2021 വരെ മെസി ബാഴ്‌സയില്‍ തന്നെ

Posted on: July 6, 2017 9:45 am | Last updated: July 6, 2017 at 9:45 am
SHARE

മാഡ്രിഡ്: ബാഴ്‌സലോണയുമായി ലയണല്‍ മെസി പുതിയ കരാറില്‍ ഒപ്പുവെക്കാന്‍ ധാരണയായി. നാല് വര്‍ഷത്തെ കരാറാണ് ബാഴ്‌സ സൂപ്പര്‍ താരത്തിന് നല്‍കുന്നത്. ഇതുപ്രകാരം 2021 വരെ മെസി നൗകാംപ് ക്ലബ്ബില്‍ തുടരും. 2018 ല്‍ കരാര്‍ അവസാനിക്കാനിരിക്കെയാണ് കാറ്റലന്‍ ക്ലബ്ബ് അര്‍ജന്റൈന്‍ ഇതിഹാസ താരത്തിന് ആകര്‍ഷകമായ മറ്റൊരു കരാര്‍ മുന്നോട്ട് വെച്ചത്. വേതനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചരിത്രത്തിലെ മികച്ച ഫുട്‌ബോള്‍ താരം ബാഴ്‌സക്കൊപ്പം തുടര്‍ന്നും യാത്ര ചെയ്യാന്‍ തയ്യാറായിരിക്കുന്നു. ഇതില്‍ അതിയായ സന്തോഷമുണ്ട് – ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.
ബാഴ്‌സക്കായി 583 മത്സരങ്ങളില്‍ നിന്ന് മെസി നേടിയ 507 ഗോളുകള്‍ ക്ലബ്ബ് റെക്കോര്‍ഡാണ്. 2004 ലാണ് മെസി ബാഴ്‌സയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്.

പതിമൂന്നാം വയസില്‍ ബാഴ്‌സയിലെത്തിയ മെസി മുപ്പതാം വയസിലും ലോകഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമായി തുടരുകയാണ്. ബാഴ്‌സലോണയുമായി മെസി എട്ട് തവണയാണ് കരാര്‍ പുതുക്കിയിട്ടുള്ളത്. മറ്റൊരു താരത്തിനും ബാഴ്‌സ ഇത്രയേറെ തവണ കരാര്‍ പുതുക്കി നല്‍കിയിട്ടില്ല.
ബാല്യകാല സഖിയായ അന്റോനെല റൊകുസോയെ കഴിഞ്ഞാഴ്ച വിവാഹം ചെയ്ത മെസി മധുവിധുകാലം ആഘോഷിക്കുകയാണ്.