ഥാനങ്ങളെയും ആധുനിക ജിഹാദിസ്റ്റ് ഗ്രൂപ്പുകളെയുമെല്ലാം വളര്‍ത്തിയെടുത്തിരിക്കുന്നത്. അമേരിക്കന്‍ സഹായത്തോടെ ഫലസ്തീനും പശ്ചിമേഷ്യന്‍ ജനതക്കുമെതിരെ അക്രമോത്സുകമായി വളര്‍ന്നുവന്നിരിക്കുന്ന സയണിസത്തിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പങ്കാളി ഹിന്ദുത്വവാദികളാണ്. ഹിന്ദി-ഹീബ്രു ഭായ് ഭായ് മുദ്രാവാക്യങ്ങളിലൂടെ മുസ്‌ലിം വിരുദ്ധമായ ഒരു പ്രതിലോമസഖ്യം ഇസ്‌റഈലും ഇന്ത്യയും ചേര്‍ന്ന് രൂപപ്പെടുത്തണമെന്നാണ് അമേരിക്കന്‍ ജൂയിഷ്‌കൗണ്‍സില്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ-ഇസ്‌റഈല്‍-യു.എസ് ബന്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളില്‍ അഭിരമിച്ചുകൊണ്ടാണല്ലോ പ്രധാനമന്ത്രി മോദി ഇസ്‌റഈല്‍ സന്ദര്‍ശിച്ചത്.
തങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ മതവര്‍ഗീയത ഉയര്‍ത്തുകയും കലാപങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്ന നാനാവിധ വിധ്വംസക സംഘടനകളെ സി ഐ എയും മൊസാദുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിവെച്ചിട്ടുണ്ട്. ഉസാമബിന്‍ലാദനെ നിര്‍മിച്ചെടുത്ത സാമ്രാജ്യത്വ തന്ത്രം തന്നെയാണ് ഇപ്പോള്‍ അബൂബക്കര്‍ ബാഗ്ദാദിയെ നിര്‍മ്മിച്ചെടുത്തതും. അല്‍ഖാഇദയുടെ തുടര്‍ച്ചയാണല്ലോ ഐ എസ്. അമേരിക്കയുടെയും ഇസ്‌റഈലിന്റെയും പ്രതിലോമകരമായ വിധ്വംസകസഖ്യത്തിലെ കണ്ണിയാണ് സംഘ്പരിവാര്‍ എന്നതാണ് രാജ്യസ്‌നേഹികളായവര്‍ തിരിച്ചറിയേണ്ടത്. കറാച്ചികേന്ദ്രമായി നിലയുറപ്പിച്ച് ഭീകരവാദ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണല്ലോ അധോലോക നായകനായ ദാവൂദ്ഇബ്രാഹിം. ഇത്തരം രാജ്യദ്രോഹ അധോലോകശക്തികളുമായി സംഘ്പരിവാറിനുള്ള ബന്ധം പലഘട്ടങ്ങളിലായി പുറത്തുവന്നിട്ടുള്ളതാണ്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികള്‍ക്ക് ബി.ജെ.പി എം.പി തന്നെ രക്ഷാസങ്കേതമൊരുക്കിയതും പിന്നീട് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടതും മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. മുംബൈ ടാഡ കോടതി ബി ജെ പി എം പി ബ്രിജുഭൂഷണ്‍ശരണ്‍ദാസിനെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചതോടെയാണല്ലോ അക്കാലത്തെ പാര്‍ലമെന്റ് പാര്‍ടിയുടെ നേതാവ് വാജ്‌പേയ് മുഖം രക്ഷിക്കാനായി ബ്രിജുഭൂഷണെക്കൊണ്ട് എം പിസ്ഥാനം രാജിവെപ്പിക്കുന്നതും പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതും. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദാവൂദിന്റെ അഭീഷ്ടമനുസരിച്ചുതന്നെയാണല്ലോ ബ്രിജുഭൂഷണ്‍ശരണ്‍ദാസിന്റെ ഭാര്യയെ ബി ജെ പി മത്സരിപ്പിച്ചത്.