ഇസിലിന്റെ സൈനിക താവളം ഇറാഖ് കീഴടക്കി

Posted on: July 7, 2017 12:02 am | Last updated: July 6, 2017 at 11:43 pm
SHARE
മൊസൂളില്‍ ഇസില്‍ താവളത്തിന് നേരെ ഇറാഖ് സൈന്യം നടത്തിയ ആക്രമണം

മൊസൂള്‍: ഇസില്‍ തീവ്രവാദികളെ മൊസൂളില്‍ നിന്ന് പൂര്‍ണമായി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി തീവ്രവാദികളുടെ പ്രധാന സൈനിക താവളം ഇറാഖി ഫെഡറല്‍ പോലീസ് കീഴടക്കി. പടിഞ്ഞാറന്‍ മൊസൂളിലെ അല്‍ ബൗസിഫ് ഗ്രാമത്തോട് ചേര്‍ന്ന് കിടക്കുന്ന അബൂ മസൂദ് ക്യാമ്പിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്ന് ഫെഡറല്‍ പോലീസ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ശേഖര്‍ ജവാദത്ത് പറഞ്ഞു. അണ്ടര്‍ ഗ്രൗണ്ട് പരിശീലന കേന്ദ്രമടക്കം ഉള്‍പ്പെട്ടതാണ് സൈനിക ക്യാമ്പ്.

ഈ ക്യാമ്പിനെ കൂടാതെ, ഏതാനും ഇസില്‍ തീവ്രവാദികള്‍ ഒളിച്ച് കഴിയുന്നുവെന്ന് കരുതപ്പെടുന്ന അല്‍ സര്‍ജ്ഖാനാ തെരുവിന്റെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തു. ടൈഗ്രീസ് നദയിലേക്ക് എത്തുന്നത് ഈ തെരുവ് വഴിയാണ്. 15 ഇസില്‍ തീവ്രവാദികള്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടു. മൊസൂളില്‍ പഴയ നഗര മേഖലയില്‍ ബുധനാഴ്ച നടന്ന നടപടിക്കിടെ അറുപത് തീവ്രവാദികളെ വധിച്ചതായും ജവ്ദാത്ത് വ്യക്തമാക്കി. മൊസൂള്‍ പിടിച്ചടക്കിയെന്ന് പറയുമ്പോഴും അല്‍ നുജീഫി, അല്‍ സറായി, ലകാശ്, ബാബ് ജദീദ് മേഖലകളില്‍ നാമമാത്രമായ ഇസില്‍ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് ജവ്ദാത്ത് വ്യക്തമാക്കി.

യു എസ് സൈന്യത്തിന്റെ പിന്തുണയോടെ ഇറാഖീ സംയുക്ത സൈന്യം ഒക്‌ടോബര്‍ മുതല്‍ മൊസൂള്‍ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാഖിലെ ഏറ്റവും പ്രധാനപ്പെട്ട ഇസില്‍ കേന്ദ്രമായിരുന്നു മൊസൂള്‍. ജനുവരിയില്‍ കിഴക്കന്‍ മൊസൂള്‍ പൂര്‍ണമായി തിരിച്ചു പിടിക്കാന്‍ സൈന്യത്തിന് സാധിച്ചു. പടിഞ്ഞാറന്‍ മൊസൂള്‍ ഏറെക്കുറെ പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വന്നിട്ടുണ്ട്.

അതിനിടെ, മൊസൂളിലെ ശേഷിക്കുന്ന ഇസില്‍ സ്വാധീന മേഖലയില്‍ ഇപ്പോഴും 20,000 ഓളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ തീവ്രവാദികള്‍ മനുഷ്യക്കവചമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും യു എന്‍ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. മൊസൂളിലെ പഴയ നഗരത്തിലാണ് സാധാരണക്കാര്‍ കുടുങ്ങിക്കിടിക്കുന്നത്. അതേസമയം, ഇസില്‍ ഭീകരരെ തുരത്തിയ മേഖലയില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here