ചരിത്ര നേട്ടം; ഫിഫ റാങ്കിംഗില്‍ ഇന്ത്യ 96ാം സ്ഥാനത്ത്

Posted on: July 6, 2017 3:16 pm | Last updated: July 6, 2017 at 5:38 pm
SHARE

ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യ 96ാം സ്ഥാനത്തെത്തി. 21 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്ക് ആണിത്. 1996 ഫെബ്രുവരിയില്‍ 94ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്ക്. 1993 നവംബറില്‍ 99ഉം ഒക്ടോബറില്‍ നൂറുമായിരുന്നു റാങ്ക്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരുന്ന വിജയപരമ്പരയാണ് റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യയെ സഹായിച്ചത്. രണ്ട് വര്‍ഷത്തിനിടെ 77 റാങ്കുകളാണ് ഇന്ത്യ മുന്നോട്ട് കയറിയത്. ഈ കാലയളവില്‍ കളിച്ച 15 മത്സരങ്ങളില്‍ 13 എണ്ണത്തിലും ഇന്ത്യ ജയം കണ്ടിരുന്നു. അവസാന എട്ട് മത്സരങ്ങളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.

അടുത്തിടെ കംബോഡിയ, മ്യാന്‍മര്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍ ടീമുകളെയാണ് പരാജയപ്പെടുത്തിയത്. 2015 ഫെബ്രുവരിയില്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലകനായി ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യ 171ാം റാങ്കില്‍ ആയിരുന്നു. തൊട്ടടുത്ത മാസം അത് 173ലെത്തി. എന്നാല്‍, കോണ്‍സ്റ്റന്റൈന്‍ പരിശീലക വേഷമണിഞ്ഞ ആദ്യ മത്സരത്തില്‍ നേപ്പാളിനെ 2-0ത്തിന് കീഴടക്കി ഇന്ത്യ മികച്ച തുടക്കമിട്ടു.