സിംഗപ്പൂര്‍ ഒഴികെ രാജ്യങ്ങളുടെ സൈബര്‍ സുരക്ഷ പരിതാപകരമെന്ന് യുഎന്‍ സര്‍വേ

സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ 25-ാം സ്ഥാനത്ത്
Posted on: July 5, 2017 7:23 pm | Last updated: July 5, 2017 at 7:23 pm
SHARE

ജനീവ: സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ സിംഗപ്പൂര്‍ ഒഴിച്ചുള്ള മറ്റു രാജ്യങ്ങളുടെ സ്ഥിതി പരിതാപകരമാണെന്ന് യുഎന്‍ സര്‍വേ. യുഎസ് അടക്കം മുന്‍ നിര രാഷ്ട്രങ്ങളെല്ലാം ഇക്കാര്യത്തില്‍ വളരെ പിറകിലാണെന്നും യുഎന്‍ ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ സര്‍വേ വ്യക്തമാക്കുന്നു. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ 25-ാം സ്ഥാനത്താണ്.

സൈബര്‍ സുരക്ഷ സംബന്ധിച്ച് പല രാജ്യങ്ങളും വേണ്ടത്ര ബോധവാന്മാരല്ല. സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ തന്ത്രങ്ങളും പദ്ധതികളും നടപ്പാക്കുന്നതില്‍ വന്‍കിട രാഷ്ട്രങ്ങള്‍ വരെ പിറകിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചെറിയ രാജ്യങ്ങളില്‍ പലതും സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ വന്‍കിട രാഷ്ട്രങ്ങളേക്കാന്‍ ഏറെ മുന്നിലാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

അമേരിക്കയാണ് സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മലേഷ്യ, ഒമാന്‍, എസ്‌തോണിയ, മൗറീഷ്യസ്, ആസ്‌ത്രേലിയ, ജ്യോര്‍ജിയ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ട്. റഷ്യ പതിനൊന്നാം സ്ഥാനത്തും ജര്‍മനി 26ാം സ്ഥാനത്തും ചൈന 34ാം സ്ഥാനത്തുമാണ്.

രാജ്യത്തിന്റെ നിയമ, സാങ്കേതിക, സംഘടനാ സ്ഥാപനങ്ങള്‍, അവയുടെ വിദ്യാഭ്യാസ, ഗവേഷണ കഴിവുകള്‍, വിവരം പങ്കുവയ്ക്കല്‍ നെറ്റ്വര്‍ക്കുകളില്‍ അവരുടെ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.