Connect with us

Gulf

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നവീകരിക്കുന്നു

Published

|

Last Updated

അബുദാബി: അബുദാബി മലയാളികളുടെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സംഗമഭൂമിയായ കേരള സോഷ്യല്‍ സെന്റര്‍ വിപുലമായ സൗകര്യങ്ങളോട് കൂടി നവീകരിക്കുന്നു. യു എ ഇ ഗവണ്‍മെന്റിന്റെ അംഗീകാരത്തോട് കൂടി 1972 മുതല്‍ കേരള ആട്‌സ് സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടന 1984 ലാണ് കേരള സോഷ്യല്‍ സെന്റര്‍ എന്ന പേര് സ്വീകരിച്ചത്.

സെന്ററിന്റെ ഇന്ന് നിലവിലുള്ള ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം 1996 നവംബര്‍ 19ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് നിര്‍വഹിച്ചത്. ഇന്ത്യക്കു വെളിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഏറ്റവും പ്രമുഖ സാംസ്‌കാരിക സംഘടനകളിലൊന്നായ കേരള സോഷ്യല്‍ സെന്റര്‍ അബുദാബിയുടെ ഹൃദയ ഭാഗത്ത് മദീനാ സായിദില്‍ ഒരു സാംസ്‌കാരിക സംഘടനക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടുകൂടിയാണ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നത്.

ആയിരത്തഞ്ഞൂറോളം ആളുകളെ ഉള്‍കൊള്ളുന്ന ഓപ്പണ്‍ ഓഡിറ്റോറിയം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്റ്റേജ്, വിശാലമായ ഓഫീസുകള്‍, പതിനായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയം, മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും ലഭ്യമാകുന്ന വായനശാല, ഗ്രീന്‍ റൂമുകള്‍, 500 പേരെ ഉള്‍കൊള്ളാവുന്ന മിനി ഓഡിറ്റോറിയം എന്നീ സൗകര്യങ്ങളോടെ സുസജ്ജമാണെങ്കിലും പ്രതികൂല കാലാവസ്ഥകളില്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതുകൊണ്ടാണ് അംഗങ്ങളുടേയും പൊതുസമൂഹത്തിന്റേയും ദീഘകാലത്തെ ആവശ്യമായ സെന്ററിനൊരു മേല്‍കൂര എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതെന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത ആലോചനയോഗത്തില്‍ പ്രസിഡന്റ് പി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.

കെട്ടിടപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ ബി മുരളി ചെയര്‍മാനും പി പത്മനാഭന്‍ ജനറല്‍ കണ്‍വീനറും അബുദാബിയിലെ ഗവണ്‍മെന്റ് അംഗീകൃത സംഘടനകളുടെ പ്രസിഡന്റുമാരായ തോമസ് ജോണ്‍ (ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍), പി ബാവഹാജി (ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍), വക്കം ജയലാല്‍ (അബുദാബി മലയാളി സമാജം) എന്നിവര്‍ വൈസ്പ്രസിഡന്റുമാരുമായുള്ള വിപുലമായൊരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
അബുദാബി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായിത്തീര്‍ന്ന കേരള സോഷ്യല്‍ സെന്ററിനു മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന എണ്ണമറ്റ നേട്ടങ്ങളുണ്ടാക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രവാസികളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ഒരു “പ്രവാസികാര്യ വകുപ്പി”ന് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കേരള സോഷ്യല്‍ സെന്റര്‍ വര്‍ഷം തോറും നടത്തിവരുന്ന ജിമ്മി ജോര്‍ജ് സ്മാരക രാജ്യാന്തര വോളിബോള്‍ ടൂര്‍ണമെന്റും കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നാടക മത്സരമെന്ന് വിശേഷിപ്പിക്കാവുന്ന ഭരത് മുരളി നാടകോത്സവവും ഇന്ത്യാ-യു എ ഇ ഗവണ്‍മെന്റ് തലങ്ങളില്‍ വളരെ പ്രശംസ പിടിച്ചു പറ്റിയ ഇന്‍ഡോ അറബ് സാംസ്‌കാരികോത്സവവും ലോക മലയാളികള്‍ക്കിടയില്‍ സെന്ററിന്റെ യശസ് വര്‍ധിപ്പിക്കാന്‍ പര്യാപ്തമായവയായിരുന്നു.

സോഷ്യല്‍സെന്ററിന്റെ നിലവിലെ ആസ്ഥാനമന്ദിരം പുതുക്കിപ്പണിയുന്നതിനെ കുറിച്ച് കൂടിയാലോചിക്കുന്നതിനായി അബുദാബിയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനാ പ്രതിനിധികളുടെ യോഗം സെന്ററില്‍ വിളിച്ചു ചേര്‍ത്തു.

ജനറല്‍ കണ്‍വീനര്‍ പി പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളെ കുറിച്ച് ചെയര്‍മാന്‍ കെ ബി മുരളിയും ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ വി പി കൃഷ്ണകുമാറും വിശദീകരിച്ചു. നിലവിലെ സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രധാന ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര പണിയുക. അതോടൊപ്പം മുകള്‍ നിലയില്‍ വിശാലമായ രണ്ട് റൂമുകള്‍ പണിയുന്നതിനും പദ്ധതിയുണ്ട്. 20 ലക്ഷം ദിര്‍ഹമാണ് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്.
യോഗത്തില്‍ വക്കം ജയലാല്‍ (അബുദാബി മലയാളി സമാജം), സഫറുള്ള പാലപ്പെട്ടി

(ശക്തി തിയറ്റേഴ്‌സ്), ടി എം സലീം (ഫ്രണ്ട്‌സ് എ ഡി എം എസ്), അനില്‍ കുമാര്‍ (യുവകലാ സാഹിതി), ജയപ്രകാശ് (കല അബുദാബി), എം യു ഇര്‍ഷാദ് (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ശാന്തകുമാര്‍ (കൈരളി കള്‍ചറല്‍ ഫോറം), ധനേഷ് കുമാര്‍ (ഫ്രണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്), ഫാറൂഖ് (ഐ എം സി സി), ഇന്ദ്ര തയ്യില്‍ (വടകര എന്‍ ആര്‍ ഐ ഫോറം). ഇടവ സൈഫ്, എ കെ ബീരാന്‍ കുട്ടി, നടരാരാജന്‍, എന്‍ വി മോഹനന്‍, കെ ജി സുകുമാരന്‍, നാസര്‍ ടി എ, കെ വി രാജന്‍, കെ വി ബഷീര്‍, എസ് മണിക്കുട്ടന്‍, കെ ബി ജയന്‍, ബഷീര്‍ ഷംനാദ് സംസാരിച്ചു. ചടങ്ങില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ വിനോദ് സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest